Saturday, September 17, 2011

ഗെയിംസ് അഴിമതി: 36 കോടിയുടെ ക്രമക്കേടിന് പുതിയ കേസ്

കോമണ്‍വെല്‍ത്ത് ഗെയിംസിന് സിരിഫോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രണ്ടു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലും മുംബൈയിലുമായി സിബിഐ ബുധനാഴ്ച പുലര്‍ച്ചെ 21 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. സിരിഫോര്‍ട്ടില്‍ സ്ക്വാഷ്, ബാഡ്മിന്റന്‍ ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ നിര്‍മിച്ചതില്‍ 36 കോടി രൂപയുടെ സാമ്പത്തികദുര്‍വിനിയോഗം നടന്നതായാണ് കണ്ടെത്തിയത്. 118 കോടി രൂപയ്ക്ക് നിര്‍മാണ കരാര്‍ എടുത്ത കമ്പനിക്ക് 154 കോടി രൂപ നല്‍കി. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) റിട്ട. ചീഫ് എന്‍ജിനിയര്‍ വി കെ പഞ്ചല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഡിയത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത സ്വകാര്യക്കമ്പനി ബി ഇ ബില്ലിമോറിയ ലിമിറ്റഡിനും എതിരെയാണ് സിബിഐ കേസ് എടുത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസ് നിര്‍മാണജോലികള്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പഠിച്ച് നടപടിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ശേഷമുള്ള ആദ്യ കേസാണിത്.

2010 ഒക്ടോബറിലാണ് ന്യൂഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നത്. ഗെയിംസ് നടത്തിപ്പില്‍ അടിമുടി അഴിമതി നടന്നതായി സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി മേഖലയില്‍ വരുന്ന നോയിഡ, സഹിബാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 19 കേന്ദ്രങ്ങളിലും മുംബൈ നഗരത്തില്‍ രണ്ടിടത്തുമായി ഗെയിംസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ബുധനാഴ്ച സിബിഐ റെയ്ഡ്. ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി എംപി ഉള്‍പ്പെടെയുള്ളവര്‍ തിഹാര്‍ ജയിലിലാണ്. ചെയര്‍മാനായി കല്‍മാഡിയെ നിയമിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് സിഎജി കണ്ടെത്തിയിരുന്നു. സംഘാടകസമിതിയുടെ വഴിവിട്ട പോക്കിനെതിരെ ഗെയിംസിന് മൂന്നുവര്‍ഷം മുമ്പേ പ്രധാനമന്ത്രിക്കും ക്യാബിനറ്റ് സെക്രട്ടറിക്കും വിവരം കിട്ടിയിട്ടും നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് കോടിരൂപയാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടിട്ടുള്ളതെന്നും ഇത് എത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ്് റിപ്പോര്‍ട്ട് പുറത്തിറക്കി ഡെപ്യൂട്ടി സിഎജി രേഖാഗുപ്ത പറഞ്ഞത്. തുടര്‍ന്നാണ് സിഎജി റിപ്പോര്‍ട്ട് പഠിക്കാനും നടപടിയെടുക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

deshabhimani news

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസിന് സിരിഫോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രണ്ടു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലും മുംബൈയിലുമായി സിബിഐ ബുധനാഴ്ച പുലര്‍ച്ചെ 21 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. സിരിഫോര്‍ട്ടില്‍ സ്ക്വാഷ്, ബാഡ്മിന്റന്‍ ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ നിര്‍മിച്ചതില്‍ 36 കോടി രൂപയുടെ സാമ്പത്തികദുര്‍വിനിയോഗം നടന്നതായാണ് കണ്ടെത്തിയത്. 118 കോടി രൂപയ്ക്ക് നിര്‍മാണ കരാര്‍ എടുത്ത കമ്പനിക്ക് 154 കോടി രൂപ നല്‍കി. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) റിട്ട. ചീഫ് എന്‍ജിനിയര്‍ വി കെ പഞ്ചല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഡിയത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത സ്വകാര്യക്കമ്പനി ബി ഇ ബില്ലിമോറിയ ലിമിറ്റഡിനും എതിരെയാണ് സിബിഐ കേസ് എടുത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസ് നിര്‍മാണജോലികള്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പഠിച്ച് നടപടിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ശേഷമുള്ള ആദ്യ കേസാണിത്.

    ReplyDelete