കോർപറേറ്റുകൾക്ക് അനുകൂലമായ ഇഐഎ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. ഇതിനായി വൻതോതിൽ ജനകീയ ഇടപെടലും തുടർപ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ സിപിഐ എം പിബി ജൂലൈയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വിജ്ഞാപനം ഖനനലോബിയെ സഹായിക്കാനാണ്. ഹരിത ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും ഇടപെടലിൽ നിർത്തിവയ്‌ക്കേണ്ടിവന്ന പദ്ധതികൾക്കെല്ലാം അനുമതി നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വനമേഖല കൈയടക്കി ധാതുവിഭവങ്ങൾ കൊള്ളയടിക്കാനെത്തുന്ന കോർപറേറ്റുകളെ ശക്തമായി എതിർക്കുന്ന ആദിവാസികളുടെ അഭിപ്രായം കേൾക്കാൻ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനതല കമ്മിറ്റികൾ എടുക്കുന്ന തീരുമാനം അട്ടിമറിക്കാൻ മറ്റൊരു കമ്മിറ്റി വയ്‌ക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം ഒഴിവ് നികത്തുന്നില്ല
കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനവും 23ന്റെ സമരത്തിൽ മുഖ്യവിഷയമായി ഉയർത്തിക്കാട്ടുമെന്ന് കോടിയേരി പറഞ്ഞു. റവന്യൂവിൽ പകുതിയോളവും പ്രതിരോധ–-ആരോഗ്യ മേഖലകളിൽ 30 ശതമാനവും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. റെയിൽവേയിൽ മൂന്നരലക്ഷം ഒഴിവുണ്ട്. സംവരണവിഭാഗങ്ങളുടെ തൊഴിലവസരം ഗണ്യമായി നഷ്ടപ്പെട്ടു. കോവിഡിൽ 15 കോടി പേർ തൊഴിൽരഹിതരായി. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്രസർക്കാർ ഇവ സംസ്ഥാനത്തെ ഏൽപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.
സംസ്ഥാനത്ത് നാഷണൽ ടെക്‌സ്‌റ്റൈൽസ് കോർപറേഷനു കീഴിലുള്ള അഞ്ച് മില്ലും വിൽക്കാനാണ് പദ്ധതി. ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്, പാലക്കാട് ഇൻസ്‌ട്രുമെന്റേഷൻ, ബിപിസിഎൽ കൊച്ചിൻ റിഫൈനറി, ഹിന്ദുസ്ഥാനൻ ലാറ്റക്സ്, ബിഇഎംഎൽ, കാസർകോട് കേരള ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് എന്നിവയെല്ലാം വിൽക്കുന്നു. എച്ച്‌എംടിയും, കൊച്ചിൻ ഷിപ്‌യാർഡും സ്വകാര്യവൽക്കരിക്കുന്നു. 10,000 പേർ തൊഴിലെടുത്തിരുന്ന എഫ്‌എസിടിയിൽ ഇപ്പോൾ 2000 പേർ മാത്രമാണ്.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് കാരണമാണ് പ്രാവർത്തികമാകാത്തത്. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി എൽഡിഎഫ് സർക്കാർ ബദൽനയം സാധ്യമാണെന്ന് തെളിയിച്ചതായും കോടിയേരി പറഞ്ഞു.
എന്തും പറയാമെന്ന സ്ഥിതി മാറണം
സാമൂഹ്യ മാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും പറയാമെന്നുള്ള സ്ഥിതി ഗൗരവത്തോടെ കാണണമെന്ന് കോടിയേരി പറഞ്ഞു. സഭ്യമായ രീതിയിലേ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടാവൂ എന്നതാണ് സിപിഐ എമ്മിന്റെ നിലപാട്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലെന്ന് കർശന നിർദേശം നൽകുന്നുണ്ട്.
പാർടിയുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവണതയുണ്ടെങ്കിൽ തടയും. മാധ്യമപ്രവർത്തകർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന നിലപാടാണ് സർക്കാരിനും പാർടിക്കും. എല്ലാവർക്കും സംരക്ഷണം വേണം. ബിനീഷ് കോടിയേരി കൊലചെയ്യപ്പെട്ടെന്ന് ഈയിടയ്‌ക്ക് ഫെയ്‌സ്‌ബുക്കിൽ പ്രചാരണം നടന്നു. അത് കാണുമ്പോൾ വിഷമം തോന്നില്ലേ. ഇത്തരത്തിൽ ഓരോ സംഭവവും ബന്ധപ്പെട്ടവരിൽ പ്രതികരണം ഉണ്ടാക്കും. ഇപ്പോൾ ചർച്ച നടക്കുന്നത് നല്ലതാണ്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും മാധ്യമപ്രവർത്തകനാണ്.
മാധ്യമപ്രവർത്തകർ സ്വയം നിയന്ത്രണം കൊണ്ടുവരണം. എല്ലാ മന്ത്രിമാരുടെ ഓഫീസും എല്ലാവരോടും സൗഹൃദം സ്ഥാപിക്കണം. അതു സംബന്ധിച്ച പൊതുനിർദേശം പാർടി നൽകുമെന്നും കോടിയേരി പറഞ്ഞു.
സർക്കാർ ആർക്കും കമീഷൻ നൽകിയിട്ടില്ല
സംസ്ഥാന സർക്കാരോ ലൈഫ് മിഷനോ ആർക്കും കമീഷൻ നൽകിയിട്ടില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ റെഡ്‌ക്രസന്റാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ. വീട് വയ്‌ക്കാനുള്ള ഭൂമി സർക്കാരാണ് നൽകിയത്. ഇതല്ലാതെ സർക്കാരിനോ ലൈഫ്‌മിഷനോ ഇക്കാര്യത്തിൽ പണമിടപാടില്ല.
കരാർ ഏൽപ്പിച്ചതും ബിൽഡർക്ക് പണം നൽകിയതും റെഡ്‌ക്രസന്റാണ്. അതിൽനിന്ന് കമീഷൻ പറ്റിയെന്ന് എൻഐഎയ്‌ക്ക് ലഭിച്ച മൊഴി കോടതിയിൽ സമർപ്പിച്ചത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടേയുള്ളൂ. കോടതി ഇത് പരിശോധിക്കും. യഥാർഥ വസ്തുത എൻഐഎ തന്നെ കണ്ടുപിടിക്കുന്നതാകും ഉചിതം. കോടതിയിലാണ് മൊഴിയുള്ളത്. നിജസ്ഥിതി വ്യക്തമാകാത്തതിനാൽ ഔദ്യോഗികമായി വിവരം ലഭിച്ചാലേ സർക്കാരിന് പരിശോധിക്കാനാകൂ. മാധ്യമറിപ്പോർട്ട് വച്ച് സർക്കാരിന് എങ്ങനെ നിയമാനുസൃതമായി നടപടിയെടുക്കാൻ കഴിയും?
ഏത് അന്വേഷണത്തിനും സർക്കാർ എതിരല്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാട് തന്നെയാണ് എപ്പോഴും. ഏതുകാര്യവും എൻഐഎയ്‌ക്ക് അന്വേഷിക്കാം. അതിനെ ആരും തടസ്സപ്പെടുത്തില്ല. നിയമവിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചെങ്കിൽ കണ്ടെത്തട്ടെ. തന്റെ ഓഫീസിൽ വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. വിവാദ സ്‌ത്രീയെ സംരക്ഷിക്കേണ്ട ഒരാവശ്യവും സർക്കാരിനില്ലെന്നും കോടിയേരി പറഞ്ഞു.
No comments:
Post a Comment