Saturday, December 22, 2012
കല്‍മാഡിക്കെതിരെ കുറ്റം ചുമത്താന്‍ ഉത്തരവ്
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിക്കെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താനാണ് കോടതിനിര്‍ദേശം. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഒരു സ്വിസ് കമ്പനിക്ക് നല്‍കിയ കരാറിലെ തട്ടിപ്പുകള്‍ പരിഗണിച്ചാണ് കല്‍മാഡിയും സംഘാടക സമിതി ജനറല്‍ സെക്രട്ടറി ലളിത് ഭാനോട്ടും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടത്. മൂന്നു കമ്പനികള്‍ക്കെതിരെയും കുറ്റം ചുമത്തും.
അഴിമതിനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാതന്നെ ചുമത്താമെന്ന് പ്രത്യേക സിബിഐ ജഡ്ജി തല്‍വന്ത്സിങ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍), 467, 468, 471 (തട്ടിപ്പ്), 506 എന്നീ വകുപ്പുകളും അഴിമതിനിരോധന നിയമത്തിലെ 13(1) ഡി, 13(2) (പൊതുപ്രവര്‍ത്തകരുടെ ക്രിമിനല്‍പ്രവര്‍ത്തനം)}എന്നീ വകുപ്പുകളും എല്ലാ പ്രതികള്‍ക്കുംമേല്‍ ചുമത്താന്‍ കോടതി നിര്‍ദേശിച്ചു. ഈ വകുപ്പുകള്‍പ്രകാരം ഔദ്യോഗികമായി കുറ്റം ചുമത്തുന്നതിന് കേസ് ജനുവരി പത്തിലേക്ക് മാറ്റി.
സ്വിസ് ടൈമിങ് ഒമേഗ കമ്പനിയില്‍നിന്ന് ഗെയിംസിന് ആവശ്യമായ ടൈമിങ്- സ്കോറിങ് ഉപകരണങ്ങള്‍ അമിതവിലയ്ക്ക് വാങ്ങി വന്‍നഷ്ടം വരുത്തിയെന്ന കേസിലാണ് കുറ്റം ചുമത്തല്‍. ഇടപാടിലൂടെ 90 കോടിയുടെ നഷ്ടം സംഭവിച്ചുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
കല്‍മാഡിക്കും ഭഭാനോട്ടിനും പുറമേ സംഘാടകസമിതി ഡയറക്ടര്‍ ജനറല്‍ വി കെ വര്‍മ, ഡയറക്ടര്‍ ജനറല്‍ (സംഭരണം) സുര്‍ജിത ലാല്‍, ജോയിന്റ് ഡയറക്ടര്‍ ജനറല്‍ (സ്പോര്‍ട്സ്) എ എസ് വി പ്രസാദ്, ട്രഷറര്‍ എം ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയും രണ്ടു നിര്‍മാണക്കമ്പനികളുടെ ഡയറക്ടര്‍മാരായ പി ഡി ആര്യ, എ കെ മദന്‍ എന്നിവര്‍ക്കെതിരെയുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. സ്വിസ് കമ്പനിയും കേസില്‍ പ്രതിയാണ്.
സ്വിസ് കമ്പനി ലേലം ഉറപ്പിക്കുംമുമ്പേ അവര്‍ക്ക് കരാര്‍ നല്‍കാന്‍ കല്‍മാഡിയും സംഘവും തീരുമാനിച്ചിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രണ്ടു കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ കുറഞ്ഞ തുക പറഞ്ഞ കമ്പനിയെ ഒഴിവാക്കി സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കാന്‍ കല്‍മാഡി തീരുമാനിക്കുകയായിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു.
കല്‍മാഡിക്കെതിരെ കോടതി കുറ്റം ചുമത്തിയതിനോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പുണെയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായി തുടരുന്ന കല്‍മാഡി ചില്ലറവിപണിയിലെ എഫ്ഡിഐ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യാന്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു.
deshabhimani 221212
Subscribe to:
Post Comments (Atom)
No comments:
Post a Comment