ന്യൂഡല്‍ഹി: പരിസ്ഥിതിലോല മേഖലകളില്‍ പാരിസ്ഥിതികാനുമതിയില്ലാതെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ ഈ ചോദ്യം ഉന്നയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതി ദുര്‍ബലമേഖലകളില്‍ പാരിസ്ഥിതികാനുമതിയില്ലാതെ എങ്ങനെ പാറമടകള്‍ക്ക് അനുമതി നല്‍കുമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടു. നിലവിലെ ക്വാറികള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ പാരിസ്ഥിക അനുമതി ആവശ്യമുണ്ടോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.
കേരളത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളായി കസ്തൂരി രംഗന്‍ സമിതി കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിസ്ഥിതി അനുമതി കൂടാതെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരായ ഗോവ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള ക്വാറികള്‍ക്ക് പ്രത്യേക അനുമതി വേണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ഇത്തരം പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റ ലംഘനമാണെന്ന് ഗോവ ഫൗണ്ടേഷന്‍ വാദിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ കരടുവിജ്ഞാപനത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍നിന്ന് ചില പ്രദേശങ്ങള്‍ ഒഴിവാക്കിയിരുന്നു. ഈ പ്രദേശങ്ങളില്‍ ഖനം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഗോവ ഫൗണ്ടേഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ്പഞ്ച്വാനി ആവശ്യപ്പെട്ടു. ഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഹര്‍ജി തള്ളണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാലും ജോജി സ്കറിയയും ആവശ്യപ്പെട്ടു. ഇടുക്കിയില്‍നിന്ന് വിജയിച്ച അഡ്വ. ജോയ്സ് ജോര്‍ജ്, അഡ്വ. ബോബി അഗസ്റ്റിന്‍, അഡ്വ. ബിജു പി രാമന്‍ എന്നിവരും ട്രിബ്യൂണലില്‍ ഹാജരായി. കേസ് ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കും.
സുജിത് ബേബി deshabhimani
No comments:
Post a Comment