Saturday, April 2, 2011

ഷുങ്ഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട്: കല്‍മാഡിക്കും സംഘത്തിനും വിമര്‍ശനം

ന്യൂഡല്‍ഹി: അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസ് ചെയര്‍മാന്‍ സുരേഷ് കമല്‍മാഡിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും പ്രധാനമന്ത്രി നിയമിച്ച ഷുങ്ഗ്ലു കമ്മിറ്റിയുടെ വിമര്‍ശനം. ഗെയിംസിന്റെ മുഴുവന്‍ അധികാരവും കേന്ദ്രീകരിച്ചിരുന്നത് ഉന്നതങ്ങളിലായിരുന്നെന്നും കരാറുകള്‍ അനുവദിക്കുന്നതില്‍ താല്‍പര്യങ്ങളുടെ പ്രശ്‌നമുണ്ടായിരുന്നെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി കെ ഷുങ്ഗ്ലുവിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് കല്‍മാഡിക്കും സഹായികള്‍ക്കുമെതിരെ വിമര്‍ശനമുന്നയിച്ചിട്ടുള്ളത്. പദ്ധതികളുടെ നടത്തിപ്പിലൂടെ 1600 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിവച്ചതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് നടന്ന അഴിമതിയും ക്രമക്കേടും അന്വേഷിക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയമിച്ച ഉന്നതാധികാര സമിതി, 500 അംഗങ്ങളടങ്ങിയവലിയ ജനറല്‍ ബോഡിയും അതിന്റെ എക്‌സിക്യൂട്ടീവും സംഘാടക സമിതിക്ക് ഭരണപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

സംഘാടക സമിതിക്ക് സമാനമായാണ് ചെയര്‍മാന്‍ പ്രവര്‍ത്തിച്ചത്. തീരുമാനങ്ങളെടുക്കുന്നത് ഉന്നതങ്ങളില്‍മാത്രം കേന്ദ്രീകരിച്ചിരുന്നത് ചെയര്‍മാനും അദ്ദേഹത്തിന്റെ അടുത്ത ചില ഉന്നതരായ അനുയായികള്‍ക്കും കൂടുതല്‍ അധികാരം നല്‍കി. സംഘാടക സമിതിയിലെ ഉയര്‍ന്ന തസ്തികകളില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങള്‍ സ്വാഭാവികമായും അഭിപ്രായഭിന്നത സൃഷ്ടിച്ചതായി കല്‍മാഡി താരുമാനങ്ങളെടുക്കാന്‍ സ്വീകരിച്ച നടപടിക്രമത്തെ ചോദ്യം ചെയ്തുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതങ്ങളിലെ ശബ്ദമാണ് അഴിമതി സര്‍വസാധാരണമാക്കിയതും നല്ലകാര്യങ്ങള്‍ നടക്കാതെ പോയതിന് കാരണമെന്നും കമ്മിറ്റി കണ്ടെത്തി.

സെക്രട്ടേറിയറ്റിലും ഉന്നത നേതൃത്വങ്ങളിലും തുടങ്ങി പ്രധാന തസ്തികകളിലെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും പലര്‍ക്കും ഗെയിംസ് സംഘടിപ്പിച്ചുളള പരിചയമുണ്ടായിരുന്നില്ലെന്നും കമ്മിറ്റി കണ്ടെത്തി. ഉന്നത സ്ഥാനങ്ങളിലെ നിയമനങ്ങളുടെ ധാര്‍മികത മൊത്തത്തില്‍ ചോദ്യംചെയ്യപ്പെടുന്നതും പലര്‍ക്കെതിരെയും വിജിലന്‍സ് കേസുകള്‍ ഉണ്ടായിരുന്നതുമാണ്. സുപ്രധാന സ്ഥാനങ്ങളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ മുഴുവന്‍ തള്ളിക്കളയുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംഘാടക സമിതിയിലെ ഒരു ഗ്രൂപ്പിന്റെ കൈകളില്‍മാത്രം അധികാരം കേന്ദ്രീകരിച്ചിരുന്ന രീതി അനൈക്യതയുടെ പരമാവധിയിലെത്തിച്ചെന്നും സമതിയിലെ വ്യക്തികള്‍ തമ്മിലുള്ള വഴക്ക് നിര്‍മാണ ജോലികള്‍ സുഗമമായി നടക്കുന്നതിനും അവ പരിശോധിക്കുന്നതിനും തടസം സൃഷ്ടിച്ചു. കാര്യക്ഷമമായ ആഭ്യന്തര ഓഡിറ്റിങ്ങോ നിരീക്ഷണ സംവിധാനമോ ഉണ്ടായിരുന്നില്ല. നടപടിക്രമങ്ങള്‍ തെറ്റിച്ച് വഴിവിട്ട് കരാറുകള്‍ അനുവദിച്ചതായും ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ്, കാറ്ററിംഗ്, ടൈമിംഗ്, സ്‌കോറിംഗ്, റിസല്‍റ്റ് തുടങ്ങിയവയിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടം ഉണ്ടായതായും കമ്മിറ്റി കണ്ടെത്തി.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവന്റ് നോളജ് സര്‍വീസിന് മൂന്ന് കരാറുകള്‍ നല്‍കിയതിനെകുറിച്ച് സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സംഘാടക സമിതിയില്‍നിന്നും മൗറീഷ്യസ് കമ്പനിയിലേക്ക് പണമൊഴുകിയത് എങ്ങനെയെന്ന് കണ്ടെത്തണമെന്നും ഇത് സി ബി ഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറാവുന്ന കേസാണെന്നും പറയുവന്നുണ്ട്.

മൗറീഷ്യസിലെ ഇവന്റ് നോളജ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥനെ സംബന്ധിച്ചും അവര്‍ക്ക് സംഘാടക സമിതിയില്‍നിന്നും പണമൊഴുകിയതിനെക്കുറിച്ചും അന്വേഷണം വേണം. ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഗെയിംസ് വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതിലൂടെ 800 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഷുങ്ഗ്ലു കമ്മിറ്റി മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനാവശ്യ നടപടിക്രമങ്ങളിലൂടെ 250 കോടി രൂപയുടെ ലാഭം കരാറുകാര്‍ക്ക് ഉണ്ടാക്കിക്കൊടുത്തതായും 574 കോടി രൂപ സാധനങ്ങള്‍ അനാവശ്യമായി വാങ്ങിയതിലൂടെ നഷ്ടപ്പെടുത്തിയതായും പറയുന്നുണ്ട്.

ക്രിമിനല്‍ കുറ്റങ്ങളുടെയും ന്യൂഡല്‍ഹി മുനിസിപ്പല്‍ ചെയര്‍മാന്‍, കേന്ദ്ര പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ജനറല്‍, ഡല്‍ഹി വികസന അതോറിറ്റിയിലെയും എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിലെയും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരുടെ നേതൃത്വപരമായ പോരായ്മകളുടെയും തെളിവുകള്‍ അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി വികസന അതോറിറ്റി ചെയര്‍മാന്‍, ഡല്‍ഹി സര്‍വകലാശാലയുടെ അന്നത്തെ വൈസ് ചാന്‍സലറും ഫിനാന്‍സ് ഓഫീസറും പ്രോജക്ട് മാനേജരായിരുന്ന കന്ദ്ര പി ഡബ്ല്യു ഡി ഉദ്യോഗസ്ഥന്‍ തുടങ്ങിയവരുടെ പങ്ക് പ്രത്യേകം പരിശോധിക്കേണ്ടതാണ്. പല കരാറുകള്‍ തള്ളിയതിലൂടെയും കമ്മിഷന്‍ നടപടികളിലൂടെയും കരാറുകാര്‍ക്ക് വന്‍ ലാഭമുണ്ടാക്കിക്കൊടുക്കുകയും അനാവശ്യ ചെലവുകളും മറ്റും സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ റിപ്പോര്‍ട്ടില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എസ് ലാലി, ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ ശര്‍മ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. രണ്ടും മൂന്നും റിപ്പോര്‍ട്ടുകളില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തിജേന്ദര്‍ ഖന്ന, മുഖ്യമന്ത്രി ഷീല ദീക്ഷിത് എന്നിവരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെക്കുറിച്ച് പേരെടുത്ത് പറയുന്നുണ്ട്.

കോമണ്‍വെല്‍ത്ത് അഴിമതി: തരൂര്‍ രാജിവയ്ക്കണമെന്ന് സി കെ ചന്ദ്രപ്പന്‍


തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്ന് 15 ലക്ഷത്തിലധികം രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന് നല്‍കിയത് ക്രമവിരുദ്ധമാണെന്ന ഷുങ്ഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിതരൂര്‍ എം പി സ്ഥാനം രാജിവയ്ക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസിന് ശശിതരൂര്‍ എന്തു തരത്തിലുള്ള സേവനമാണ് നല്‍കിയതെന്ന് സംഘാടക സമിതി വിശദീകരിച്ചിട്ടില്ല. 12 തവണ സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചതിനാണ് 10 ലക്ഷത്തിലധികം രൂപ നല്‍കിയത്. അതിനുപുറമെ വിമാനയാത്രയ്ക്ക് 4.34 ലക്ഷം രൂപയും നല്‍കി, ശശി തരൂര്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ് പണം അദ്ദേഹത്തിന്റെ ദുബൈയിലെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത് ശശി തരൂരിന് വന്‍തുക നല്‍കിയതിന് ന്യായീകരണമില്ലെന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളെക്കുറിച്ചു അന്വേഷിക്കാന്‍ പ്രധാനമന്ത്രി നിയമിച്ച ഷുങ്ഗ്ലു കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. കൊച്ചി ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളെ തുടര്‍ന്നു കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് ശശി തരൂര്‍. അഴിമതി കലയാക്കി മാറ്റിയ ശശി തരൂരിനോട് എം പി സ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടണം.

തളിക്കുളം സ്‌നേഹതീരം പാര്‍ക്കുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയ ടി എന്‍ പ്രതാപന്‍ എം എല്‍ എയ്ക്ക് എതിരെ കേസ് എടുക്കാന്‍ വിജിലന്‍സ്  കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ പ്രതാപന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ പത്രിക പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. എം എല്‍ എ സ്ഥാനം ദുരുപയോഗം ചെയ്താണ് പ്രതാപന്‍ സ്‌നേഹതീരം ടൂറിസം വികസന പദ്ധതിയില്‍ അഴിമതി നടത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനം അഴിമതിയിലൂടെ പണമുണ്ടാക്കാനുള്ള മാര്‍ഗമായി കാണുന്ന ശശിതരൂരിനെയും ടി എന്‍ പ്രതാപനെയും പോലുള്ളവര്‍ പൊതുപ്രവര്‍ത്തകര്‍ക്കു തന്നെ അപമാനമാണെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു. ശശി തരൂരിനും ടി എന്‍ പ്രതാപനും എതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളെകുറിച്ചു യു ഡി എഫിനുവേണ്ടി പ്രചരണം നടത്തുന്ന എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അഭിപ്രായം പറയണമെന്ന് ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

ജനയുഗം 020411

1 comment:

  1. അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസ് ചെയര്‍മാന്‍ സുരേഷ് കമല്‍മാഡിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും പ്രധാനമന്ത്രി നിയമിച്ച ഷുങ്ഗ്ലു കമ്മിറ്റിയുടെ വിമര്‍ശനം. ഗെയിംസിന്റെ മുഴുവന്‍ അധികാരവും കേന്ദ്രീകരിച്ചിരുന്നത് ഉന്നതങ്ങളിലായിരുന്നെന്നും കരാറുകള്‍ അനുവദിക്കുന്നതില്‍ താല്‍പര്യങ്ങളുടെ പ്രശ്‌നമുണ്ടായിരുന്നെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു.

    ReplyDelete