Wednesday, March 26, 2014

പച്ചക്കള്ളം പറയാന്‍ ജാള്യമില്ലെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചു: പിണറായി

കാര്യസാധ്യത്തിന് പച്ചക്കള്ളം പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജാള്യമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകള്‍ ഇതിന് തെളിവാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ കള്ളം പറയുന്നത് ശരിയാണോ എന്ന് ഉമ്മന്‍ചാണ്ടി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13ന്റെ വിജ്ഞാപനം നിലനില്‍ക്കുമെന്ന് തിങ്കളാഴ്ച ഹരിത ട്രിബ്യൂണല്‍ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അസന്നിഗ്ധമായി പറഞ്ഞു. എന്നിട്ടും ഉമ്മന്‍ചാണ്ടി വസ്തുതാവിരുദ്ധമായ അവകാശവാദം ഉന്നയിക്കുകയാണ്. കരട് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ 13ന്റെ വിജ്ഞാപനം നിലനില്‍ക്കില്ലെന്നും കര്‍ഷകരുടെ എല്ലാ ആശങ്കകളും തീര്‍ന്നെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളെ പറ്റിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്ന് ആ ഘട്ടത്തില്‍ത്തന്നെ വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ ഹരിത ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഇത് ഒരിക്കല്‍ക്കൂടി വ്യക്തമായി. എന്നിട്ടും ഉമ്മന്‍ചാണ്ടിക്ക് കള്ളം പറയാന്‍ ഒരു മടിയുമില്ല.

തീരദേശസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കാരണം തീരദേശവാസികളും കുടിയൊഴിഞ്ഞുപോകേണ്ട അവസ്ഥയിലായി. മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ നഷ്ടപ്പെടുന്ന സ്ഥിതി. വീടിന്റെ അറ്റകുറ്റപ്പണിപോലും നടത്താന്‍ പറ്റുന്നില്ല. അതേമസയം, അഞ്ച് കോടിയിലധികം രൂപ ചെലവിടുന്ന റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ പണിയാന്‍ ഇളവും നല്‍കുന്നു. റിസോര്‍ട്ടുടമകള്‍ക്കും അതിസമ്പന്നര്‍ക്കും തീരദേശം പ്രാപ്യമാകുമ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്നു. ഇക്കാര്യത്തിലും വലിയ ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. അവയെല്ലാം പാഴ്വാക്കാണെന്ന് വ്യക്തമായി. ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്തതുകൊണ്ടാണ് ജനങ്ങള്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ടി ഗോപകുമാര്‍ സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment