Monday, March 28, 2011

ഗെയിംസ് വില്ലേജ് നിര്‍മാണത്തില്‍ മാത്രം 300 കോടി നഷ്ടം

 കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസിക്കുന്നതിന് യമുനാതീരത്ത് സ്ഥാപിച്ച ഗെയിംസ് വില്ലേജിന്റെ നിര്‍മാണത്തില്‍ മാത്രം 300 കോടിയുടെ നഷ്ടം ഉണ്ടായതായി പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ളു സമിതി കണ്ടെത്തി. വില്ലേജിന്റെ നിര്‍മാണം ഏറ്റെടുത്ത വന്‍കിട റിയല്‍ എസ്റേറ്റ് ഗ്രൂപ്പായ എമ്മാര്‍ എംജിഎഫ് 134 കോടി മുതല്‍ 220 കോടിയുടെ വരെ ലാഭം കൊയ്തിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടു വ്യക്തമാക്കി. നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റുമാരായി നിയോഗിച്ച പ്രൈസ്വാട്ടര്‍ ഹൌസ്കൂപ്പേഴ്സിന്റെ പ്രവര്‍ത്തനത്തെയും റിപ്പോര്‍ട്ടില്‍ ചോദ്യംചെയ്യുന്നു. ഡല്‍ഹിയില്‍ അക്ഷര്‍ധാം ക്ഷേത്രത്തിനുസമീപം യമുനാതീരത്ത് ഗെയിംസ് വില്ലേജ് നിര്‍മിക്കാനെടുത്ത തീരുമാനംതന്നെ ശരിയായിരുന്നില്ലെന്ന് ഷുങ്ളു സമിതി പറഞ്ഞു. ഉചിതമായ സ്ഥലത്തല്ല വില്ലേജ് നിര്‍മിച്ചത്. അടിസ്ഥാനസൌകര്യങ്ങളുണ്ടായിരുന്നില്ല. ഈ സ്ഥലം തെരഞ്ഞെടുത്തത് കൊണ്ടുമാത്രം 630 കോടി രൂപ ചെലവില്‍ ബാരാപുള്ള നള്ളാ ഫ്ളൈഓവര്‍ നിര്‍മിക്കേണ്ടി വന്നു. തികച്ചും അനാവശ്യമായ മറ്റു ഒട്ടേറെ ചെലവുകള്‍ക്കും ഗെയിംസ് വില്ലേജ് നിര്‍മാണം വഴിവച്ചു. വില്ലേജ് എവിടെയാണ് നിര്‍മിക്കാനുദ്ദേശിക്കുന്നതെന്ന് കേന്ദ്ര മന്ത്രിസഭയെ പോലും അറിയിച്ചിരുന്നില്ല.

പൊതു-സ്വകാര്യ പങ്കാളിത്തപദ്ധതിയായി വില്ലേജ് നിര്‍മിക്കുന്നതിന് ഡല്‍ഹി വികസന അതോറിറ്റി തെരഞ്ഞെടുത്ത സ്ഥാപനം കടമ നിര്‍വഹിക്കുന്നതില്‍ പൂര്‍ണ പരാജയമായി. നിര്‍മാണത്തില്‍ നഷ്ടം സംഭവിക്കുമെന്ന പേരില്‍ കരാറുകാരായ എമ്മാര്‍ ഗ്രൂപ്പിന് ധനസഹായം നല്‍കാനുള്ള തീരുമാനവും സംശയകരമാണ്. വസ്തുതകള്‍ തെറ്റായി അവതരിപ്പിച്ചതിന് എമ്മാര്‍ ഗ്രൂപ്പിനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ലഫ്റ്റനന്റ് ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന തുടങ്ങിയവരാണ് ഗെയിംസ് നടത്തിപ്പില്‍ സംഭവിച്ച വന്‍നഷ്ടത്തിന് മുഖ്യഉത്തരവാദികളെന്ന് ഷുങ്ളു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസമാണ് കോടികളുടെ നഷ്ടത്തിന് വഴിവച്ചത്. മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് നഷ്ടത്തിന് മുഖ്യകാരണമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ദേശാഭിമാനി 280311

2 comments:

  1. കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസിക്കുന്നതിന് യമുനാതീരത്ത് സ്ഥാപിച്ച ഗെയിംസ് വില്ലേജിന്റെ നിര്‍മാണത്തില്‍ മാത്രം 300 കോടിയുടെ നഷ്ടം ഉണ്ടായതായി പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ളു സമിതി കണ്ടെത്തി. വില്ലേജിന്റെ നിര്‍മാണം ഏറ്റെടുത്ത വന്‍കിട റിയല്‍ എസ്റേറ്റ് ഗ്രൂപ്പായ എമ്മാര്‍ എംജിഎഫ് 134 കോടി മുതല്‍ 220 കോടിയുടെ വരെ ലാഭം കൊയ്തിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടു വ്യക്തമാക്കി. നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റുമാരായി നിയോഗിച്ച പ്രൈസ്വാട്ടര്‍ ഹൌസ്കൂപ്പേഴ്സിന്റെ പ്രവര്‍ത്തനത്തെയും റിപ്പോര്‍ട്ടില്‍ ചോദ്യംചെയ്യുന്നു.

    ReplyDelete
  2. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി അന്വേഷിച്ച ഷുങ്ളു കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനുള്ള മറുപടിക്ക് ഡല്‍ഹി സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഷുങ്ളു കമ്മിറ്റിയുടെ കണ്ടെത്തലുകളെ തള്ളിക്കളയുന്നതാണ് മറുപടി. രണ്ടു മൂന്നു ദിവസത്തിനകം ഇത് ആഭ്യന്തരമന്ത്രാലയത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി ഷീലാദീക്ഷിത് പറഞ്ഞു. ഗെയിംസിലെ ക്രമക്കേട് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ളു കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഡല്‍ഹി സര്‍ക്കാരിനൊപ്പം ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനെയും മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫ് ഡല്‍ഹിയെയും ശക്തമായി കുറ്റപ്പെടുത്തിയിരുന്നു. കോര്‍പറേഷനുകളുടെ പ്രതികരണവും സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്കൊപ്പം സമര്‍പ്പിക്കുമെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കി. കഴിഞ്ഞമാസമാണ് ഷുങ്ളു കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് അയച്ചത്.

    ReplyDelete