Monday, April 21, 2014

മത്തിയും അയലയും വാസകേന്ദ്രം മാറ്റുന്നു

കണ്ണൂര്‍: സാധാരണക്കാരുടെ ഇഷ്ടവിഭവമായ മത്തിയുടെയും അയലയുടെയും ലഭ്യത കുറയുന്നു. ഇവയുടെ വംശവര്‍ധനയില്‍ വന്‍ കുറവുണ്ടാകുന്നതും അധിവാസകേന്ദ്രം മാറ്റുന്നതുമാണ് കാരണം. കേരളത്തിന്റെ കടല്‍പ്രദേശങ്ങളില്‍നിന്ന് ബംഗ്ലാദേശ് മേഖലയിലേക്കാണ് മത്സ്യസഞ്ചാരം. കാലാവസ്ഥാ വ്യതിയാനം, കടലിലെ മാലിന്യനിക്ഷേപം, അമ്ലത, ജലത്തിലെ ചൂട് തുടങ്ങിയവയാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. മീനുകള്‍ അധിവാസകേന്ദ്രം മാറ്റുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായതോടെ മത്സ്യലഭ്യതാകേന്ദ്രങ്ങള്‍ നിര്‍ണയിക്കാന്‍ കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേകപഠനം ആരംഭിച്ചിട്ടുണ്ട്. അയല, മത്തി തുടങ്ങിയ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള മീനുകളാണ് കടലിലെ മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നത്.

കേരളപ്രദേശത്തെ കടല്‍വെള്ളത്തിന്റെ താപനില വര്‍ധിക്കുന്നതുപോലും ഇവയെ സ്ഥലംമാറ്റത്തിന് പ്രേരിപ്പിക്കുന്നു. മുട്ടയിടാനെത്തുന്ന മീന്‍കൂട്ടങ്ങളെയും അല്ലാത്തവയെയും നിര്‍ണയിക്കുകയാണ് സിഎംഎഫ്ആര്‍ഐയുടെ ലക്ഷ്യം. വിവിധ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പഠനം. വടക്കന്‍ കേരളത്തിലും മറ്റും ചില പ്രത്യേകകേന്ദ്രങ്ങളില്‍ മീന്‍കൂട്ടങ്ങളെ കാണാനാകുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്ന ഇത്തരം മീനുകളുടെ സാമ്പിള്‍ ശേഖരിക്കും. മുട്ടയിടാന്‍ എത്തുന്നവയാണെങ്കില്‍ പിടിക്കാതെ ഒഴിവാക്കുകയാണ് ഉദ്ദേശം. കണ്ണൂര്‍, പൊന്നാനി, ബേപ്പൂര്‍, തലശേരി, കോഴിക്കോട്, കാസര്‍കോട് പ്രദേശങ്ങളിലാണ് വിവിധയിനത്തിലുള്ള മീന്‍കൂട്ടങ്ങള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യയുടെ തെക്കന്‍ മേഖലയിലെ പ്രധാന ഇനമാണ് നെയ്മത്തി. വടക്കുപടിഞ്ഞാറ് മേഖലയിലാണ് അയലയുടെ ആധിപത്യം. രണ്ടിടങ്ങളിലും ഇവയുടെ സാന്നിധ്യം കുറയുന്നത് പരമ്പരാഗത മീന്‍പിടിത്തക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. കണ്ണൂരിലും ബേപ്പൂരിലും അയല, മത്തി എന്നിവ മുട്ടയിടാനെത്താറുണ്ട്്. വലിയ കൂട്ടങ്ങളായാണ് വരവ്. യന്ത്രവല്‍കൃത ബോട്ടുകളുടെ വലയില്‍പ്പെട്ടാല്‍ മുട്ടയിടല്‍ മുടങ്ങും. ഇത്തരം രീതി തുടര്‍ന്നാല്‍ ഭാവിയില്‍ മത്തിയും അയലയും തീരെ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. മണ്‍സൂണില്‍ മുട്ടയിടുന്ന കിളിമീന്‍, തിരണ്ടി, കണവ, നത്തോലി എന്നിവയും ഈ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും താരതമ്യേന ചെറുകൂട്ടങ്ങളാണ് അവ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പുറംകടലില്‍ പ്രജനത്തിനെത്തുന്ന മീനുകളെ യന്ത്രവല്‍കൃത വലകള്‍ പൂര്‍ണമായും കോരിയെടുക്കുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാനുള്ള ട്രോളിങ് ഈ മണ്‍സൂണ്‍ മുതല്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് ഫിഷറീസ് വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സതീഷ്ഗോപി deshabhimani

No comments:

Post a Comment