ഇടുക്കി: പരിസ്ഥിതിലോല മേഖലയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ വേര്‍തിരിക്കാന്‍ റവന്യുവകുപ്പ് തയ്യാറാക്കുന്ന കഡസ്ട്രല്‍ ഭൂപടം പൂര്‍ത്തിയായാല്‍ കാല്‍ലക്ഷം ഹെക്ടര്‍ കൃഷിഭൂമി സര്‍ക്കാരിന്റേതാകും. ഇതോടെ ഇടുക്കി ജില്ലയില്‍ മാത്രം 65,000 കര്‍ഷകര്‍ക്ക് കൈവശമുള്ള കൃഷിഭൂമി നഷ്ടപ്പെടും. ഇതുവഴി സംസ്ഥാനത്തെ ഇഎസ്എ മേഖല ഉള്‍പ്പെടുന്ന 28,588.15 സ്ഥലത്തെ കൈവശക്കാരെ പുത്തന്‍ കഡസ്ട്രല്‍ ഭൂപടം കണ്ണീരിലാഴ്ത്തും.
ഇഎസ്എ ഉള്‍പ്പെടുന്ന വലിയൊരു ഭൂപ്രദേശം പട്ടയമില്ലാത്തതോ കുത്തകപാട്ടമോ ആണ്. പുതിയ നടപടിയോടെ ഇത് സര്‍ക്കാര്‍ ഭൂമിയായി നിര്‍ണയിക്കപ്പെടും. ഒരു വില്ലേജില്‍ ശരാശരി 35,000 മുതല്‍ 40,000 വരെ തണ്ടപ്പേരുള്ള ഭൂവുടമകളുണ്ട്. ഇവിടെയെല്ലാം നേരിട്ടെത്തി വേണം ഭൂപടം തയ്യാറാക്കാന്‍. പ്രധാനമായും 13 ഇനം വിവരങ്ങള്‍ കൃത്യമായി ചോദിച്ചിട്ടുണ്ടെങ്കിലും കൈവശ ഭൂമിയെക്കുറിച്ച് പ്രതിപാദിക്കാത്തതാണ് പ്രശ്നം. വര്‍ഷങ്ങള്‍ക്ക് മുമ്പും അടുത്ത കാലത്തും റീ സര്‍വെ ചെയ്ത ഭൂമിയുടെ വിവരം പൊതുവായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് സര്‍വേ വകുപ്പിന്റെ പക്കല്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഉപസര്‍വേ നമ്പര്‍ പ്രകാരം വാസയോഗ്യം, കൃഷിയോഗ്യം, റോഡ്, തരിശ്, തോട്, പാറക്കെട്ട്, വനഭാഗങ്ങള്‍, കരിങ്കല്‍ പ്രദേശം, തോട്ടങ്ങള്‍ തുടങ്ങിയ 13 ഇന വിവരങ്ങളില്‍ വിവിധ നിറം നല്‍കിയാണ് ഭൂപടം തയ്യാറാക്കേണ്ടത്. എന്നാല്‍ ഇവയിലൊന്നും കര്‍ഷകര്‍ കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ച് വിവരം ചോദിച്ചിട്ടില്ല. തയ്യാറാക്കുന്ന കഡസ്ട്രല്‍ മാപ്പില്‍ ജനവാസ കേന്ദ്രങ്ങള്‍, തോട്ടം, വനഭൂമി, കാര്‍ഷിക മേഖല എന്നിവ രേഖപ്പെടുത്തി സൂക്ഷ്മമായി നിറം നല്‍കിയില്ലെങ്കില്‍ കര്‍ഷകരുടെ ഭൂമി ഇഎസ്എയില്‍പ്പെടും.
റീസര്‍വെ പ്രകാരം ഒരു വില്ലേജിലെ എല്ലാ പ്രദേശങ്ങളെയും വേര്‍തിരിച്ച് അതിര്‍ത്തി നിര്‍ണയിക്കുന്ന രേഖാചിത്രമാണ് കഡസ്ട്രല്‍ ഭൂപടം. റീസര്‍വെ സ്കെച്ച് പ്രകാരമാണ് ഭൂപടം തയ്യാറാക്കേണ്ടത്. എന്നാല്‍ റീ സര്‍വെ പൂര്‍ത്തിയാക്കാത്ത വില്ലേജ് മേഖലകളില്‍ ഭൂപടം തട്ടിക്കൂട്ടുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. മതിയായ സമയം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഭൂമി പരിശോധന നടത്തിമാത്രമെ കഡസ്ട്രല്‍ മാപ്പ് തയ്യാറാക്കാന്‍ പാടുള്ളൂവെന്ന നിഷ്ക്കര്‍ഷ പാലിച്ചിട്ടില്ല. ഫീല്‍ഡ് പരിശോധന നടത്തി, സ്കെയില്‍ ഉപയോഗിച്ച് കൃത്യതയോടെയാണ് മാപ്പ് രൂപപ്പെടുത്തേണ്ടത്. എന്നാല്‍ സ്ഥലപരിശോധന പോലും നടത്താതെ ഓഫീസുകളിലിരുന്നാണ് ഭൂപട നിര്‍മാണം. അവധി ദിനങ്ങളായിരുന്നതിനാല്‍ ഭൂപടം തയ്യാറാക്കാനുള്ള സമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. നല്‍കേണ്ട അവസാന ദിവസം ഈ മാസം 30 ആണ്.
deshabhimani
No comments:
Post a Comment