ഇന്ത്യയും ചൈനയും അയല്‍ രാജ്യങ്ങളാണ്. രണ്ടു രാജ്യവും ഒന്നിച്ചുചേര്‍ന്നാല്‍ ലോകത്തിലെ വന്‍ശക്തിയായി മാറും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന ബ്രിക്സ് സഖ്യം ഈയിടെ യോഗം ചേര്‍ന്ന് പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിരുന്നു. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ സഖ്യം വമ്പിച്ച പ്രാധാന്യം കൈവരിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ദുര്‍ബല രാഷ്ട്രങ്ങളെ സൈനികശക്തി ഉപയോഗിച്ചുള്ള ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിക്കുകയാണ്. ഇറാഖ്, അഫ്ഗാനിസ്ഥാന്, ലിബിയ എന്നീ രാജ്യങ്ങളെ ആക്രമിച്ചു. സ്വതന്ത്ര രാഷ്ട്രങ്ങളുടെ ഭരണാധികാരികളെയാണ് ആക്രമിച്ചു കീഴ്പ്പെടുത്തിയത്. സദ്ദാംഹുസൈനെ നിഷ്ഠുരമായി കൊലപ്പെടുത്തി. ലിബിയയുടെ ഭരണാധികാരിയായിരുന്ന കേണല്‍ ഗദ്ദാഫിയെയും കൊന്നു. ഇവിടെയൊന്നും സമാധാനവും സൈ്വരജീവിതവും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. രക്തച്ചൊരിച്ചില്‍ തുടരുകയാണ്.
ഇറാഖില്‍ ദിവസവും കൂട്ടമരണം സംഭവിക്കുന്നു. ഇത്തരമൊരു സാഹചര്യം ഏഷ്യയിലും സൃഷ്ടിക്കാന്‍ ക്ഷുദ്രശക്തികള്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ചൈന ഇന്ത്യയുടെ അതിര്‍ത്തിക്കകത്തേക്ക് കടന്നുവന്ന് ടെന്റ് കെട്ടിയെന്ന പേരില്‍ ഇരു രാഷ്ട്രത്തെയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നയിക്കാന്‍ ചില പിന്തിരിപ്പന് മാധ്യമങ്ങളും ശ്രമം നടത്തുകയുണ്ടായി. ചില രാഷ്ട്രീയനേതാക്കളും തെറ്റായ വഴിക്കാണ് സഞ്ചരിച്ചത്. അത്തരക്കാര്‍ക്ക് ഈ കരാര്‍ നിരാശയ്ക്ക് കാരണമായേക്കാം. എന്നാല്‍, ഇരു രാഷ്ട്രത്തിന്റെയും ഭാവിക്ക് സഹായകമാണ് ഈ കരാര്‍ എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന് ദീര്‍ഘകാല ചരിത്രമുണ്ട്. ഫാഹിയാന്‍, ഹു യാന്‍സാങ്, ഇറ്റ്സിങ് എന്നീ മഹാന്മാരുടെ ഇന്ത്യാ സന്ദര്‍ശനം ഓര്‍മയില്‍ വരുന്നതാണ്. നളന്ദയും തക്ഷശിലയുമൊക്കെ ആകര്‍ഷണകേന്ദ്രമായിരുന്നു.
1947ല്‍ ഇന്ത്യ സാമ്രാജ്യത്വ നുകത്തില്‍നിന്ന് മോചനം നേടി. ചൈന 1949ലാണ് മോചനം നേടിയത്. മഹാനായ മാവോയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ ജനാധിപത്യവിപ്ലവം വിജയംവരിച്ചു. ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന. രണ്ടാമത്തെ സ്ഥാനം ഇന്ത്യക്കാണ്. തൊള്ളായിരത്തി അമ്പതുകളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പഞ്ചശീലതത്വങ്ങളില്‍ ഒപ്പുവച്ചു. വ്യത്യസ്തമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വം എന്നതായിരുന്നു പഞ്ചശീലതത്വങ്ങളുടെ അടിസ്ഥാനപരമായ സമീപനം. പരസ്പര സഹായം, പരസ്പര വിശ്വാസം, പരസ്പര സഹകരണം തുടങ്ങിയ തത്വങ്ങള്‍ ഇരു രാഷ്ട്രത്തിനും സ്വീകാര്യമായി കണ്ടു. 1962ല്‍ അപ്രതീക്ഷിതമായുണ്ടായ അതിര്‍ത്തിത്തര്‍ക്കം മഹത്തായ രണ്ട് അയല്‍രാജ്യങ്ങളുമായുണ്ടായ പരസ്പര ബന്ധത്തില്‍ പോറലേല്‍പ്പിച്ചു. ഇതോടെ ചൈനാവിരുദ്ധ ജ്വരം വളര്‍ത്തിയെടുക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു. അതീവ സങ്കുചിതമായ ചൈനാവിരുദ്ധ വികാരത്തോടൊപ്പം പുരോഗമനചിന്തകരെന്ന് അഭിമാനിക്കുന്ന ചിലര്‍പോലും ഒഴുകിപ്പോയി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലും രണ്ടഭിപ്രായമുണ്ടായി. പിന്നീട് സിപിഐ എം ഉറച്ച നിലപാടെടുത്തു. ഇന്ത്യ-ചൈനാ അതിര്‍ത്തിത്തര്‍ക്കത്തിന് സമാധാനപരമായ കൂടിയാലോചനയിലൂടെ പരിഹാരമുണ്ടാക്കണമെന്നും യുദ്ധം പാടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു മാക്മോഹന് രേഖയായിരുന്നു. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മാക്മോഹന് രേഖയുടെ പേരിലുള്ള തര്‍ക്കം യുദ്ധത്തിലൂടെയല്ല സമാധാനപരമായ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത് എന്നായിരുന്നു ഇ എം എസ് ആസേതുഹിമാചലം സഞ്ചരിച്ച് സംസാരിച്ചത്. 1964 ഡിസംബറില്‍ സിപിഐ എം നേതാക്കളെ ചൈനാചാരന്മാരെന്ന് മുദ്രകുത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചു. ചൈന കൈവശംവച്ച 12,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തുറന്ന യുദ്ധത്തിലൂടെ തിരിച്ചുപിടിക്കണമെന്ന് ജനസംഘം ഉള്‍പ്പെടെ വാദിച്ചു. ആ പാര്‍ടിയുടെ നേതാവ് അദ്വാനി വിദേശകാര്യമന്ത്രിയായിട്ടും വാജ്പേയി പ്രധാനമന്ത്രിയായിട്ടും തിരിച്ചുപിടിക്കല്‍ നടന്നില്ല. കൂടിയാലോചനയാണ് തുടര്‍ന്നത്. അര നൂറ്റാണ്ട് പിന്നിട്ടിട്ടും സിപിഐ എം അന്ന് പറഞ്ഞതായിരുന്നു ശരിയെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു. കൂടിയാലോചനയുടെ മാര്‍ഗമല്ലാതെ മറ്റൊന്നില്ലെന്ന് എല്ലാവര്ക്കും വ്യക്തമായി.
ഇതിനിടയ്ക്ക് പലപ്പോഴും ഇന്ത്യക്കകത്തെ അമേരിക്കന്‍ ലോബിയും അവരോടൊപ്പം നില്ക്കുന്ന മാധ്യമങ്ങളും ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തില്‍ ശൈഥില്യമുണ്ടാക്കാന്‍ ശ്രമം നടത്തി. അതൊക്കെ പരാജയപ്പെടുകയാണുണ്ടായത്. ഞങ്ങള്‍ ആരുടെയും ചാരന്മാരല്ല, ഇന്ത്യന്‍ മണ്ണില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ പൗരന്മാരാണെന്നും ഇന്ത്യയെ ആത്മാര്‍ഥതയോടെ സ്നേഹിക്കുന്ന യഥാര്‍ഥ ദേശാഭിമാനികളാണെന്നും തെളിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയും ചൈനയും തമ്മില്‍ കരാര്‍ ഒപ്പിട്ടതിലും ഇന്ത്യ- ചൈനാ ബന്ധം ശക്തിപ്പെട്ടുവരുന്നതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അതിയായ സന്തോഷവുമുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള ദീര്‍ഘനാളത്തെ സൗഹൃദബന്ധം അരക്കിട്ടുറപ്പിക്കലാണ് രാജ്യസ്നേഹപരമായ നിലപാടെന്ന് വീണ്ടും പറയുന്നു. ഈ വഴിക്കുള്ള എല്ലാ നീക്കത്തിനും വിജയം ആശംസിക്കുന്നു. പാകിസ്ഥാനുമായും എല്ലാ അയല്‍രാജ്യങ്ങളുമായും ഇതേ സൗഹൃദബന്ധം വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളുമൊന്നായി എന്ന മുദ്രാവാക്യവും ഞങ്ങള്‍ അപ്പുറത്തുള്ളവരെ ഓര്‍മിപ്പിക്കാനാഗ്രഹിക്കുന്നു.
deshabhimani editorial 210513
No comments:
Post a Comment