Friday, March 21, 2014

കസ്തൂരിരംഗന്‍: ഹരിത ട്രിബ്യൂണല്‍ വിധിയെഴുതും

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുറത്തിറങ്ങിയ കരടുവിജ്ഞാപനം കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍. നിര്‍ദേശങ്ങള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും അന്തിമ തീരുമാനത്തിനു വിധേയമായിരിക്കുമെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ കള്ളക്കളി വ്യക്തം. സംസ്ഥാനത്തിന്റെ നിര്‍ദേശം മാര്‍ച്ച് 24നകം അറിയിക്കാനാണ് ഹരിത ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി സംസ്ഥാനം കൂടുതല്‍ സമയം ചോദിക്കാനാണ് സാധ്യത.

123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയാണെന്നും ഇതിന് ഇഎസ്എ മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്ത്് 2013 നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം അതേപടി നടപ്പാക്കുമെന്ന് 2014 ഫെബ്രുവരി 16ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കെയാണ് ഒറ്റദിവസംകൊണ്ട് കരട് ഇറക്കിയത്. നവംബര്‍ 13ലെ വിജ്ഞാപനം അസാധുവാക്കാതെ 123 വില്ലേജുകളെ ഒഴിവാക്കി കരട് ഇറക്കുന്നതിലെ അപാകതയാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ടിലെ ആശങ്ക പരിഹരിക്കുമെന്ന് ആവര്‍ത്തിക്കുകയും അതേസമയം വിജ്ഞാപനംഅതേപടി നടപ്പാക്കുമെന്ന് ഹരിത ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ കപടമുഖം മറയ്ക്കാനാണ് കരട് കൊണ്ടുവന്നത്. പശ്ചിമഘട്ടമേഖലയിലെ 37ശതമാനം ജനങ്ങളെ ബാധിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് 2013 ഏപ്രില്‍ 17നാണ് കേന്ദ്രത്തിന് നല്‍കിയത്. അഞ്ച് നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കപ്പെടണമെന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം എങ്ങിനെയും നടപ്പാക്കുമെന്ന് ഹരിത ട്രിബ്യൂണലില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചതും ഏകപക്ഷീയമായാണ്.

കരാറില്‍നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന്് ബോധ്യപ്പെടുകയും നിയമോപദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പശ്ചിമഘട്ട മേഖലയില്‍ നിന്നുയരുന്ന കടുത്ത പ്രതിഷേധം വഴിതിരിച്ചുവിടാന്‍ പുതിയൊരു കരട് വിജ്ഞാപനം കൂടി നിയമമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ഗോവ ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസ്. എന്നാല്‍ കൂടുതല്‍ പഠനം നടത്തി ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാമെന്നാണ് കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം അറിയിച്ചത്. കേരളത്തിലെ കര്‍ഷകരുടെ പരാതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ സമിതി നല്‍കിയ നിര്‍ദേശങ്ങളും പരിഗണിച്ചിട്ടില്ല. അന്തര്‍ദേശീയതലത്തില്‍ ഒപ്പിട്ട കരാര്‍ റദ്ദാക്കാന്‍ ഒട്ടേറെ കടമ്പകളുണ്ടെന്ന വസ്തുത നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകജനതയെ കബളിപ്പിക്കാന്‍ അവസാന ശ്രമം നടത്തുന്നത്.

deshabhimani

No comments:

Post a Comment