Tuesday, August 11, 2020

വിൽക്കാനുള്ളതല്ല പരിസ്ഥിതി

 ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണത്തിന്റെ ഘടന ശക്തമല്ലെന്നും അതിൽ പലതും തിരുത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യം വ്യക്തമാണ്. ഇഐഎ ആ ഘടനയുടെ ഒരു ഭാഗമാണ്. 2020ൽ ലോക ബാങ്കിന്റെ ബിസിനസ് എളുപ്പമാക്കൽ സൂചികയിൽ, 190 രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി 63–--ാം സ്ഥാനത്തെത്തിയിരിക്കുന്നു. ഒറ്റ വർഷംകൊണ്ട് 14 സ്ഥാനമാണ് ഒറ്റയടിക്ക് കയറിപ്പോയത്. പക്ഷേ, യേൽ സർവകലാശാലയുടെ ആഗോള പരിസ്ഥിതി നിർവഹണ സൂചികയിൽ 180 രാജ്യങ്ങൾക്കിടയിൽ ഏറെ താഴ്‌ന്ന്‌ നൂറ്റിഅറുപത്തെട്ടാം സ്ഥാനത്തെത്തി, ഒറ്റയടിക്ക് 29 പോയിന്റ്‌ താഴ്ച.

പരിസ്ഥിതികാര്യത്തിൽ വെള്ളം ചേർക്കുകയാണ്‌ കേന്ദ്രസർക്കാർ. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച്‌  ഉപജീവനമാർഗം കണ്ടെത്തുന്നവർക്കും പരിസ്ഥിതിക്കുതന്നെയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തി കച്ചവടക്കാരെ സഹായിക്കുന്നതിലാണ് കേന്ദ്രസർക്കാരിന്റെ മുൻഗണന. 2006ലെ ഇഐഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് ഒന്നരദശകം കഴിയുമ്പോൾ, മാർഗനിർദേശങ്ങൾ പുതുക്കിയെഴുതി കുറേക്കൂടി കർശനനിയന്ത്രണങ്ങൾ ഉറപ്പുവരുത്താനും കഴിയേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ അതിന് നേർ വിപരീതമായാണ് കേന്ദ്രം ഇടപെട്ടത്.

1) 2020ലെ പരിസ്ഥിതി ആഘാതപഠനം( എൻവയോൺമെന്റ്‌ ഇംപാക്‌ട്‌ അസസ്‌മെന്റ്‌ഇഐഎ) കരട് പുറപ്പെടുവിച്ചത് 1986ലെ പരിസ്ഥിതി സംരക്ഷണ ആക്ടിലെ 3–--ാം വകുപ്പനുസരിച്ചാണ്. പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുകയും കുറച്ചുകൊണ്ടുവരികയും ചെയ്യുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിന് നൽകുന്ന വകുപ്പാണിത്.

2020ലെ കരട് ഇഐഎ ആകട്ടെ, "പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക' എന്ന നിയമപ്രകാരമുള്ള ഉപാധി നിറവേറ്റുന്നതിനുപകരം  വെള്ളം ചേർക്കലിനാണ് ശ്രമിക്കുന്നത്. 2006ലെ ഇഐഎ നിർദേശങ്ങളെ മറികടക്കുക മാത്രമല്ല, പരിസ്ഥിതി നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന് കേന്ദ്രം നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയടക്കമുള്ള കോടതികളും നൽകിയ ഉത്തരവുകളെ കാറ്റിൽ പറത്താൻ കൂടിയാണ് ഈ കരട് തയ്യാറാക്കിയത്.  ഇതിന്റെ നിയമസാധുതതന്നെ സംശയാസ്പദമാണ്.

2) കോർപറേറ്റ് താൽപ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതിനും "ബിസിനസ്‌  എളുപ്പമാക്കൽ' നടപ്പാക്കി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണിത്‌. ഖനനത്തിനുള്ള പരിസ്ഥിതി മാനദണ്ഡങ്ങൾ ലഘൂകരിച്ച് അതിനെ "ഉദാരവൽക്കരിക്കു'ന്നതും നിയന്ത്രണ വിമുക്തമാക്കുന്നതും ഈ സമീപനത്തിന്റെ ഭാഗമായാണ്. പ്രസ്തുത മാറ്റങ്ങൾ കോർപറേറ്റ് താൽപ്പര്യങ്ങളാൽ നയിക്കപ്പെട്ടവയാണ്. ഇഐഎ റിപ്പോർട്ടുകളുടെ സംഗ്രഹങ്ങൾ മാത്രമാണ് പൊതുചർച്ചയ്‌ക്കായി ലഭ്യമാകുക. 2020ലെ കരടാകട്ടെ, കുറേക്കൂടി ദുർഗ്രഹമാക്കും.

3) ഏറ്റവും പ്രതിഷേധാർഹമായ കാര്യം. പരിസ്ഥിതി നിയന്ത്രണങ്ങളിലെ ഈ വെള്ളം ചേർക്കലുകൾ കാരണം പ്രയാസമനുഭവിക്കുന്ന ആദിവാസികളുടെ ഉൽക്കണ്ഠകൾ ചെറുതായിപ്പോലും കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നതാണ്. ആദിവാസി, ഗോത്രജനം, ഗ്രാമസഭ, വനാവകാശം, അഞ്ചാം പട്ടിക, ആറാം പട്ടിക പിഇഎസ്എ തുടങ്ങിയ വാക്കുകൾതന്നെ ഇതിൽ പരാമർശിക്കപ്പെടുന്നില്ല. ആദിവാസികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളാണ് അവഗണിക്കപ്പെടുന്നത്. വിജ്ഞാപനം തള്ളിക്കളയുന്നതിന് അതുമാത്രം മതി.

4) ഹൈദരാബാദിലെ എഎസ്‌സി തയ്യാറാക്കി 2010 ഫെബ്രുവരിയിൽ പ്രസിദ്ധപ്പെടുത്തിയ ധാതുഖനനത്തിനുള്ള ഇഐഎ ഗൈഡൻസ് മാനുവൽ 2006ലെ ഇഐഎ നിർവചനങ്ങളെയും വ്യവസ്ഥകളെയും ബന്ധപ്പെടുത്തിയാണ് തയ്യാറാക്കപ്പെട്ടത്. 2020ലെ ഈ പുതിയ ഇഐഎ കരട് വഴി ഈ മാർഗനിർദേശങ്ങൾ അസാധുവാക്കപ്പെടുമ്പോൾ, 2010ലെ മാന്വലിലെ മാർഗനിർദേശങ്ങളുടെ അവസ്ഥ എന്താകും? ഖനനമേഖല വാണിജ്യ താൽപ്പര്യങ്ങൾക്ക് തുറന്നുകൊടുക്കുന്ന സാഹചര്യത്തിൽ ഇതിന് പ്രാധാന്യം ഏറുകയാണ്.

ഇത്തരം ഖനനം കാരണം, അതിനു ചുറ്റുമുള്ള വായുവും വെള്ളവും ഭൂമിയും നശിക്കുന്നത് നാം കണ്ടുവരികയാണ്. 2020ലെ കരട് ഇഐഎ ഇക്കാര്യം പരിഗണിക്കുന്നതോ പോകട്ടെ, ഖനിത്തൊഴിലാളികൾ "കശാപ്പ് ഖനനം' എന്നുവിളിക്കുന്ന ഇത്തരം ഖനനങ്ങളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച്  ഉരിയാടുന്നതേയില്ല. ഖനികൾ അടച്ചുപൂട്ടുമ്പോൾ ഭൂമി പഴയ മട്ടിലാക്കിക്കൊടുക്കണം എന്നാണ് 2010 ലെ മാന്വൽ പറയുന്നത്. അത് ആരുടെ ഉത്തരവാദിത്തമാന്നെന്നോ ആരാണ് നിരീക്ഷിക്കുക എന്നോ ഉള്ള കാര്യത്തിൽ മൗനംമാത്രം. വൻതോതിൽ പരിസ്ഥിതിനാശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ഈ പ്രശ്നത്തിന് അടിയന്തര പരിഗണന ലഭിക്കേണ്ടതാണ്. പക്ഷേ, കരട് ഇക്കാര്യത്തിൽ നിശ്ശബ്ദമാണ്.

5) ചില വിഷയങ്ങളിൽ ഈ കരട് അധികാര കേന്ദ്രീകരണം ഉറപ്പാക്കുന്നു. ഉദാഹരണത്തിന്  6, 7, 8, 9 വകുപ്പുകൾ നോക്കുക. വിദഗ്ധ വിലയിരുത്തൽ കമ്മിറ്റിയിലും സാങ്കേതിക കമ്മിറ്റിയിലും ആളെ നിയമിക്കാനുള്ള ഏകാവകാശം കേന്ദ്രത്തിനാണ്. സംസ്ഥാന തലത്തിലുള്ള ഇഐഎഎസികൾ നിയമിക്കാനുള്ള അധികാരംകൂടി കവർന്നെടുത്തുകൊണ്ട് ഇടപെടാനാണ് നീക്കം.

6) തങ്ങൾ ആഗ്രഹിച്ചതിൻപടി പെരുമാറാത്ത കമ്മിറ്റികൾക്കുപകരം സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും ഒന്നിലേറെ വിദഗ്ധ സമിതികൾ നിയമിക്കാനുള്ള അധികാരം 11–--ാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് നൽകുകയാണ്.

സംസ്ഥാനത്തോടുപോലും ആലോചിക്കാതെ മറ്റൊരു കമ്മിറ്റിയെ കേന്ദ്രത്തിന് നിയമിക്കാം. കമ്മിറ്റിക്ക് ജനാധിപത്യപരമായ സാമൂഹ്യഘടന ഉറപ്പുവരുത്താനായി വേണ്ട വനിത–- -പട്ടിക വിഭാഗ പ്രാതിനിധ്യം നൽകണം. ഇതിനും പുറമെ, ആശങ്കപ്പെടേണ്ടതായ നാല് പ്രധാന വശമുണ്ട് ഈ കരടിന്.

1)വിലയിരുത്തൽ സമിതിയുടെയും പൊതുജനങ്ങളുടെയും പരിശോധനയിൽനിന്നും വിലയിരുത്തലിൽനിന്നും ഒഴിവാക്കാനായി ചില പദ്ധതികളുടെ തരം മാറ്റിയത്.

2) പൊതുജനങ്ങളുമായി ചർച്ച ചെയ്യുക എന്നത് ചില കാര്യങ്ങളിൽ നിർവീര്യമാക്കി.

3) വിവിധപദ്ധതികൾ നടത്തുന്ന നിയമലംഘനങ്ങൾ പിന്നീട് സാധൂകരിച്ച് കൊടുക്കുന്നത്.

4)വിവിധ  പ്രോജക്ടുകൾക്ക് ഇളവ് കൊടുക്കുന്നത്.

ഉദാഹരണത്തിന് 5–--ാംവകുപ്പ് മലിനീകരണവ്യവസായങ്ങളെയടക്കം പാരിസ്ഥിതിക അനുമതിയോ പൊതുജനങ്ങളുമായുള്ള കൂടിയാലോചനയോ ഇല്ലാതെയും വിലയിരുത്തൽ സമിതിയുടെ പരിശോധന കൂടാതെയും പ്രവർത്തനാനുമതി നൽകാവുന്ന പട്ടികയിൽ പെടുത്തുകയാണ്. ഇതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന കാര്യങ്ങൾപോലും ലംഘിക്കപ്പെടുകയാണ്. റിയൽ എസ്റ്റേറ്റ് - കൺസ്ട്രക്‌ഷൻ മേഖലയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കുകയാണ്. വിലയിരുത്തൽ സമിതിയുടെ പരിശോധനകൾ 50,000 മുതൽ 1,50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നിർമാണങ്ങൾക്കേ വേണ്ടൂ എന്ന നിർദേശം അസ്വീകാര്യവുമാണ്. 20,000 മുതൽ 50,000 ച. മീറ്റർ വരെയുള്ള പ്രോജക്ടുകൾ വിലയിരുത്തലിൽനിന്നും പൊതുജനഹിയറിങ്ങിൽനിന്നും ഒഴിവാക്കി. 20,000ത്തിൽ താഴെയുള്ള നിർമാണങ്ങൾക്ക് പാരിസ്ഥിതിക അനുമതിയേ വേണ്ട.

2006 നിയമത്തിലെ വ്യവസ്ഥകൾ 50,000ത്തിനും 1,50,000ത്തിനും ഇടയ്‌ക്ക് വിസ്തീർണമുള്ള പ്രോജക്ടുകളുടെ കാര്യത്തിൽ ഒഴിവാക്കിക്കൊടുക്കാനുള്ള മന്ത്രാലയത്തിന്റെ ഭേദഗതി ഹരിത ട്രിബ്യൂണൽ റദ്ദാക്കിയതാണ്. സർക്കാർ അപ്പീൽ പോയെങ്കിലും സുപ്രീംകോടതി ട്രിബ്യൂണൽ വിധി ശരി വയ്‌ക്കുകയായിരുന്നു. അത് മറികടക്കാനായുള്ള ഈ  പുതിയ വിജ്ഞാപനം അംഗീകരിക്കാനാകില്ല. മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യമാണ് എണ്ണ പര്യവേക്ഷണത്തെ ബി–-ടു പട്ടികയിൽ ഉൾപ്പെടുത്തിയത്. മറ്റു പല മലിനീകരണവ്യവസായങ്ങളെയും ഇങ്ങനെ ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്.

മറ്റൊരു വകുപ്പിൽ ( 5.7) നിർവചനങ്ങൾ അവ്യക്തമാക്കിയാണ് കോർപറേറ്റുകളെ സഹായിക്കുന്നത്. തന്ത്രപ്രധാനം എന്ന് പേരിട്ട് ഏത് വ്യവസായത്തിനും പരിസ്ഥിതി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവ് കൊടുക്കാൻ വേണ്ടിയാണിത്.

കൈത്തൊഴിൽകാർക്കും പ്രാദേശിക സമൂഹങ്ങൾക്കും പ്രകൃതി വിഭവങ്ങൾക്കുമേൽ അവകാശം നിഷേധിക്കരുത്. സോളാർ തെർമൽ പ്ലാന്റുകളെയും 2000 ഹെക്ടറിനു കീഴിലുള്ള ജലസേചന പദ്ധതികളെയും പ്രതിരോധസാമഗ്രികളുടെ നിർമാണ പദ്ധതികളെയും ഒക്കെ ഇതിൽ പെടുത്തിയാലോ? ഇത്തരം യൂണിറ്റുകൾക്ക് തരംമാറ്റം അനുവദിക്കരുത്.

എല്ലാ പദ്ധതികൾക്കും അവ കാരണം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന ജനങ്ങളുമായുള്ള കൂടിയാലോചന നിർബന്ധമാക്കണം. പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടുകൾ പ്രാദേശികഭാഷയിൽ ലഭ്യമാക്കണം. വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഗ്രാമസഭകളിൽ കൂടിയാലോചനകൾ നടത്തണം.

നിയമലംഘനം കൈകാര്യം ചെയ്യുന്ന 22, 23 വകുപ്പുകൾ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്ന കുറ്റവാളികളെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. നിയമലംഘനത്തെക്കുറിച്ച് തദ്ദേശവാസികൾക്കോ മറ്റുള്ളവർക്കോ റിപ്പോർട്ട് ചെയ്യാനുള്ള അവകാശംപോലും അത് അംഗീകരിക്കുന്നില്ല.  പിഴയടച്ച്  രക്ഷപ്പെടാം. ഇത്തരം നടപടികൾ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയും വിലക്കിയതാണ്. ഈ വകുപ്പുകൾ അപ്പടി റദ്ദാക്കണം.

വകുപ്പ് 3.16 കോർപറേറ്റ് പാരിസ്ഥിതിക ഉത്തരവാദിത്തത്തെ നിർവചിക്കുന്നുണ്ട്. പക്ഷേ, അതിന്റെ തുക നിശ്ചയിക്കുന്നില്ല, പകരം അതുകൂടി പദ്ധതിച്ചെലവായിട്ടാണ് കാട്ടുക. 19--.1 വകുപ്പ് സവിശേഷമായ ഒന്നാണ്. 2006 ലെ ഇഐഎ പ്രകാരം പ്രോജക്ട്‌ കാലാവധി 30 വർഷമായിരുന്നു. പുതിയ വിജ്ഞാപനം അത് 50 വർഷമാക്കി ഉയർത്തുകയാണ്. സ്വകാര്യ ഖനനക്കമ്പനികൾക്ക് പ്രകൃതിവിഭവങ്ങൾ ഇങ്ങനെ പകുത്തുകൊടുക്കാൻ അനുവദിച്ചുകൂടാ.ജില്ലാതല മിനറൽ ഫണ്ട് തദ്ദേശവാസികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്നതിനുപകരം ക്ലസ്റ്റർ ആവശ്യത്തിന് വകതിരിച്ചുവിടരുത്‌. അതുകൊണ്ടുതന്നെ 24. 3 ബി വകുപ്പ് തള്ളിക്കളയണം. ഈ വിജ്ഞാപനം കോർപറേറ്റുകളെ സഹായിക്കാൻ ഉള്ളതാണ്. അത് പിൻവലിക്കണം. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിച്ച് മാറ്റിയെഴുതണം. അതേ പരിസ്ഥിതിക്കും ജനങ്ങൾക്കും രാജ്യത്തിനും ഗുണം ചെയ്യൂ.

*

ബൃന്ദ കാരാട്ട്

No comments:

Post a Comment