മുസഫര്‍ നഗര്‍ (യുപി): ബസികലാന്‍ ഗ്രാമത്തില്‍ കരിമ്പുപാടങ്ങള്‍ക്ക് അക്കരെ സൂര്യനസ്തമിക്കാന്‍ ഇനിയും നേരമുണ്ട്. ഗ്രാമത്തെ പകുത്തു നീങ്ങുന്ന ടാറിളകിയ മെലിഞ്ഞ റോഡിന് വീതിയുള്ള ചക്രങ്ങളുമുള്ള പട്ടാളവണ്ടികളെ താങ്ങാനുള്ള ശേഷിയില്ല. ഇത്രയേറെ തോക്കുകള്‍ ആദ്യമായി കാണുന്നതിന്റെ ആധിയുണ്ട് തെരുവില്‍ കളിക്കുന്ന കുട്ടികളുടെ മുഖത്ത്. റോഡരികില്‍ മീസാന്‍ കല്ലുകളില്ലാത്ത ശ്മശാനത്തില്‍ തയ്യാറായ ഏഴ് കുഴികളുടെ ചുറ്റുമുള്ള മണ്ണിന് മുമ്പ് പെയ്ത മഴയുടെ നനവ്. അതിനുചുറ്റും മനുഷ്യര്‍ നിര്‍വികാരതയോടെ നില്‍പ്പുണ്ട്. മഗ്രിബ് നമസ്കാരത്തിന് തയ്യാറെടുത്ത് തൊട്ടടുത്ത പള്ളിയിലേക്ക് പുറപ്പെട്ട വൃദ്ധന്റെ മൊബൈലിലേക്ക് വന്ന ഒരു കോള്‍ പ്രദേശത്തെ കൂടുതല്‍ മൂകമാക്കി. പെട്ടെന്ന് കൂട്ടത്തില്‍ ഉത്സാഹിയായ ചെറുപ്പക്കാരന്‍ കൈക്കോട്ടെടുത്ത് നിലം കുഴിക്കാന്‍ തുടങ്ങി. എട്ടാമത്തെ ഖബര്‍ അവിടെ ഒരുങ്ങി. പരിക്കേറ്റ് മുസഫര്‍ നഗര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള് മരിച്ച വിവരമാണ് ഒടുവില്‍ വന്നത്.
ബസികലാനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കുട്ബ ഗ്രാമത്തില്‍ കൊല്ലപ്പെട്ടവര്‍ക്കാണ് ഇന്നാട്ടുകാര്‍ അന്ത്യവിശ്രമത്തിനുള്ള കുഴിമാടങ്ങളൊരുക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ബസി കലാന്‍കാരുടെ ബന്ധുക്കളുണ്ട്. കുട്ബ ഗ്രാമത്തിലെ മുസ്ലിങ്ങള്‍ക്ക് ഒന്നടങ്കം പള്ളിയില്‍ അഭയം നല്‍കിയ ഈ ഗ്രാമവാസികള്‍ക്ക് ഒരു പ്രാര്‍ഥന മാത്രമേ ഇനിയുള്ളൂ. കാണാതായ കുട്ബക്കാര്‍ക്കായി ഖബര്‍ കുഴിക്കേണ്ടിവരരുതേ എന്ന്. വര്‍ഗീയലഹളയില്‍ നാല്‍പ്പതോളം പേര്‍ കൊല്ലപ്പെട്ട പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍ നഗറിലെ പല ഗ്രാമങ്ങളിലൊന്നാണ് ബസികലാന്‍. അഭയാര്‍ഥികളുടെ ദുരിതം ഇവിടെ തൊട്ടറിയാം. മുസഫര്‍ നഗറില്‍നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ താണ്ടണം ഇവിടെയെത്താന്‍. ഇവിടത്തെ ജുമാമസ്ജിദിലെ രണ്ടു ഹാള്‍ മുഴുവന്‍ കുട്ബയിലെ അഭയാര്‍ഥികളാണ്. മക്കളും അമ്മമാരും നഷ്ടപ്പെട്ടവരുണ്ടവിടെ. അടുത്താഴ്ചത്തേക്ക് തീരുമാനിച്ച മകളുടെ കല്യാണത്തിനായി സ്വരുക്കൂട്ടിവച്ചതെല്ലാം നഷ്ടപ്പെട്ട ഒരു സ്ത്രീ സമനില നഷ്ടപ്പെട്ട് എന്തൊക്കെയോ പുലമ്പുന്നുണ്ട്.
കുട്ബയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. 25 പേരെയെങ്കിലും ഇവിടെനിന്ന് കാണാതായിട്ടുണ്ട്. ചില ജഡങ്ങള്‍ സമീപത്തെ നദിയില്‍നിന്ന് കണ്ടെത്തിയതോടെ ബസികലാനിലെ കുട്ബ അഭയാര്‍ഥികള്‍ ഭീതിയിലാണ്. ബസികലാനിലെ അഭയാര്‍ഥികേന്ദ്രത്തില്‍നിന്ന് ജന്മനാടായ കുട്ബയിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷ ഇവര്‍ക്കില്ല. ജാട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് കുട്ബയും അതിനോട് ചേര്‍ന്നുള്ള കുട്ബിയും. തങ്ങള്‍ മുസ്ലിങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് ഗ്രാമവാസികള്‍ ആണയിടുന്നു. കുടുംബാംഗങ്ങള്‍ അഭയം തേടിപ്പോയിട്ടും തങ്ങളുടെ സംരക്ഷണയില്‍ കഴിയുന്ന മുസ്ലിം വൃദ്ധയെ അവര്‍ അഭിമാനത്തോടെ കാണിച്ചുതന്നു. പുറത്തുനിന്നവര്‍ വന്ന് എന്തെങ്കിലും ചെയ്തിട്ടുണ്ടാകാം എന്നാണ് കുട്ബക്കാരുടെ അവകാശവാദം. ഒന്നിനും ഉത്തരവാദികള്‍ തങ്ങളല്ലെന്നും അവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന തെരുവിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും തകര്‍ക്കപ്പെട്ട പള്ളിയും അവര്‍ കാണിച്ചുതന്നു,
(എന്‍ എസ് സജിത്)
ബിജെപി നേതാവ് ഒളിവില്‍ത്തന്നെ; 4 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ്
മുസഫര്‍ നഗര്‍ (യുപി): പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍ നഗറിനെയും സമീപ ജില്ലകളെയും പിടിച്ചുലച്ച വര്‍ഗീയകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. നേരത്തെ കാണാതായ രണ്ടു പേരുടെ മൃതദേഹംകൂടി കണ്ടെടുത്തതോടെയാണ് ഇത്. ഒരു ദിവസത്തിനുള്ളില്‍ അനിഷ്ടസംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പല ഗ്രാമങ്ങളില്‍നിന്നായി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിരവധിപേരെ കാണാതായിട്ടുണ്ട്. ഇവര്‍ മറ്റിടങ്ങളില്‍ അഭയം തേടിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. അതിനിടെ കര്‍ഫ്യൂവില്‍ ബുധനാഴ്ച ഉച്ചയ്ക്കുമുതല്‍ നാലു മണിക്കൂര്‍ ഇളവ് നല്‍കി. നാലുദിവസമായി ശൂന്യമായ തെരുവുകളും കടകളും കര്‍ഫ്യൂ ഇളവ് ചെയ്തതോടെ വീണ്ടും സജീവമായി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ നാട്ടുകാരുടെ തിക്കും തിരക്കുമായിരുന്നു. ശനിയാഴ്ചമുതലാണ് ജില്ലയില്‍ നിശാനിയമം പ്രഖ്യാപിച്ചത്. പൊലീസും അര്‍ധസേനയും സൈന്യവും നിരീക്ഷണം തുടരുകയാണ്.
മുസഫര്‍ നഗറിന്റെയും സംസ്ഥാനത്തിന്റെയും സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. എന്നാല്‍, വര്‍ഗീയവികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ച കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എ സംഗീത് സോം ഒളിവില്‍ തുടരുകയാണ്്. ജാട്ടുവിഭാഗക്കാരുടെ മഹാപഞ്ചായത്തില്‍ പ്രകോപനപരമായ സിഡി വിതരണംചെയ്ത ഇയാള്‍ക്കെതിരെ ശനിയാഴ്ചയാണ് കേസ് എടുത്തത്. ഉത്തര്‍പ്രദേശില്‍ നരേന്ദ്രമോഡിയുടെ ഗുജറാത്ത് മാതൃക പ്രയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഭരണകക്ഷിയായ സമാജ്വാദി പാര്‍ടി പറഞ്ഞു. യുപിയില്‍ ദുര്‍ബലമായ ബിജെപി സംസ്ഥാനത്തെ വര്‍ഗീയവല്‍ക്കരിക്കാനും മുസ്ലിം വോട്ട് ഭിന്നിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് എസ്പി നേതാവ് അബു അസിം ആസ്മി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കുവന്ന പിഴവാണ് കലാപത്തിന് കാരണമെന്നും അഖിലേഷ് യാദവ് സര്‍ക്കാര്‍ രണ്ടുദിവസത്തിനകം കലാപം അടിച്ചമര്‍ത്തിയെന്നും എസ്പി ജനറല്‍ സെക്രട്ടറി നരേഷ് അഗര്‍വാള്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment