Saturday, May 21, 2011

കനിമൊഴി, കല്‍മാഡി

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയെ തിഹാര്‍ ജയിലിലടച്ചു. പ്രത്യേക സിബിഐ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണിത്. കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. കേസിന്റെ വ്യാപ്തി പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് പ്രത്യേക സിബിഐ ജഡ്ജി ഒ പി സെയ്നി വിധിയില്‍ പറഞ്ഞു. തിങ്ങിനിറഞ്ഞ കോടതി മുറിയിലെ ബഹളങ്ങള്‍ക്കിടെ കൂട്ടുപ്രതി മുന്‍ ടെലികോംമന്ത്രി എ രാജയാണ് ജാമ്യാപേക്ഷ തള്ളിയതായി കനിമൊഴിയെ അറിയിച്ചത്. കനിമൊഴിയെ പിന്നീട് പൊലീസ് വാനില്‍ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിലെ ആറാം നമ്പര്‍ ബ്ലോക്കിലാണ് കനിമൊഴിയുടെ തടവറ. ശരത്കുമാറിനെ നാലാംനമ്പര്‍ ബ്ലോക്കില്‍ അടച്ചു. കേസില്‍ എ രാജയെ നേരത്തെ തിഹാര്‍ ജയിലിലടച്ചിരുന്നു.

സ്പെക്ട്രം ഇടപാടുകളുടെ ഭാഗമായി കലൈഞ്ജര്‍ ടിവിക്ക് വേണ്ടി ഡിബി റിയാലിറ്റിയില്‍ നിന്ന് 200 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് കനിമൊഴി നേരിടുന്നത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് കനിമൊഴിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റത്തിന്റെ വ്യാപ്തി, ആരോപണങ്ങളുടെ ആഴം, പുറത്തുവന്ന തെളിവുകളുടെ സ്വഭാവം, ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സംശയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സാക്ഷികളില്‍ കൂടുതലും കലൈഞ്ജര്‍ ടിവി പ്രവര്‍ത്തകരാണ്. അതുകൊണ്ട് സ്വാധീനിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. കേസില്‍ രണ്ടുപേരുടെയും പങ്ക് വ്യക്തമാണ്. ആരോപണങ്ങള്‍ ഗുരുതരവും. ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളുമുണ്ട്. അന്വേഷണത്തിനിടെ അറസ്റ്റു നടക്കാത്തതിനാല്‍ ജാമ്യത്തില്‍ വിടാമെന്ന പ്രതിഭാഗം വാദത്തില്‍ കഴമ്പില്ല. കനിമൊഴിയും ശരത്കുമാറും പരസ്പരവും എ രാജയുമായും ഗൂഢാലോചന നടത്തിയിട്ടുണ്ട്. ചാനലില്‍ 20 ശതമാനം വീതം ഓഹരി കൈയാളുന്ന ഇരുവരും കോഴ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീയെന്ന കാരണത്താല്‍ ജാമ്യത്തില്‍ വിടണമെന്ന അപേക്ഷയും പരിഗണിക്കാനാകില്ല. ജാമ്യാപേക്ഷ കേള്‍ക്കുമ്പോള്‍ സ്ത്രീയോ പുരുഷനോ എന്നത് പരിഗണിക്കാറുണ്ടെങ്കിലും കുറ്റത്തിന്റെ വ്യാപ്തിയും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുക്കുമ്പോള്‍ ഈ പരിഗണന നല്‍കാനാകില്ല. എന്നാല്‍ , കോടതിയിലെ അവരുടെ അങ്ങേയറ്റം മാന്യമായ പെരുമാറ്റം കണക്കിലെടുക്കുമ്പോള്‍ എന്തെങ്കിലും പരിഗണന നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു-ജസ്റ്റിസ് സെയ്നി 144 പേജുള്ള വിധിയില്‍ പറഞ്ഞു.

ഏപ്രിലിലാണ് കനിമൊഴിയെ സിബിഐ കേസില്‍ പ്രതിചേര്‍ത്തത്. കനിമൊഴിയും ശരത്കുമാറും നല്‍കിയ ജാമ്യാപേക്ഷയില്‍ ഏഴിനാണ് കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. ശനിയാഴ്ച കോടതി നടപടികളില്‍ പങ്കെടുക്കാന്‍ കനിമൊഴിയും ശരത്കുമാറും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക കോടതി ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു.

കല്‍മാഡി മുഖ്യപ്രതിയായി കുറ്റപത്രം

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സംഘാടക സമിതി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡിയെ മുഖ്യപ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗെയിംസുമായി ബന്ധപ്പെട്ട് സ്വിസ് കമ്പിനിക്ക് കരാര്‍ നല്‍കിയതിലെ അഴിമതിക്കേസില്‍ പ്രധാന പ്രതിയാണ് കല്‍മാഡിയെന്ന് 50 പേജുള്ള കുറ്റപത്രം പറയുന്നു. കുറ്റപത്രം സ്വീകരിച്ച കോടതി കേസ് 23ലേക്ക് മാറ്റി. ഒളിംപിക്സ് കമ്മിറ്റി മുന്‍ സെക്രട്ടറി ലളിത് ഭാനോട്ട്, ഡയറക്ടര്‍ ജനറല്‍ വി കെ വര്‍മ എന്നിവരുള്‍പ്പെടെ എട്ടുപേരെയും രണ്ടു കമ്പനിയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ വിചാരണചെയ്യാന്‍ അനുവദിക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. എകെആര്‍ കണ്‍സ്ട്രക്ഷന്‍ , സ്വിസ് ടൈമിങ്-ഒമേഗ എന്നീ കമ്പികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ടൈമിങ്-സ്കോറിങ്-റിസല്‍ട്ട് (ടിഎസ്ആര്‍) സംവിധാനം സ്ഥാപിക്കുന്നതിനായി സ്വിസ് കമ്പിനിക്ക് കരാര്‍ നല്‍കുകവഴി 90 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കുറ്റപത്രത്തില്‍ പറയുന്നു. 50 സാക്ഷിമൊഴികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

deshabhimani 210511

1 comment:

  1. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയെ തിഹാര്‍ ജയിലിലടച്ചു. പ്രത്യേക സിബിഐ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണിത്. കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. കേസിന്റെ വ്യാപ്തി പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് പ്രത്യേക സിബിഐ ജഡ്ജി ഒ പി സെയ്നി വിധിയില്‍ പറഞ്ഞു. തിങ്ങിനിറഞ്ഞ കോടതി മുറിയിലെ ബഹളങ്ങള്‍ക്കിടെ കൂട്ടുപ്രതി മുന്‍ ടെലികോംമന്ത്രി എ രാജയാണ് ജാമ്യാപേക്ഷ തള്ളിയതായി കനിമൊഴിയെ അറിയിച്ചത്. കനിമൊഴിയെ പിന്നീട് പൊലീസ് വാനില്‍ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിലെ ആറാം നമ്പര്‍ ബ്ലോക്കിലാണ് കനിമൊഴിയുടെ തടവറ. ശരത്കുമാറിനെ നാലാംനമ്പര്‍ ബ്ലോക്കില്‍ അടച്ചു. കേസില്‍ എ രാജയെ നേരത്തെ തിഹാര്‍ ജയിലിലടച്ചിരുന്നു.

    ReplyDelete