Sunday, April 13, 2014

"പാല്‍തോണി" വിടവാങ്ങുന്നു

ഇടുക്കി: നിര്‍ദിഷ്ട അണക്കര വിമാനത്താവളത്തിനായി പാടം നികത്തല്‍ തുടങ്ങിയതോടെ ഇടുക്കിയുടെ പരമ്പരാഗത നെല്ലിനമായ "പാല്‍തോണി" വംശനാശഭീഷണിയില്‍. ഒരുമീറ്റര്‍ മുതല്‍ ഒന്നേകാല്‍ മീറ്റര്‍ നീളമുള്ള നെല്‍ച്ചെടിയാണിത്. വലുപ്പമേറിയ രുചികരമായ ചോറാണ് പാല്‍തോണിയുടെ പ്രത്യേകത. ഔഷധഗുണവുമുണ്ട്. പാല്‍തോണി രോഗപ്രതിരോധശേഷി നല്‍കുമെന്ന് വണ്ടന്‍മേട് കൃഷിഓഫീസര്‍ സിബി സെബാസ്റ്റ്യന്‍ പറഞ്ഞു. ജില്ലയില്‍ അണക്കരയില്‍ മാത്രമാണ് ഇപ്പോള്‍ ഈ തനതുവിത്ത് കൃഷിചെയ്യുന്നത്. കരനെല്‍കൃഷിക്കും പ്രകൃതി കൃഷിക്കും ഏറെ അനുയോജ്യമായ "പാല്‍തോണി"ഇല്ലാതാകുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

നെല്ല് പാകി ഞാറാക്കിയാണ് നടുക. ജൂലൈ-ആഗസത് മാസങ്ങളില്‍ ഞാറ് നടും. ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ്. 140ദിവസമാണ് പരമാവധി വളര്‍ച്ച. അണക്കര ഏലായില്‍ ആകെ 400 ഏക്കറിലാണ് കൃഷിയുള്ളത്. ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ ഒരു കൃഷിമാത്രമാണ് ചെയ്യുന്നത്. സെന്റ് പോള്‍സ് മാര്‍ത്തോമ്മാ കൃഷികൂട്ടായ്മയുടെ പ്രസിഡന്റും സെന്റ് മാര്‍ത്തോമ കാര്‍ഷിക വികസനസമിതി പ്രസിഡന്റുമായ ഫാ. ജോണ്‍ മാത്യുവിന് 100 കിലോ നെല്ലില്‍നിന്നും 76 കിലോ അരി ലഭിച്ചു. അരിമണിക്ക് വലുപ്പവും തവിടും കൂടുതലാണ്. ഉരുണ്ട വലുപ്പമുള്ള രുചികരമായ ചോറ്. കഴിച്ചാല്‍ മടുപ്പ് തോന്നില്ല. പ്രത്യേക രുചിയുണ്ട്. തവിടിന്റെ അംശം കൂടുതലുള്ളതിനാല്‍ രോഗപ്രതിരോധ ശക്തിയുണ്ട്.തവിട് കൊണ്ട് പുട്ട് ഉണ്ടാക്കാറുമുണ്ട്. പല്ല് തേക്കാനും ഉപയോഗിക്കാം.

പാല്‍തോണി നെല്ലിന് ക്വിന്റലിന് 2000 രൂപയാണ് വില. വിത്തിന് നല്‍കുമ്പോള്‍ കിലോയ്ക്ക് 40രൂപ ലഭിക്കും. മറ്റ് നെല്ലിനങ്ങള്‍ക്ക് വിലക്കുറവാണ്. ജ്യോതിക്ക് ക്വിന്റലിന് 1650 രൂപയെ കിട്ടൂ. പാല്‍തോണി മാര്‍ക്കറ്റില്‍ സുലഭമല്ല. പ്രകൃതി കൃഷിക്കാര്‍ വിത്തിനായി മൊത്തമായി വാങ്ങുകയാണ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി, വൈക്കം മേഖലയിലുള്ളവര്‍ കരക്കൃഷിക്കായി വിത്ത് വാങ്ങുന്നുണ്ട്. അണക്കരകുരുവിക്കാട്ട് ഏലയില്‍ 10 ഏക്കര്‍ കൃഷിചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്നും ഫാ. ജോണ്‍ കുറ്റപ്പെടുത്തി. ജൂലൈയില്‍ ഞാറ് നട്ട് കഴിഞ്ഞാല്‍ ഒരുമാസം നവ് മതി. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍, മുഞ്ഞ തുടങ്ങിയവ കാര്യമായി ബാധിക്കില്ല.

ജോബി ജോര്‍ജ് deshabhimani

No comments:

Post a Comment