Wednesday, August 3, 2011

കല്‍മാഡിയെ കോണ്‍ഗ്രസ് കയ്യൊഴിയുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ അഴിക്കകത്തായ സുരേഷ് കല്‍മാഡിയെ കോണ്‍ഗ്രസ് കയ്യൊഴിയുന്നു. കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനാക്കിയത് എന്‍ ഡി എ സര്‍ക്കാര്‍ ആണെന്ന ന്യായീകരണവുമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കല്‍മാഡിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കല്‍മാഡിയെ നിയോഗിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വാജ്‌പേയി ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി കൈകഴുകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഒരു ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികളെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ കഥകള്‍ പുറത്തുവന്നത്. സി എ ജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കാന്‍പോകുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് കല്‍മാഡിയുടെ നിയമനത്തില്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്ന് പരസ്യമായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുവെന്ന വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് ലോകസഭയില്‍ പ്രതിരോധത്തിനായി കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ ശ്രമിച്ചത്. കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനാക്കിയത് 2003 മെയില്‍ വാജ്‌പേയിയുടെ കാലത്താണെന്ന ന്യായീകരണമാണ് അജയ് മാക്കന്‍ നല്‍കിയത്. 2004-ലാണ് ആദ്യ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും കല്‍മാഡിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഒന്നും അറിയില്ലായിരുന്നുവെന്നുമാണ് മാക്കന്റെ വിശദീകരണം. കല്‍മാഡിക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനാകാനുള്ള തരത്തില്‍ നിയമാവലിയില്‍ ഭേദഗതി വരുത്തിയത് എന്‍ ഡി എ സര്‍ക്കാരെന്ന് മാക്കന്‍ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലവനായിരുന്ന സുരേഷ് കല്‍മാഡിക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിയമങ്ങളനുസരിച്ച് സംഘാടക സമിതിയുടെ ഉപാധ്യക്ഷന്‍ ആകാനെ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഡല്‍ഹി ഗെയിംസിന്റെ ഔദ്യോഗിക ബിഡ് സമര്‍പ്പിക്കുന്നതിന് മുന്‍പ് എന്‍ ഡി എ സര്‍ക്കാര്‍ കല്‍മാഡിയെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ ഗെയിംസിന് വേദിയൊരുക്കേണ്ട നഗരവും സംസ്ഥാനവും ആണ് ബിഡ് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഡല്‍ഹി ഗെയിംസില്‍ അത് സംഘാടക സമിതിയുടെ ചുമതലയാക്കിമാറ്റി കേന്ദ്രത്തിന്റെ കയ്യിലേയ്ക്ക് അധികാരം കൊണ്ടുവന്നത് 2003നും 2004നും ഇടയിലാണ്. കല്‍മാഡിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന്റെ തന്നെ രണ്ട് കായിക മന്ത്രിമാര്‍ പ്രധാന മന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. 2004 നവംബര്‍ 14ന് കല്‍മാഡി ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തലവനാകുന്നതില്‍ അന്നത്തെ കായിക മന്ത്രി സുനില്‍ ദത്ത് പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് 1982-ലെ ഗെയിംസിന്റെ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി കല്‍മാഡിയ്ക്ക് അനുകൂലമായ നടപടിയാണ് സ്വീകരിച്ചത്. 2007-ല്‍ ഗെയിംസിന്റെ ഒരുക്കങ്ങളില്‍ വ്യാപക അഴിമതി നടകുന്നതായി സൂചനയുണ്ടെന്ന് അന്നത്തെ കായിക മന്ത്രി മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായ പുല്ലോക്ക് ചാറ്റര്‍ജിയെ ധരിപ്പിച്ചിരുന്നു. തൊട്ടടുത്ത കേന്ദ്ര കാബിനറ്റില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് അയ്യര്‍ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി വഴങ്ങിയില്ല. സി എ ജിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് പ്രതികൂലമാകുമെന്ന് കണ്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിരോധ ശ്രമങ്ങള്‍ മുന്‍ കായികമന്ത്രിമാരുടെ നിലപാടിനെ കണ്ടില്ല എന്ന് നടിക്കുന്ന തരത്തിലാണ്.

janayugom 030811

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ അഴിക്കകത്തായ സുരേഷ് കല്‍മാഡിയെ കോണ്‍ഗ്രസ് കയ്യൊഴിയുന്നു. കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനാക്കിയത് എന്‍ ഡി എ സര്‍ക്കാര്‍ ആണെന്ന ന്യായീകരണവുമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കല്‍മാഡിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കല്‍മാഡിയെ നിയോഗിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വാജ്‌പേയി ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി കൈകഴുകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

    ReplyDelete