Monday, May 5, 2014

ശ്രീപത്മനാഭസ്വാമിക്ഷേത്രം വയല്‍ നികത്തി നിര്‍മിച്ചതെന്ന് കണ്ടെത്തല്‍

ശ്രീപത്മനാഭസ്വാമിക്ഷേത്രം വയല്‍ നികത്തി നിര്‍മിച്ചതാണെന്ന് പുരാവസ്തുവകുപ്പ് കണ്ടെത്തല്‍. ക്ഷേത്രത്തിന്റെ വടക്കേനട കുഴിച്ചപ്പോള്‍ കണ്ട കല്‍പ്പടവുകളെക്കുറിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഈ നിഗമനം. കല്‍പ്പടവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധസമിതി രൂപീകരിച്ച് തുടര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. ക്ഷേത്രസുരക്ഷയ്ക്ക് ബൊള്ളാര്‍ഡ് സ്ഥാപിക്കാന്‍ അഞ്ചടി കുഴിച്ചപ്പോഴാണ് കല്‍പ്പടവുകള്‍, കരിങ്കല്‍ക്കെട്ട്, അഴുക്കുചാല്‍, ഇരുമ്പ് പൈപ്പുകള്‍ എന്നിവ കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള കല്‍പ്പടുകളാണിതെന്ന് അറിവായിട്ടുണ്ട്. കിഴക്കേനടയും വടക്കേനടയും താഴ്ന്ന പ്രദേശമായതിനാല്‍ ഈ കല്‍പ്പടവുകള്‍ മണ്ണിട്ട് മൂടി റോഡ് ഉയര്‍ത്തുകയായിരുന്നു. ക്ഷേത്രസുരക്ഷയ്ക്ക് നിര്‍മാണം ബലപ്പെടുത്തുകയാണ് ചെയ്തത്. കരിങ്കല്‍ക്കെട്ടായതിനാല്‍ കാലപ്പഴക്കം കണ്ടെത്താനായിട്ടില്ല.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് നഗരത്തില്‍ തിരുമലയിലുള്ള മല ഇടിച്ചുകൊണ്ടുവന്ന കല്ലുകളാണിതെന്ന് കരുതുന്നു. ഇവിടെനിന്ന് കിട്ടിയ ചെങ്കല്ലുകള്‍ പഴക്കമുള്ളതല്ല. ഇതിന്റെ പഴക്കം കണ്ടെത്താന്‍ ശ്രമം നടക്കുന്നു. കുഴിയില്‍ നടത്തിയ ഖനത്തില്‍ ക്ഷേത്രപ്രദേശമാകെ വയല്‍ ആയിരുന്നുവെന്ന് കാണിക്കുന്ന തെളിവുകള്‍ ലഭിച്ചു. പുത്തരിക്കണ്ടം പഴയകാലത്ത് ക്ഷേത്രപരിസരം വരെയുണ്ടായിരുന്നുവെന്നാണ്് പുരാവസ്തു അധികൃതരുടെ കണ്ടെത്തല്‍. പല കാലങ്ങളിലായി അമ്പലം സംരക്ഷിക്കുന്നതിന് മണ്ണിടിച്ച് നികത്തിയതാണ്. മണല്‍ക്കുടങ്ങള്‍, ഓടകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇത് പന്ത്രണ്ടും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയിലുള്ളതാണെന്നാണ് നിഗമനം. മണ്ണടിച്ചപ്പോള്‍ അതിനൊപ്പം ഇത് ഇട്ടതാണെന്ന് കരുതുന്നു. ഖനം നടത്തിയ ഭാഗങ്ങളില്‍ തുരങ്കങ്ങള്‍ ഉള്ളതായിട്ട് കരുതുന്നില്ലെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജി പ്രേംകുമാര്‍ പറഞ്ഞു. തുരങ്കങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിലേക്ക് പോകേണ്ട കുഴികള്‍ കാണുമായിരുന്നു. കുഴികള്‍ കണ്ടെത്തിയിട്ടില്ല. ഇതിനാല്‍ തുരങ്കസാധ്യതയില്ല. ക്ഷേത്രനിര്‍മാണ സമയത്ത് മണ്ണടിച്ച് നികത്തിയിരുന്നു. തുടര്‍ന്നുണ്ടാക്കിയ കല്‍പ്പടവുകളും മണ്ണടിച്ച് നികത്തി. ഇതല്ലാതെ ചരിത്രപ്രാധാന്യമുള്ള മറ്റ് അവശിഷ്ടങ്ങളോ ഇവിടെയില്ലെന്ന് പുരാവസ്തു നിഗമനം. ഇതുസംബന്ധിച്ച് ചരിത്രകാരന്മാരുള്‍പ്പെടെയുള്ളവരോട് അഭിപ്രായം ആരാഞ്ഞു. ജിയോളജി വകുപ്പിനോടും മണ്ണിനെ സംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani

No comments:

Post a Comment