Saturday, May 31, 2014

മത്സ്യസമ്പത്തിനു ഭീഷണിയായി ഗോസ്റ്റ് ഫിഷിങ്

കൊല്ലം: കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം രാജ്യത്തിനു നേടിത്തരുന്ന മത്സ്യസമ്പത്തിനു ഭീഷണിയായി ഗോസ്റ്റ് ഫിഷിങ്. മത്സ്യസമ്പത്തിന് ഈ വിധം ഉണ്ടാകുന്ന വന്‍ശോഷണത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകള്‍ നശിച്ചാല്‍ അവ കടലില്‍തന്നെ തൊഴിലാളികള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഈ വലകള്‍ ഉപരിതലത്തില്‍ ഒഴുകിനടന്ന് മറ്റു മാലിന്യങ്ങളുമായി കൂടിക്കലര്‍ന്ന് അടിത്തട്ടില്‍ അടിയും. ഇവിടേക്ക് ആകര്‍ഷിക്കപ്പെടന്ന മത്സ്യങ്ങള്‍ വലക്കണ്ണികളില്‍ അകപ്പെട്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനാല്‍ വംശനാശംവരെ പല മത്സ്യഇനങ്ങള്‍ക്കും ഉണ്ടാകുന്നു. കൂടാതെ കടല്‍പാര് എന്നുകരുതി മുട്ടയിടാനും മറ്റും എത്തുന്ന മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതും മത്സ്യസമ്പത്തിനു വന്‍ഭീഷണിയാകുന്നു.

കടല്‍പക്ഷികള്‍, സസ്തനികള്‍, ഞണ്ട്, ആമ എന്നിവയെല്ലാം ഇതില്‍പ്പെട്ട് നശിക്കുന്നുണ്ട്. ഈ വലകളില്‍ കുരുങ്ങിക്കിടക്കുന്ന ഇരകളെ പിടിക്കാനെത്തുന്ന വന്‍മത്സ്യങ്ങളും ഗോസ്റ്റ് ഫിഷിങ്ങിന് ഇരയാകുന്നു. വലകള്‍ നശിക്കുംവരെ ഈ പ്രക്രിയ തുടരുന്നതിനാല്‍ "കടല്‍സ്ഥിതി"തന്നെ തകിടം മറിയുന്നു. ഈ വലകള്‍ പ്രൊപ്പല്ലറില്‍ കുടുങ്ങി ഫിഷിങ് ബോട്ടുകള്‍ തകരുന്നതും പതിവാണ്. ഇങ്ങനെ "ഗോസ്റ്റ് ഫിഷിങ"് വന്‍ വിപത്തായിട്ടും ഇതുസംബന്ധിച്ച പഠനത്തിനോ അവ ഒഴിവാക്കാനുള്ള നടപടികള്‍ക്കോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിദേശരാജ്യങ്ങളില്‍ പലയിടത്തും ഇത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ 2009ല്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 6,40,000 ടണ്‍ വല സമുദ്രത്തില്‍ ഉപേക്ഷിക്കുന്നതായി കണ്ടെത്തി. ഇതുവഴി പതിനായിരക്കണക്കിനു കടല്‍ജീവികള്‍ കൊല്ലപ്പെടുന്നതായും കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് അക്കാദമി ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 6.4 മില്യണ്‍ ടണ്‍ മാലിന്യം കടലില്‍ നിക്ഷേപിക്കുന്നതായും വ്യക്തമായി. ചരടും നാരും കൊണ്ട് നിര്‍മിച്ച പരമ്പരാഗത വലകള്‍ക്ക് പകരം ഇപ്പോള്‍ നൈലോണ്‍ വലകളാണ് മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഗില്‍നെറ്റ് വല, എന്റാഗ്ലിങ് വല, ട്രാമര്‍ വല എന്നിവയാണ് ഇവിടെ ഏറെയും ഉപയോഗിക്കുന്നത്. ഇത് 600 വര്‍ഷത്തോളം കടലില്‍ നശിക്കാതെ കിടക്കും. അടുത്തിടെ വൈപ്പിന്‍ എടവനക്കാടുനിന്ന് ഇത്തരത്തില്‍ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. 32.5 മീറ്റര്‍ നീളമുള്ള വലയില്‍ കുരുങ്ങിയ നിലയിലാണ് ഇതിനെ തീരക്കടലില്‍ കണ്ടത്. ഈ വലയ്ക്കൊപ്പം 24ഇനം വ്യത്യസ്ത വലകള്‍ കൂടിക്കലര്‍ന്നിരുന്നതായി സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഫിഷറീസ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷന്‍ പ്രിന്‍സിപ്പലുമായ വി കൃപ പറഞ്ഞു.

കേരളതീരത്ത് ഇത്തരത്തിലുള്ള മാലിന്യം സംബന്ധിച്ച ഒരു ഗവേഷണമോ പരിശോധനയോ നടന്നിട്ടില്ല. ഇവ പരിശോധിക്കാനും കടല്‍സമ്പത്ത് സംരക്ഷിക്കാനും നിയമംതന്നെ ആവിഷ്കരിക്കണം. വല കടലില്‍ ഉപേക്ഷിക്കാതെ തിരികെ എത്തിക്കാന്‍ വേണ്ട അവബോധം തൊഴിലാളികളില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. മുള്ളുവേലിയുടെ കമ്പികള്‍, ക്ലാഞ്ഞി, വല എന്നിവ ഉപയോഗിച്ചു നിര്‍മിക്കുന്ന കൃത്രിമപാരുകളും മത്സ്യസമ്പത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നു. ഈ പാരുകളില്‍ കുടുങ്ങി മൂന്നു ബോട്ടുകള്‍ തകര്‍ന്നതായി ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എസ് ജെയിംസ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കേരളതീരത്ത് ഇവ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ ജലമലിനീകരണം വ്യാപകമായതാണ് കേരളതീരത്തുനിന്നു ലഭിക്കുന്ന അയല, മത്തി, ചാള, നെത്തോലി, കാരല്‍, മണങ്ങ്, മാന്തല്‍ എന്നീ മത്സ്യങ്ങള്‍ക്കുണ്ടായിട്ടുള്ള രുചിഭേദത്തിനു കാരണമെന്ന് ഫിഷിറീസ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡി സഞ്ജീവഘോഷ് പറഞ്ഞു. മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്ന ഊളിസ്രാവ്, തേട്, തെരണ്ടി, ചെമ്പല്ലി, കോര എന്നിവയ്ക്ക് വംശനാശം സംഭവിച്ചതായി ആശങ്കയുമുണ്ട്.

പി ആര്‍ ദീപ്തി deshabhimani

No comments:

Post a Comment