Thursday, April 24, 2014

വണ്ടിപ്പെരിയാറില്‍ 7000 കുടുംബങ്ങള്‍ ഭീതിയില്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ബയോഡൈവേഴ്സിറ്റി ബോര്‍ഡ് പരിസ്ഥിതിലോല ഭൂപട നിര്‍ണയത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ വണ്ടിപ്പെരിയാറിലെ ഏഴായിരത്തോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തി. ബയോഡൈവേഴ്സിറ്റി ബോര്‍ഡ് നല്‍കിയ മാപ്പില്‍ പഞ്ചായത്തിലെ ഭൂമിയെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് നിറംകൊടുത്ത് തിരികെ നല്‍കേണ്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്. വനഭൂമി ഇളം പച്ചനിറത്തിലാണ് അടയാളപ്പെടുത്തേണ്ടത്. വാസസ്ഥലങ്ങള്‍ ഇളം ചുമപ്പ് നിറത്തില്‍ രേഖപ്പെടുത്തണം. ഇത്തരത്തില്‍ ജലാശയങ്ങളും നദികളുമുള്‍പ്പെടെ വിവിധ പ്രദേശങ്ങളായി തിരിച്ച് നിറം കൊടുക്കണം. വണ്ടിപ്പെരിയാറില്‍ പഞ്ചായത്തില്‍ പീരുമേട്, ഏലപ്പാറ, പെരിയാര്‍, മഞ്ചുമല എന്നീ നാല് വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ഏലപ്പാറ പഞ്ചായത്തിനെ ഇഎസ്എ പരിധിയില്‍ നിന്നും നീക്കിയിരുന്നു. ബാക്കി വരുന്ന വില്ലേജുകളില്‍ പെരിയാര്‍, മഞ്ചുമല എന്നിവയുടെ മാപ്പുകളാണ് ബയോ ഡൈവേഴ്സിറ്റി ബോര്‍ഡില്‍ നിന്ന് പഞ്ചായത്തിന് ലഭിച്ചത്. പീരുമേട് വില്ലേജിലെ മാപ്പ് ഇതുവരേയും ലഭ്യമായിട്ടില്ല. ഇതിനാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വ്യക്തമായ വിവരങ്ങള്‍ തയാറാക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. പീരുമേട് വില്ലേജിലെ മാപ്പ് പീരുമേട് പഞ്ചായത്ത് വഴിയാണ് ലഭ്യമാക്കേണ്ടത്.

മാപ്പ് തയാറാക്കുമ്പോള്‍ എക്സല്‍ ഷീറ്റില്‍ ജില്ലാ, താലൂക്ക്, വില്ലേജ്, വിസ്തീര്‍ണം, അതിരുകള്‍, പഞ്ചായത്ത് തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ആദ്യം ചേര്‍ക്കുന്നത്. തുടര്‍ന്ന് താഴെയുള്ള കോളങ്ങളില്‍ സര്‍വെ-ബ്ലോക്ക്-നമ്പര്‍, സര്‍വെ നമ്പര്‍, സര്‍വെ സബ്ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍, ഉടമസ്ഥന്‍, ഭൂപ്രകൃതി, ഭൂമിയുടെ ഘടന, ഭൂവിനിയോഗം, ഭൂവിനിയോഗം മുഴുവന്‍/ഭാഗികം, പഞ്ചായത്തിന്റെ പേര്, മറ്റുകാര്യങ്ങള്‍ എന്നിവ വിശദമായി രേഖപ്പെടുത്തണം. ഒഴിവാക്കപ്പെട്ട ഏലപ്പാറ വില്ലേജിലെ പ്രദേശങ്ങളൊഴികെ പീരുമേട്, പെരിയാര്‍, മഞ്ചുമല വില്ലേജുകളിലായി പട്ടയമില്ലാത്ത ഏഴായിരത്തോളം ആളുകളുണ്ട്. ഇതില്‍ നിരവധി കര്‍ഷകരും ഉള്‍പ്പെടും. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള ആയിരത്തിലധികം പേരും ഇതില്‍ ഉള്‍പ്പെടും. പട്ടയമില്ലാത്തിനാല്‍ തണ്ടപ്പേര്‍ ലഭ്യമല്ല. ഇങ്ങനെയുള്ള ഭൂമി ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഭൂമി എന്ന ഗണത്തില്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബ്ലോക്ക്-കലക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങള്‍ താമസസ്ഥലം ഉപേക്ഷിച്ച് പോകേണ്ടിവരും. ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് നല്‍കിയാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങളെ ഭാവിയില്‍ കുടിയിറക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും ആയതിനാല്‍ ഈ പ്രദേശങ്ങളെയും ജനവാസ മേഖല എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി മാത്രമേ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കുകയുള്ളുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി വിജയാനന്ദ് അറിയിച്ചു.

പഞ്ചായത്തുകള്‍ ഊരാക്കുടുക്കില്‍

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പഞ്ചായത്തുകള്‍ക്ക് ഊരാക്കുടുക്കാവുന്നു. ഇഎസ്എ പരിധിയില്‍ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസത്തിനിടെ പഞ്ചായത്തുകള്‍ നാലാം തവണയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ല. ഇതിനാല്‍ ഇനി നല്‍കുന്ന റിപ്പോര്‍ട്ടും പ്രഹസനമാകുമെന്നാണ് പഞ്ചായത്തുകളുടെ ആശങ്ക. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആശങ്ക ഏറിയതും പ്രതിഷേധം ശക്തമായതിനെയും തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി ജില്ലയില്‍ സഞ്ചരിച്ച് ജനങ്ങളുടെ ആശങ്ക നേരില്‍ കാണുകയും ചെയ്തു. പീരുമേട് താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍ കുമളിയിലെത്തി കമ്മിറ്റിയെ നേരില്‍ കണ്ട് ആശങ്ക അറിയിക്കുകയും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പ്രദേശങ്ങളെ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തിയതെന്നും ആയതിനാല്‍ ഒഴിവാക്കണമെന്നും വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ ആവശ്യപ്പെടുകയൂം ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടായില്ല.

തുടര്‍ന്ന് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രത്യേക റിപ്പോര്‍ട്ടും മാപ്പിനകത്ത് വിശദാംശങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. വണ്ടിപ്പെരിയാറിലെ 23 വാര്‍ഡുകളിലേയും വിശദാംശം ഉള്‍പ്പെടുത്തി 30 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ഉമ്മന്‍ വി ഉമ്മന്‍ ഇറക്കിയ മാപ്പില്‍ ഒഴിവാക്കേണ്ട പ്രദേശങ്ങളെ ഒഴിവാക്കാതെയാണ് മാപ്പ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഉമ്മന്‍ വി ഉമ്മന്‍ കമീഷന്‍ മുമ്പാകെ വീണ്ടും ഭേദഗതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നിന്നും തിരുവനന്തപുരത്തെ ഓഫീസില്‍ എത്തി മാപ്പും മറ്റ് നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. അവര്‍ ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ പുതുക്കിയ മാപ്പില്‍ ഒഴിവാക്കുമെന്ന് പറഞ്ഞ മുഴുവന്‍ പ്രദേശങ്ങളും വീണ്ടും ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് വില്ലേജ് അടിസ്ഥാനത്തില്‍ വീണ്ടും മാപ്പ് തയാറാക്കി നല്‍കാന്‍ വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളോട് ആവശ്യപ്പെട്ടത്. വണ്ടിപ്പെരിയാര്‍ 23ന് കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വസ്തുത ഇതായിരിക്കെ സംഭവം എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസും യുഡിഎഫും ശ്രമിച്ചത്.

deshabhimani

No comments:

Post a Comment