Friday, February 3, 2012

2ജി, കെജി, ഗെയിംസ് , ആദര്‍ശ്, കല്‍ക്കരി, എസ് ബാന്‍ഡ്...

ലോകത്തെ അഴിമതിഗ്രസ്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിച്ചതിന്റെ ഖ്യാതി കോണ്‍ഗ്രസിന് അവകാശപ്പെടാം. 2ജിക്കൊപ്പം ആദര്‍ശ്, കോമണ്‍വെല്‍ത്ത്, കൃഷ്ണ-ഗോദാവരി(കെജി) തട വാതക ഖനനം, കല്‍ക്കരി ഖനനം, എസ് ബാന്‍ഡ് എന്നിങ്ങനെ യുപിഎ ഭരണകാലത്ത് അരങ്ങേറിയ വമ്പന്‍ അഴിമതികളുടെ പട്ടിക നീളുന്നു.

ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ നിര്‍ണായക വകുപ്പുകളില്‍ താല്‍പ്പര്യപ്പെട്ടവരെ വാഴിച്ചതിനു പിന്നില്‍ കോര്‍പറേറ്റ് ലോബിയിങ്ങായിരുന്നു. 2ജി കുംഭകോണവും അനുബന്ധമായി പുറത്തായ നിരാ റാഡിയ ടേപ്പും ഇത് വ്യക്തമാക്കിയിരുന്നു. നവഉദാര സാമ്പത്തികനയങ്ങളുടെ മുഖ്യസംഭാവനയായ കോര്‍പറേറ്റ് അഴിമതിയുടെ മാതൃകാ ഉദാഹരണമായി സ്പെക്ട്രം ഇടപാട്. സ്പെക്ട്രം വില്‍പ്പനനടപടി പരിശോധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) തയ്യാറാക്കിയ അന്തിമറിപ്പോര്‍ട്ടിലെ കണക്കു പ്രകാരം ഈ ഇടപാടില്‍ ഖജനാവിന് നഷ്ടം 1,76,645 കോടി. പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കളമൊരുങ്ങിയത് എന്നത്അദ്ദേഹം രാജയ്ക്ക് അയച്ച കത്തുകളില്‍ വ്യക്തം.

അന്താരാഷ്ട്രതലത്തില്‍ എക്കാലത്തേക്കും ഇന്ത്യക്ക് കളങ്കമുണ്ടാക്കിയതാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി. 70,000 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. ഗെയിംസ് സംഘാടകസമിതി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി ജയിലിലായെങ്കിലും സിബിഐയുടെ ഇടപെടലിലൂടെ ജാമ്യം ലഭിച്ചു. വെട്ടിപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും പങ്കുണ്ടെന്ന് ഷുംഗ്ളു കമ്മിറ്റിയും സിഎജിയും വ്യക്തമാക്കിയിരുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശവപ്പെട്ടി വാങ്ങിയാണ് ബിജെപി സര്‍ക്കാര്‍ അഴിമതി നടത്തിയതെങ്കില്‍ രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങള്‍ക്ക് മുംബൈയിലെ കൊളാബയില്‍ ഫ്ളാറ്റ് പണിതതിലാണ് കോണ്‍ഗ്രസ് നേതൃത്വം വെട്ടിപ്പ് നടത്തിയത്. ബന്ധുക്കള്‍ക്കും മറ്റും ഫ്ളാറ്റ് മറിച്ചുകൊടുത്തവരില്‍ രാഷ്ട്രീയത്തിലെയും സൈന്യത്തിലെയും പ്രമുഖര്‍ . സിബിഐ അന്വേഷണം വന്നതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് സ്ഥാനമൊഴിയേണ്ടിവന്നു.

കോര്‍പറേറ്റുകളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉല്‍പ്പന്നമാണ് കൃഷ്ണ ഗോദാവരി തട വാതക അഴിമതി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ചുളുവിലയ്ക്ക് പാചകവാതകം കുഴിച്ചെടുക്കാനുള്ള അനുമതി നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ സിഎജി തീരുമാനം പുനഃപരിശോധിക്കണമെന്ന് പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

 പൊതുമുതല്‍ കട്ടുതിന്നാന്‍ കോര്‍പറേറ്റുകള്‍ക്ക് വാതില്‍ തുറന്നുകൊടുത്ത യുപിഎ സമാനമായ രീതിയിലാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിന് നല്‍കിയത്. 85,000 കോടി രൂപയുടെ അഴിമതിയാണ് കല്‍ക്കരി ഇടപാടില്‍ നടന്നത്. നടപ്പാക്കിയിരുന്നെങ്കില്‍ രണ്ട് ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായേനെ എന്ന് സിഎജി കണക്കാക്കിയ എസ് ബാന്‍ഡ് ഇടപാടും ഈ പട്ടികയില്‍ വരുന്നു. കരാര്‍ റദ്ദാക്കിയെങ്കിലും എസ് ബാന്‍ഡ് ഇടപാടിന്റെ കളങ്കം സര്‍ക്കാരിന് കഴുകിക്കളയാന്‍ ആവില്ല.

deshabhimani 030212

2 comments:

  1. ലോകത്തെ അഴിമതിഗ്രസ്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിച്ചതിന്റെ ഖ്യാതി കോണ്‍ഗ്രസിന് അവകാശപ്പെടാം. 2ജിക്കൊപ്പം ആദര്‍ശ്, കോമണ്‍വെല്‍ത്ത്, കൃഷ്ണ-ഗോദാവരി(കെജി) തട വാതക ഖനനം, കല്‍ക്കരി ഖനനം, എസ് ബാന്‍ഡ് എന്നിങ്ങനെ യുപിഎ ഭരണകാലത്ത് അരങ്ങേറിയ വമ്പന്‍ അഴിമതികളുടെ പട്ടിക നീളുന്നു.

    ReplyDelete
  2. ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി)ക്ക് കത്തെഴുതി. 1984ലെ ഭോപാല്‍ വാതക ദുരന്തത്തിന് ഉത്തരവാദിയായ അമേരിക്കന്‍ കമ്പനി യൂണിയന്‍ കാര്‍ബൈഡിന്റെ ഇപ്പോഴത്തെ ഉടമ ഡൗ കെമിക്കല്‍സിന്റെ സ്പോണ്‍സര്‍ഷിപ്പിനെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. ഡൗ കെമിക്കല്‍സിനെ മാറ്റി നിര്‍ത്തണമെന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ(ഐഒഎ) ആവശ്യം ഐഒസി തള്ളിയിരുന്നു. തുടര്‍ന്നാണ് കായിക മന്ത്രാലയം കടുത്ത ഭാഷയില്‍ കത്തെഴുതിയത്. ഐഒഎയുടെ ആശങ്ക അംഗീകരിക്കുന്നുവെന്നും എന്നാല്‍ , ഭോപാല്‍ വാതക ദുരന്തത്തില്‍ ഡൗ കെമിക്കല്‍സിന് പങ്കില്ലെന്നുമാണ് ഐഒസിയുടെ നിലപാട്. ഐഒസിയും ലണ്ടന്‍ ഒളിമ്പിക് സംഘാടക സമിതിയും ഡൗ കെമിക്കല്‍സുമായി നടത്തിയ ചര്‍ച്ചക്കിടെതന്നെ ഭോപാല്‍ദുരന്തം വിഷയമായിരുന്നുവെന്നാണ് ഒളിമ്പിക് കമ്മിറ്റി തലവന്‍ ജാക്വസ് റോഗ് പറഞ്ഞത്. ദുരന്ത സമയത്ത് ഡൗ കെമിക്കല്‍സിന് യൂണിയന്‍ കാര്‍ബൈഡുമായി ബന്ധമില്ലായിരുന്നു. 2000 വരെ ഡൗ കെമിക്കല്‍സിന് യൂണിയന്‍ കാര്‍ബൈഡില്‍ ഓഹരി പങ്കാളിത്തമില്ലായിരുന്നു. ഡൗ കെമിക്കല്‍സുമായി ഒളിമ്പിക് കമ്മിറ്റിക്ക് 30 വര്‍ഷത്തെ ബന്ധമുണ്ടെന്നുമാണ് ജാക്വസ് റോഗിന്റെ അഭിപ്രായം.ലണ്ടന്‍ ഒളിമ്പിക്സ് ഡൗ കെമിക്കല്‍സ് സ്പോണ്‍സര്‍ ചെയ്തതിനെതിരെ ഭോപാലില്‍ ദുരന്ത ബാധിതരും വിവിധ സംഘടനകളും വന്‍ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്. ലണ്ടനിലും സന്നദ്ധസംഘടനകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.

    ReplyDelete