Saturday, March 22, 2014

സര്‍ക്കാര്‍ തട്ടിപ്പ് വീണ്ടും; ആശങ്ക രൂക്ഷമാക്കി കരട് ഭൂപടവും

കസ്തൂരിരംഗന്‍- കരട് വിജ്ഞാപനത്തിന്റെ പേരില്‍ പുറത്തിറക്കിയ കരട് ഭൂപടവും ആശങ്ക രൂക്ഷമാക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തിരക്കിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ തുടര്‍നടപടി എന്ന പേരിലാണ് പരിസ്ഥിതിലോല മേഖലയുടെ ഭൂപടവും തട്ടിക്കൂട്ടി പ്രസിദ്ധീകരിച്ചത്. സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തോട് ധൃതിപിടിച്ച് ഭൂപടം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിനെതിരെ മലയോരമേഖലയിലെ ജനങ്ങളുടെ രോഷം മറികടക്കുന്നതിനാണ് പുതിയ ഭൂപടതട്ടിപ്പ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല(ഇഎസ്എ)മാണ്. ഈ വില്ലേജുകള്‍ പരിസ്ഥിതിലോലമായിത്തന്നെ നിലനിര്‍ത്തി അതിര്‍ത്തി പുനര്‍നിര്‍ണയം എന്ന പേരില്‍ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയതെന്നാണ് അവകാശവാദം. എന്നാല്‍, വിവിധ ജില്ലകളിലെ പരിസ്ഥിതിലോല ഭൂപടം ആശങ്കയും ആശയക്കുഴപ്പവും വര്‍ധിപ്പിക്കുന്നു.

ഇഎസ്എ പ്രദേശത്തിന്റെ വിസ്തൃതി കുറച്ചെന്നു പറയുമ്പോള്‍ ഇത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നില്ല. ഇടുക്കിയടക്കമുള്ള ജില്ലകളില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമെല്ലാം ഭൂപടത്തില്‍ പരിസ്ഥിതിലോലമായി തുടരുന്നു. ഇതുകൂടാതെ പരിസ്ഥിതിലോലമേഖലയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണം ബാധകമാകും. നിയമപരമായി നിലനില്‍ക്കാത്ത കരട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഭൂപട പ്രസിദ്ധീകരണവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുതന്നെ. കരട് വിജ്ഞാപനത്തിനെതിരെയുള്ള കേസ് ദേശീയ ഹരിതട്രിബ്യൂണല്‍ 24ന് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പാഴ്വേല. ഏഴ് സംസ്ഥാനത്തിന് ബാധകമായ കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളില്‍ കേരളത്തിനുമാത്രമായി ധൃതിപിടിച്ച് പുതിയ വിജ്ഞാപനമിറക്കിയതിനെതിരെ ഗോവ ഫൗണ്ടേഷനാണ് കേസ് നല്‍കിയത്. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡിന്റെ വെബ്സൈറ്റിലാണ്  ( http://www.keralabiodiversity.org/ ) ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തിന്റെ പരിസ്ഥിതിലോലമേഖലകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാതെയായിരുന്നു കഴിഞ്ഞ 10ന് പരിസ്ഥിതിമന്ത്രാലയം കരട് വിജ്ഞാപനം ഇറക്കിയത്. ഇത് വിമര്‍ശത്തിന് ഇടയാക്കിയതോടെ തട്ടിക്കൂട്ടി ഭൂപടം പ്രസിദ്ധീകരിക്കുകയായിരുന്നു.

deshabhimani

No comments:

Post a Comment