Monday, April 14, 2014

കുമരകം പക്ഷിസങ്കേതത്തില്‍ വര്‍ണക്കൊക്കുകളുടെ ചിറകടി

കോട്ടയം: പക്ഷിനിരീക്ഷകര്‍ക്ക് ആഹ്ലാദിക്കാന്‍ കുമരകം പക്ഷിസങ്കേതത്തില്‍നിന്ന് പുതിയ അതിഥിയുടെ ചിറകടി. കെടിഡിസിയുടെ ചുമതലയിലുള്ള കവണാറ്റിന്‍കരയിലെ പക്ഷിസങ്കേതത്തില്‍ വര്‍ണക്കൊക്കുകള്‍ (പെയിന്റ്ഡ് സ്റ്റോര്‍ക്ക്) കൂടുകൂട്ടുന്നതായി കണ്ടെത്തി. ദേശാടനപക്ഷികളുടേതടക്കം സഞ്ചാരനാടായ കുമരകത്ത് ഇപ്പോള്‍ പക്ഷികളുടെ പ്രജനകാലം കൂടിയാണ്. ഇതിനിടയിലാണ് പുതിയ അതിഥിയുടെ വരവ്. കേരളത്തില്‍ ആദ്യമായാണ് വര്‍ണക്കൊക്കുകള്‍ കൂടൊരുക്കുന്നത് കണ്ടെത്തിയത്. കോട്ടയം നേച്ചര്‍സൊസൈറ്റി അംഗവും പക്ഷിസങ്കേതത്തിലെ നാച്ചുറലിസ്റ്റുമായ സിബി മോസസിന്റെ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേച്ചര്‍സൊസൈറ്റി സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍ നടത്തിയ നിരീക്ഷണത്തില്‍ വര്‍ണക്കൊക്കുകളുടെ മൂന്നു കൂടുകളും കണ്ടെത്തി.

 കര്‍ണാടകം, തമിഴ്നാട് പ്രദേശങ്ങളില്‍ നിന്നാണ് വര്‍ണക്കൊക്കുകളുടെ വരവ്. ചതുപ്പുകളിലും പാടങ്ങളിലും കായലോരങ്ങളിലും കാണപ്പെടുന്ന ഇവ നിവര്‍ന്നുനിന്നാല്‍ ഒരുമീറ്ററോളം ഉയരമുണ്ട്. ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സംഘടനയായ ഐസിസിഎന്നിന്റെ ചുവപ്പുപട്ടികയില്‍ (വംശനാശം വന്നുകൊണ്ടിരിക്കുന്ന പക്ഷികളെ ക്കുറിച്ചുള്ള സൂചന) ഇടംനേടിയതാണ് വര്‍ണക്കൊക്കുകളെന്ന് പക്ഷിനിരീക്ഷനായ ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. ഇവയുടെ സംരക്ഷണത്തിന് അധികൃതര്‍ നടപടി സ്വീകരിക്കണം. വര്‍ണക്കൊക്കുകള്‍ വിരുന്നെത്തിയതോടെ പക്ഷിസങ്കേതത്തിന്റെ പ്രാധാന്യം വര്‍ധിച്ചതായി കെടിഡിസി വാട്ടര്‍സ്കേപ്പ് മാനേജര്‍ ഗോപു ചന്ദ്രന്‍ പറഞ്ഞു. ചായമുണ്ടി, പാതിരാക്കൊക്ക്, പെരുമുണ്ടി, ചേരക്കോഴി, കിന്നരി നീര്‍ക്കാക്ക, ചെറിയ നീര്‍ക്കാക്ക, ചിന്ന കൊക്ക് തുടങ്ങിയ പക്ഷികളാണ് കുമരകം പക്ഷിസങ്കേതത്തില്‍ കൂടൊരുക്കുന്നത്. 11 തരം നീര്‍പക്ഷികള്‍ കൂടുകൂട്ടുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രവുമാണ് കുമരകം പക്ഷിസങ്കേതം. ജൂണ്‍ ആകുന്നതോടെ പല പക്ഷികളുടേതായി ഏകദേശം നാലായിരത്തിലധികം കൂടുകള്‍ കാണാനാകും. ഫെബ്രുവരി മുതല്‍ നവംബര്‍ വരെയാണ് നീര്‍പ്പക്ഷികളുടെ കൂടൊരുക്കല്‍. ലോകത്താകെ പതിനായിരത്തില്‍ താഴെയുള്ള ചേരക്കോഴിയെ കുമരകം പക്ഷിസങ്കേതത്തില്‍ അറുനൂറിലേറെ കണ്ടെത്തിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment