Monday, June 28, 2010

കൈയേറ്റം തെളിഞ്ഞാല്‍ വീരേന്ദ്രകുമാര്‍ ഭൂമി വിട്ടുകൊടുക്കണം

കൈയേറ്റം തെളിഞ്ഞാല്‍ വീരേന്ദ്രകുമാര്‍ ഭൂമി വിട്ടുകൊടുക്കണം: കൃഷ്ണയ്യര്‍

കൈവശംവച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നു തെളിഞ്ഞാല്‍ നിയമയുദ്ധത്തിനു പോകാതെ അത് സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ എം പി വീരേന്ദ്രകുമാര്‍ തയ്യാറാകണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ ഭൂമി ആദിവാസികള്‍ക്കു നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. വീരേന്ദ്രകുമാറിന്റെ ഭൂമി സംബന്ധിച്ച തന്റെ പ്രസ്താവന തര്‍ക്കവിഷയമായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു.

വീരേന്ദ്രകുമാറിന്റെ കൈയേറ്റത്തിനു തെളിവുണ്ടെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ പി കൃഷ്ണപ്രസാദ് എന്നെ അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ തന്റെ ഏതെങ്കിലും ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നു തെളിഞ്ഞാല്‍ വിട്ടുകൊടുക്കാമെന്ന് വീരേന്ദ്രകുമാറും പറയുന്നു. വിവാദം നീട്ടിക്കൊണ്ടുപോകാതെ ഒരു സ്വതന്ത്ര ജുഡീഷ്യല്‍ കമീഷനെക്കൊണ്ട് വിഷയം അന്വേഷിപ്പിക്കാന്‍ ആഭ്യന്തരമന്ത്രിയോ റവന്യുമന്ത്രിയോ ഉത്തരവിടണം. എംഎല്‍എയുടെ കൈയില്‍ രേഖകളുണ്ട്. ആദിവാസിനേതാക്കള്‍ ഒട്ടേറെ രേഖകള്‍ എനിക്കു കൈമാറിയിട്ടുണ്ട്. കൂടുതല്‍ രേഖകളുണ്ടെങ്കില്‍ അതും കമീഷനുമുന്നില്‍ വരട്ടെ. ട്രിബൂണല്‍ തീരുമാനം ഇരുകൂട്ടരും അംഗീകരിക്കണം. പിന്നെ നിയമയുദ്ധം പാടില്ല. കേസെന്നാല്‍ ചെലവും കാലതാമസവുമാണ്. ആദിവാസികള്‍ക്ക് എത്രയുംവേഗം ഭൂമി ലഭിക്കണം. അവര്‍ക്ക് അതിന് അര്‍ഹതയുണ്ട്. സമീപകാലത്ത് സുപ്രീംകോടതിയില്‍നിന്നോ ഹൈക്കോടതിയില്‍നിന്നോ വിരമിച്ച ജഡ്ജിയെ കമീഷന്റെ അധ്യക്ഷനായി നിയമിക്കാം- കൃഷ്ണയ്യര്‍ നിര്‍ദേശിച്ചു.

വയനാട്ടിലെ കൈയേറ്റഭൂമി മുഴുവന്‍ ഒഴിപ്പിച്ച് ആദിവാസികള്‍ക്കു നല്‍കണം. ഇതിനായി വിപുലമായ അധികാരങ്ങളുള്ള ഒരു ജുഡീഷ്യല്‍ കമീഷനെയും പരിഗണിക്കാവുന്നതാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഇക്കാര്യത്തില്‍ അപര്യാപ്തമാണ്. വയനാട്ടിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി പൂര്‍ണമായി ഒഴിപ്പിക്കാന്‍ അധികാരമുള്ള കമീഷനെയാണ് നിയമിക്കേണ്ടത്. അങ്ങനെ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി എത്രയുംവേഗം ആദിവാസികള്‍ക്ക് കൈമാറുകയുംവേണം. ഈ കമീഷന്റെ അധ്യക്ഷനായി കേരളീയനായ ഒരു റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി വേണം. ഹൈക്കോടതിയില്‍നിന്നു വിരമിച്ച മൂന്നോ നാലോ ജഡ്ജിമാരെ അംഗങ്ങളാക്കാം. വയനാട്ടിലെ ഭൂമിപ്രശ്നങ്ങള്‍ അറിയാവുന്ന ഒരു റിട്ടയേഡ് ചീഫ് സെക്രട്ടറിയെ കമീഷന്‍ സെക്രട്ടറിയായി നിയോഗിക്കാം. വയനാട് കലക്ടര്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് പ്രയോജനപ്രദമാകും. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി കെ ടി തോമസ്, ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാരായ ടി എല്‍ വിശ്വനാഥ അയ്യര്‍, ജെ എം ജെയിംസ്, ഷംസുദ്ദീന്‍, കെ ബാലകൃഷ്ണന്‍നായര്‍ എന്നിവരുടെ പേരുകളും കമീഷനിലേക്ക് പരിഗണിക്കാനായി കൃഷ്ണയ്യര്‍ കത്തില്‍ നിര്‍ദേശിക്കുന്നു.

deshabhimani 28062010

No comments:

Post a Comment