Friday, August 5, 2011

ഷീലാ ദീക്ഷിതും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും: വ്യവസ്ഥിതിയുടെ ഉല്‍പ്പന്നം

അഴിമതിയുടെ അഗാഥമായ ചതുപ്പുനിലത്ത് മുങ്ങിത്താഴുന്ന കോണ്‍ഗ്രസിന്റെയും യു പി എ ഗവണ്‍മെന്റിന്റെയും ഏറ്റവും അവസാനത്തെ ചിത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനത്തില്‍ തന്നെ ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഡല്‍ഹി സര്‍ക്കാരിലെ മറ്റു മന്ത്രിമാരും ഉള്‍പ്പെട്ട ക്രമക്കേടുകള്‍ വഴി നൂറു കണക്കിനു കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായതായാണ് സി എ ജി ചൂണ്ടിക്കാട്ടുന്നത്.

പൊതുമരാമത്ത് വകുപ്പ് അയോഗ്യത കല്‍പിച്ച കരാറുകാര്‍ക്ക് മുഖ്യമന്ത്രി നേരിട്ടിടപെട്ട് കരാര്‍ നല്‍കുക വഴി കോടികളുടെ നഷ്ടം സംഭവിച്ചതായി സി എ ജി ചൂണ്ടിക്കാട്ടുന്നു. തെരുവുകള്‍ മോടിപിടിപ്പിക്കുന്നതിന് അധികമായി പാഴാക്കിയത് മാത്രം നൂറു കോടിയില്‍ കവിയും. ഷീലാ ദീക്ഷിത് സ്വയം ന്യായീകരിക്കാനും നിരപരാധിത്വം തെളിയിക്കാനും കുറ്റം മറ്റുള്ളവരുടെമേല്‍ കെട്ടി ഏല്‍പ്പിക്കാനും നടത്തുന്ന ശ്രമങ്ങളെല്ലാം തന്നെ ദുര്‍ബലമാണ്. കോണ്‍ഗ്രസ് പ്രസിഡന്റും ദേശീയ ഉപദേശകസമിതി അധ്യക്ഷയുമായ സോണിയാ ഗാന്ധിയുമായി ഷീലാ ദീക്ഷിതിനുള്ള കുടുംബപരവും രാഷ്ട്രീയവുമായുള്ള ഉറ്റബന്ധം കോണ്‍ഗ്രസിനെയും യു പി എ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നികുതിദായകരുടെ കോടാനുകോടി രൂപ കൊള്ളയടിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവിയും കോമണ്‍വെല്‍ത്ത് സംഘാടകസമിതി അധ്യക്ഷനുമായിരുന്ന സുരേഷ് കല്‍മാഡിയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തുകൊടുത്തിരുന്നുവെന്ന സി എ ജിയുടെ കണ്ടെത്തലിനു പിന്നാലെയാണ് പത്ത് ജനപഥിലേയ്ക്കും നീണ്ടേക്കാവുന്ന പുതിയ റിപ്പോര്‍ട്ട്.

തെരുവുവിളക്കുകളുടെ നവീകരണത്തിനുവേണ്ടി പൊതു ഖജനാവില്‍ നിന്നു ചിലവഴിച്ച കോടികളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഡല്‍ഹിയില്‍ ഏതാണ്ട് 800 കിലോമീറ്റര്‍ റോഡില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ചിലവഴിച്ചത് 286 കോടി രൂപ. പൊതുമരാമത്ത് വകുപ്പ് അയോഗ്യത കല്‍പിച്ച 'സ്‌പേസ് ഏജ്' കമ്പനിക്കാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കരാര്‍ ഉറപ്പിച്ചത്. 25000 മുതല്‍ 32000 രൂപ വരെയാണ് ഓരോ വിളക്കിനും ഈടാക്കിയത്. എന്നാല്‍ സൗദിഅറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത വിളക്കുകള്‍ക്ക് യഥാര്‍ഥത്തില്‍ നല്‍കിയത് കേവലം 5000 രൂപ മാത്രമാണെന്ന് സി എ ജി കണ്ടെത്തിയിട്ടുണ്ട്.

റോഡുകളുടെയും തെരുവുകളുടെയും സൗന്ദര്യവല്‍ക്കരണത്തിന് നടപ്പാക്കിയ പദ്ധതികള്‍ 'വിശാലവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ യാതൊരു കാഴ്ചപ്പാടും ആസൂത്രണവും കൂടാതെയാണെന്ന്'' സി എ ജി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ''നഗരത്തിന്റെ വികസനത്തിനും രൂപകല്‍പനയ്ക്കും വിഘാതമാവുംവിധമാണ് അവ നടപ്പാക്കിയതെന്നും സി എ ജി കണ്ടെത്തി. കിലോമീറ്റര്‍ ഒന്നിന് 4.8 കോടി രൂപ നിരക്കില്‍ മുന്‍കരുതലേതും കൂടാതെ താല്‍ക്കാലിക ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് നടപ്പാക്കിയ പദ്ധതി ഖജനാവിനു നഷ്ടമാക്കിയത് 101.02 കോടി രൂപയാണ്. ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി വിലകൂടിയതും ആഢംബരപൂര്‍ണവുമായ വസ്തുക്കളുടെ ഉപയോഗം മറ്റൊരു 51.33 കോടിയുടെ നഷ്ടം വരുത്തിവച്ചു.

ഗെയിംസിനോടനുബന്ധമായി നടപ്പാക്കിയ 25 റോഡ്-പാലം പദ്ധതികളില്‍ ഏഴെണ്ണം പരിശോധിച്ചപ്പോള്‍ തന്നെ കേന്ദ്ര പൊതുമരാമത്ത് അനുവദിക്കുന്ന 15 ശതമാനം കൂടിയ തുക എന്നതിനു പകരം 37.5 ശതമാനം വര്‍ധന കരാറുകാര്‍ക്ക് അനുവദിച്ചതായി കണ്ടെത്തി. പദ്ധതിക്ക് അനുവദിച്ച 352.47 കോടിയെക്കാള്‍ എത്രയോ ഉയര്‍ന്ന തുക കരാറുകാര്‍ക്ക് കൈക്കലാക്കാന്‍ ഡല്‍ഹി ഗവണ്മെന്റ് ഒത്താശ ചെയ്തു. ഗെയിംസിന്റെ കാലത്ത് പണിപൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കണാട്ട്‌പ്ലേസിന്റെ നവീകരണത്തിനു വകയിരുത്തിയ 76 കോടിക്കു പകരം ഒമ്പതിരട്ടി തുക, 671 കോടി ചിലവഴിച്ചു. അങ്ങിനെ പോകുന്നു കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയുടെ പുതിയ അധ്യായം. പ്രധാനമന്ത്രി നിയോഗിച്ച ഷുംഗ്‌ളു കമ്മിറ്റിയും പദ്ധതി നിര്‍വഹണത്തിലെ കാലതാമസത്തിനും കെടുകാര്യസ്ഥതയും മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുത്തിയിരുന്നു.

സുരേഷ് കല്‍മാഡിക്കും എ രാജക്കും കനിമൊഴിക്കും പിന്നാലെ മറ്റൊരു രാഷ്ട്രീയ പ്രമുഖക്കുകൂടി തിഹാറില്‍ ഇടംകിട്ടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തിന്റെയും അവര്‍ നിയന്ത്രിക്കുന്ന യു പി എ സര്‍ക്കാരിന്റെയും പിന്‍ബലത്തില്‍ ഒരുപക്ഷെ രക്ഷപ്പെടാന്‍ ഷീലാ ദീക്ഷിത് ശ്രമിച്ചേക്കാം. എന്നാല്‍ അഴിമതിയുടെ ആഴമേറിയ കളങ്കത്തില്‍ നിന്നും അതിന്റെ ധാര്‍മികവും ഭൗതികവുമായ ഉത്തരവാദിത്വത്തില്‍ നിന്നും സോണിയാ ഗാന്ധിക്കോ മന്‍മോഹന്‍സിംഗിനോ രക്ഷപ്പെടാനാവില്ല.

കായികമാമാങ്കങ്ങളുടെ നടത്തിപ്പില്‍ നടന്നുവരുന്ന അഴിമതികള്‍ രാജ്യത്തിന് ഒട്ടും പുതുമയുള്ള വിഷയമേ അല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. കായികസംരംഭങ്ങളുടെ നടത്തിപ്പില്‍ കായികതാരങ്ങളും നടത്തിപ്പുകാരും പ്രത്യേകിച്ച് അതില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കളും നടത്തിവന്നിട്ടുള്ള അഴിമതികളും ക്രമക്കേടുകളും കുംഭകോണങ്ങളും കാലപ്പഴക്കം ചെന്നതും അന്ത്യമില്ലാത്തതുമായ തുടര്‍ക്കഥകളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അടക്കമുള്ള കായികസംരംഭങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള അഴിമതിക്കഥകള്‍ മഞ്ഞുമലകളുടെ ശിഖിരങ്ങള്‍ മാത്രമാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയാകര്‍ഷിച്ച സംരംഭങ്ങള്‍ എന്നതിലേക്ക് അവയ്ക്ക് വന്‍ പ്രചാരം ലഭിച്ചു. അതിലുള്‍പ്പെട്ട ഭീമമായ തുകകളും രാജ്യത്തിന്റെ അന്തസ്സിനേറ്റ ക്ഷതവും അവയെ പകല്‍വെളിച്ചത്തില്‍ കൊണ്ടുവരാന്‍ സഹായിച്ചുവെന്നു മാത്രം. തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ തുടരുന്ന കര്‍ഷക ആത്മഹത്യകളും കാര്‍ഷിക-ഭക്ഷ്യ പ്രതിസന്ധിയും നടക്കുന്ന ഒരു രാജ്യത്തിന്റെ കൃഷിമന്ത്രി ശരദ്പവാറും സംഘവും അഭിരമിക്കുന്നത് പണക്കൊഴുപ്പിന്റെയും ദൂര്‍ത്തിന്റെയും അഴിമതിയുടെയും വാതുവെയ്പ്പിന്റെയും കായികവിനോദമായി മാറിയ ക്രിക്കറ്റിന്റെ തലപ്പത്താണെന്നത് ആരിലും ഉല്‍ക്കണ്ഡ ജനിപ്പിക്കുന്നില്ലെന്നത് രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദുര്യോഗം എന്നു മാത്രം വിലപിക്കുക.

പ്രശ്‌നം കായികലോകത്തിന്റേതല്ല. അഴിമതിയും കുംഭകോണങ്ങളും മറ്റെല്ലാ അസാന്‍മാര്‍ഗികതകളും വ്യവസ്ഥിതിയുടെ ഉപോല്‍പന്നം മാത്രമാണ്. അഴിമതികളെയും അഴിമതിക്കാരെയും മഹത്വവല്‍ക്കരിക്കുകയും സമൂഹത്തിന്റെ മുന്നില്‍ അവരെ ആരാധനാമൂര്‍ത്തികളാക്കി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സാമ്പത്തിക അന്തരീക്ഷമാണ്

ഉദാരവല്‍ക്കരണത്തിന്റെ ഈ കാലഘട്ടം നമുക്ക് പ്രദാനം ചെയ്യുന്നത്. അഴിമതിക്കെതിരെ ഗാന്ധിജിയുടെയും യോഗയുടെയും വെള്ളിവെളിച്ചത്തില്‍ സമരാഭാസപരമ്പര തീര്‍ക്കുന്നവര്‍ രോഗത്തിനുള്ള ചികിത്സയല്ല നിര്‍ദേശിക്കുന്നത്. രോഗലക്ഷണങ്ങളെ തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ കോണ്‍ഗ്രസും യു പി എയും പ്രതിപക്ഷ ബി ജെ പിയും എന്‍ ഡി എയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക സംവിധാനത്തെയും കാഴ്ചപ്പാടിനെയും സംരക്ഷിക്കാന്‍ ഏതാനും സുരേഷ് കല്‍മാഡിമാരെയോ രാജ-കനിമൊഴിമാരെയോ ആവശ്യമെങ്കില്‍ ഷീലാ ദീക്ഷിതിനെ തന്നെയും ബലിനല്‍കാന്‍ തയ്യാറായേക്കും. വിശാല ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയത്തിനും കാഴ്ചപ്പാടിനും മാത്രമെ അഴിമതികളുടെ വേരറുക്കാനാവു എന്നത് സംഭവവികാസങ്ങള്‍ ഒന്നൊന്നായി തെളിയിക്കുന്നു.

janayugom 050811

1 comment:

  1. അഴിമതിയുടെ അഗാഥമായ ചതുപ്പുനിലത്ത് മുങ്ങിത്താഴുന്ന കോണ്‍ഗ്രസിന്റെയും യു പി എ ഗവണ്‍മെന്റിന്റെയും ഏറ്റവും അവസാനത്തെ ചിത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനത്തില്‍ തന്നെ ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഡല്‍ഹി സര്‍ക്കാരിലെ മറ്റു മന്ത്രിമാരും ഉള്‍പ്പെട്ട ക്രമക്കേടുകള്‍ വഴി നൂറു കണക്കിനു കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായതായാണ് സി എ ജി ചൂണ്ടിക്കാട്ടുന്നത്.

    ReplyDelete