Thursday, March 20, 2014

പരിസ്ഥിതിലോലമേഖലകളില്ല കരടിലും തട്ടിപ്പ്

സംസ്ഥാനത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാതെ കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കരട് വിജ്ഞാപനം. മാര്‍ച്ച് 10 തീയതിവച്ചാണ് പരിസ്ഥിതിമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിന്റെ ആവശ്യം പരാമര്‍ശിക്കുകമാത്രം ചെയ്യുന്ന വിജ്ഞാപനത്തില്‍ പശ്ചിമഘട്ടമേഖലയില്‍ വരുന്ന മറ്റു സംസ്ഥാനങ്ങളുടെയെല്ലാം പരിസ്ഥിതിലോലപ്രദേശം അടയാളപ്പെടുത്തിയ ഭൂപടമുണ്ട്. എന്നാല്‍ കേരളത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കാന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ഈ വെബ്സൈറ്റിലും ഭൂപടമില്ല.

അതേസമയം, അന്തിമവിജ്ഞാപനം വരുംവരെ പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 നവംബര്‍ 13ന്റെ ഉത്തരവ് നിലനില്‍ക്കും. ഈ ഉത്തരവ് പ്രകാരം കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളാണ്. ജനുവരി 24ന് കേന്ദ്ര ഹരിത ട്രിബ്യൂണല്‍ പശ്ചിമഘട്ടം കേസ് പരിഗണിക്കുന്നുണ്ട്. ട്രിബ്യൂണലില്‍ കേസ് എത്തുമ്പോള്‍ എങ്ങും തൊടാതെയുള്ള നിലപാട് സ്വീകരിക്കാനാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ നീക്കം. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ കരട് വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ട്രിബ്യൂണലില്‍ ചോദ്യംചെയ്യപ്പെടും. എന്നാല്‍, കേരളത്തിന്റെ ഭൂപടംമാത്രം കരട് വിജ്ഞാപനത്തില്‍നിന്ന് മാറ്റിനിര്‍ത്തുകവഴി തങ്ങള്‍ ഈ വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രാലയത്തിന് വാദിക്കാം. ട്രിബ്യൂണലില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വമാണ് കരട് വിജ്ഞാപനം തയ്യാറാക്കിയത്. കേരളം പഠനസമിതിയെ വച്ചിരുന്നെന്നും കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോലമേഖലയില്‍നിന്ന് മാറ്റണമെന്ന് ഈ സമിതി ശുപാര്‍ശചെയ്തെന്നും കരട് പറയുന്നു. ഈ നിര്‍ദേശം പരിഗണിച്ചാല്‍ സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശം 13,108 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 9993.7 ആയി കുറയും. ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശവും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര പ്രദേശവുമാണ്. കേരളത്തിന്റെ നിര്‍ദേശം പരിഗണിച്ചാല്‍ പശ്ചിമഘട്ടത്തിലെ ആകെ പരിസ്ഥിതിലോലമേഖല 56,825 ചതുരശ്ര കിലോമീറ്ററായി കുറയുമെന്നും കരടില്‍ പറയുന്നു. അന്തിമവിജ്ഞാപനത്തിനുമുമ്പ് ചര്‍ച്ചകള്‍ക്ക് പ്രസിദ്ധീകരിക്കുന്നതാണ് കരട് വിജ്ഞാപനം.

പശ്ചിമഘട്ട സംരക്ഷണത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും കരടില്‍ മാറ്റം ആവശ്യപ്പെടാം. നിര്‍ദേശം പരിശോധിച്ച് ആവശ്യമായ മാറ്റത്തോടെയാകും അന്തിമവിജ്ഞാപനമെന്ന് പരിസ്ഥിതിമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. 60 ദിവസമാണ് നിര്‍ദേശം നല്‍കാനുള്ള കാലാവധി. പുതുതായി അധികാരത്തിലെത്തുന്ന കേന്ദ്രസര്‍ക്കാരായിരിക്കും അന്തിമ വിജ്ഞാപനം എങ്ങനെയെന്ന് തീരുമാനിക്കുക. പരിസ്ഥിതിലോലമേഖലയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണം ബാധകമാകുമെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതൊഴിവാക്കാന്‍ കേരളം നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതി നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പരിസ്ഥിതിലോലമേഖലയില്‍ പൂര്‍ണമായും നിയന്ത്രിച്ച റെഡ് കാറ്റഗറി വ്യവസായങ്ങളില്‍ ആരോഗ്യരക്ഷാ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയോരത്ത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍പോലും സ്ഥാപിക്കാനാകാത്ത സ്ഥിതിയുണ്ടാവും. ക്ഷീരസംസ്കരണം, പാലുല്‍പ്പന്നകേന്ദ്രങ്ങള്‍, സസ്യഎണ്ണ സംസ്കരണം, മാംസ സംസ്കരണം എന്നിവ നിരോധിതവ്യവസായങ്ങളുടെ പട്ടികയിലാണ്.

എം പ്രശാന്ത് deshabhimani

No comments:

Post a Comment