Monday, April 7, 2014

ഞാവലിന്റെ പുതിയ ഇനം വയനാട്ടില്‍ കണ്ടെത്തി

പലോട്: വയനാട്ടിലെ പേരിയയിലെ നിത്യഹരിതവനങ്ങളില്‍നിന്ന് ഞാവലിന്റെ പുതിയ ഒരിനം വൃക്ഷത്തൈകൂടി കണ്ടെത്തി. "സൈസിജിയം ധനേഷ്യാ" എന്നാണ് ഈ പുതുസസ്യത്തിന് പേരിട്ടിട്ടുള്ളത്. പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ടി ഷാജു, എസ് എം ഷെരീഫ്, പയ്യന്നൂര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം കെ രതീഷ്കുമാര്‍ എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ ടി കെ ധനേഷ്കുമാറിനോടുള്ള ബഹുമാനപുരസരമാണ് സസ്യത്തിന് "സൈസിജിയം ധനേഷ്യാ" എന്ന പേര് നല്‍കിയിട്ടുള്ളത്. ബ്രിട്ടനില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് സസ്യത്തെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സഹ്യാദ്രിമേഖലയിലും ശ്രീലങ്കയിലെ നിത്യഹരിതവനങ്ങളിലും സാധാരണയായി കാണുന്ന "കരിഞാവല്‍" അഥവാ "സൈസിജിയം ഗാര്‍ഡ്നറി" എന്ന ഞാവലിനോടാണ് പുതിയ വൃക്ഷത്തിന് സാമ്യം.

ഏകദേശം 10 മീറ്റര്‍വരെ പൊക്കമുണ്ട്. ശാഖാഗ്രത്ത് മാത്രം കാണപ്പെടുന്ന മഞ്ഞകലര്‍ന്ന വെള്ള പൂക്കള്‍, താരതമ്യേന വലുപ്പമുള്ള കായ്കള്‍ എന്നിവ സവിശേഷതകളാണ്. ഇന്ത്യയിലാകെ കാണുന്ന ഞാവലിന്റെ 55 സ്പീഷിസുകളില്‍ 49 എണ്ണവും പശ്ചിമഘട്ട മേഖലകളിലാണ് കാണുന്നത് എന്ന പ്രത്യേകതയുമുണ്ട്.

deshabhimani

No comments:

Post a Comment