Thursday, June 10, 2010

വീണ്ടെടുക്കുന്നത് കോഴിക്കോടിന്റെ പൈതൃക സമ്പത്ത്

മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടവും ഭൂമിയും ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചതോടെ സംരക്ഷിക്കപ്പെടാന്‍ പോകുന്നത് കോഴിക്കോടിന്റെ പൈതൃക സമ്പത്ത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി അംഗീകരിക്കുന്നതോടെ മാനാഞ്ചിറയോട് ചേര്‍ന്നുള്ള ഈ ചരിത്രഭൂമിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടവും നാടിന്റെ പൊതുസ്വത്താവും. സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ കോംട്രസ്റ്റ് നെയ്ത്തുകമ്പനിയിലെ മുന്നൂറോളം തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നടപടി ആശ്വാസമാകും. കമ്പനിയും അതിനോട് ചേര്‍ന്ന ഭൂമിയും ഏറ്റെടുത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ടെക്സ്റ്റൈല്‍ വ്യാപാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടെക്സ്റ്റൈല്‍ മ്യൂസിയവും പരിഗണനയിലുണ്ട്. നിലവില്‍ ഹെഡ്ഓഫീസും നെയ്ത്തുഫാക്ടറിയും സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പുറമെ ഇതിനോട് ചേര്‍ന്ന, കോംട്രസ്റ്റ് വിറ്റ ഭൂമികളും ഏറ്റെടുക്കണമെന്ന് ഓര്‍ഡിനന്‍സില്‍ നിര്‍ദേശിക്കുന്നു. നിലവില്‍ 2.62 ഏക്കറിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്. ഇതിനോട് ചേര്‍ന്നുള്ള 45 സെന്റ്സ്ഥലം രണ്ട് വര്‍ഷം മുമ്പ് ടൂറിസം സൊസൈറ്റിക്ക് വിറ്റിരുന്നു. കമ്പനിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ നേരത്തെ സ്വകാര്യവ്യക്തികള്‍ക്കും ഭൂമി വിറ്റിട്ടുണ്ട്. ഇവ കൂടി ഏറ്റെടുക്കപ്പെടുന്നതോടെ കോംട്രസ്റ്റിന് അതിന്റെ ഗതകാലപ്രതാപം തിരിച്ചുകിട്ടും. കോഴിക്കോട് നഗരത്തിന് വിലപിടിച്ച ചരിത്രപൈതൃകവും.

175 വര്‍ഷത്തോളം പഴക്കമുള്ള കോംട്രസ്റ്റ്, കേരളത്തിലെ ഏറ്റവും പഴക്കമുള്ള തൊഴില്‍സ്ഥാപനങ്ങളിലൊന്നാണ്. ജര്‍മന്‍ ബാസല്‍ മിഷണറിമാര്‍ ചാരിറ്റബിള്‍ ട്രസ്റ്റായി തുടങ്ങിയ സ്ഥാപനം രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടീഷ് നിയന്ത്രണത്തിലായി. സ്വാതന്ത്യ്രാനന്തരം ചാരിറ്റബിള്‍ സൊസൈറ്റിയും കമ്പനിയും രണ്ട് ട്രസ്റ്റുകള്‍ക്ക് കീഴിലായി. ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന നെയ്ത്തുഫാക്ടറിയായി വളര്‍ന്ന സ്ഥാപനം രാജ്യാന്തര നിലവാരത്തോളം ഉയര്‍ന്നു. എന്നാല്‍, ആഗോളവല്‍ക്കരണ നയങ്ങളുടെ ഫലമായി തുണിവ്യവസായ മേഖല പ്രതിസന്ധി നേരിട്ടതോടെ കമ്പനി നഷ്ടത്തിലായി. പുതിയറയിലും ഫറോക്കിലുമുള്ള ട്രസ്റ്റിന്റെ ടൈല്‍ ഫാക്ടറികള്‍ നല്ലനിലയില്‍ മുന്നേറിയപ്പോഴും നെയ്ത്തുഫാക്ടറി നഷ്ടങ്ങളില്‍നിന്നും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തി. നഷ്ടം നികത്താന്‍ വിവിധ കാലയളവുകളിലായി ഏക്കറുകണക്കിന് ഭൂമി ട്രസ്റ്റിന് വില്‍ക്കേണ്ടിവന്നു. പുതിയറയിലെ 36 സെന്റ്, ബീച്ചിലെ നെയ്ത്തുഫാക്ടറിയുടെ രണ്ട് ഏക്കര്‍, ബീച്ചിലെ ബംഗ്ളാവ് സ്ഥിതിചെയ്ത ഒരേക്കറും കെട്ടിടവും, ടൌണ്‍ഹാളിനു മുന്നിലെ 45 സെന്റ് എന്നിവ വിറ്റു. ലേ ഓഫ് പ്രഖ്യാപിച്ച കമ്പനി കുറച്ചു തൊഴിലാളികള്‍ക്കുമാത്രം ജോലിയും മറ്റുള്ളവര്‍ക്ക് തൊഴിലെടുക്കാതെ കൂലിയും നല്‍കിപ്പോന്നു. പ്രതിസന്ധി മറികടക്കാന്‍ വീണ്ടും ഭൂമി വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. ഇതോടെ ചരിത്രനഗരിയിലെ ഈ ചിരപുരാതന കെട്ടിടം സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

തകര്‍ന്നത് യുഡിഎഫ് കുതന്ത്രങ്ങളുടെ ചീട്ടുകൊട്ടാരം

കോംട്രസ്റ്റിന്റെ മാനാഞ്ചിറയിലെ കെട്ടിടവും ഭൂമിയും ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ വെട്ടിലായത് യുഡിഎഫ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിനാണ് സര്‍ക്കാരിന്റെ ധീരമായ നടപടിയിലൂടെ തിരശ്ശീല വീണത്. കോംട്രസ്റ്റിനുകീഴിലെ ഭൂമി സിപിഐ എം നേതാക്കള്‍ സ്വന്തമാക്കിയെന്ന വ്യാജപ്രചാരണവുമായാണ് യുഡിഎഫ് രംഗത്തെത്തിയത്. സിപിഐ എം നേതൃത്വത്തില്‍ നക്ഷത്രബംഗ്ളാവ് നിര്‍മിക്കാന്‍പോവുന്നു എന്നുവരെ പ്രചരിപ്പിച്ചു. രംഗം കൊഴിപ്പിക്കാന്‍ രമേശ് ചെന്നിത്തലയുടെ ഉപവാസ നാടകവും അരങ്ങേറി.

കോംട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള നെയത്ത്കമ്പനിയും മാനാഞ്ചിറക്ക് സമീപം വില്‍പ്പന നടത്തിയ സ്ഥലവുമുള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിപിഐ എം ജില്ലാ നേതൃത്വവും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയും സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും വ്യവസായ, റവന്യൂ മന്ത്രിമാര്‍ക്കും നിവേദനവും നല്‍കി. കമ്പനി പൈതൃകസ്വത്തായി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നെയ്ത്തുകമ്പനിയില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ അവകാശങ്ങളും താല്‍പ്പര്യവും പൂര്‍ണമായി സംരക്ഷിക്കണമെന്ന നിലപാടാണ് എല്‍ഡിഎഫിന്. ട്രസ്റ്റിനു കീഴിലെ ഓട്ടുകമ്പനികളിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും തൊഴിലാളികളുടെ നിയന്ത്രണത്തിലേക്ക് വരണമെന്നുമാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. തൊഴിലാളികളെ വഴിയാധാരമാക്കാന്‍ പോകുന്നു എന്ന പ്രചാരണമാണ് യുഡിഎഫ് നടത്തിയത്. നെയ്ത്തുകമ്പനി ഏറ്റെടുക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചാരണം. ഭരിക്കുമ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടി തൊഴിലാളികളെ പട്ടിണിക്കിട്ട യുഡിഎഫ് നേതൃത്വം തൊഴിലാളി സ്നേഹത്തിന്റെ പേരില്‍ ചങ്കുപൊട്ടി പ്രസംഗിച്ചു.

യുഡിഎഫ് ഭരണകാലത്താണ് കമ്പനി ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടതെന്നും, ട്രസ്റ്റിനു കീഴിലെ ഭൂമി ഗണ്യമായി വിറ്റഴിക്കപ്പെട്ടതെന്നും ഇവര്‍ മറച്ചുവെച്ചു. സത്യം വളച്ചൊടിക്കാന്‍ ഒരുപറ്റം മാധ്യമങ്ങളുടെ പിന്തുണകൂടി ലഭിച്ചു. നിരവധി പദ്ധതികള്‍ മുന്നോട്ടുവെച്ചായിരുന്നു ജില്ലാ ടൂറിസം സൊസൈറ്റി കോംട്രസ്റ്റിന്റെ സ്ഥലം വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ചത്. ഈ ഭൂമിക്കുവേണ്ടി യുഡിഎഫ് നിയന്ത്രണത്തിലുള്ള കലിക്കറ്റ് സര്‍വീസ് സഹകരണ ബാങ്കും രംഗത്തെത്തിയിരുന്നു. 45 സെന്റ് സ്ഥലം ഹൈക്കോടതിയാണ് ടൂറിസം സൊസൈറ്റിക്ക് നല്‍കിയത്. സ്ഥലം സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് യുഡിഎഫ് നേതൃത്വം തൊഴിലാളി സ്നേഹവുമായി സമരത്തിനിറങ്ങിയത്. സര്‍ക്കാര്‍ നടപടിയിലൂടെ ചെന്നിത്തലയുടെ ഉപവാസനാടകവും ഉമ്മന്‍ചാണ്ടിയുടെ വാചകകസര്‍ത്തും കുഞ്ഞാലിക്കുട്ടിയുടെ വിടുവായത്തവും വെറുതെയായി. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തുരുപ്പുചീട്ടിറക്കിയ യുഡിഎഫിന് സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായി.

ദുരിതകാലം മറക്കാം; ഒരു ദുഃസ്വപ്നം പോലെ

രണ്ടു വര്‍ഷത്തിലേറെയായി കൂട് നഷ്ടപ്പെട്ട കിളികളെപ്പോലെയായിരുന്നു ഇവര്‍. തൊഴില്‍സ്ഥാപനത്തില്‍ പണിയില്ലാതായപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നകാലം. പ്രായമായ മാതാപിതാക്കള്‍, കൈക്കുഞ്ഞുങ്ങള്‍ ..... ഇവര്‍ക്ക് എങ്ങനെ ആഹാരം നല്‍കും, ഏത് വഴിയിലൂടെ ഇവരെ സംരക്ഷിക്കുമെന്നറിയാതെ ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍. എന്നാല്‍ സര്‍ക്കാറിന്റെ തീരുമാനം വന്നതോടെ കോംട്രസ്റ്റ് തൊഴിലാളികള്‍ ഒരു ദുഃസ്വപ്നംപോലെ അതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്. അടച്ചുപൂട്ടിയെങ്കിലും നിത്യവും രാവിലെ തൊഴിലാളികള്‍ കമ്പനിക്കുമുന്നില്‍ എത്തും. വൈകിട്ടുവരെ ഇവിടെ ചെലവഴിച്ചശേഷംവീട്ടിലേക്ക് തിരിച്ചുപോവും. കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ച വാര്‍ത്ത ഇവരില്‍ പലരും അറിയുന്നത് ഈ തൊഴില്‍ശാലയുടെ പടിക്കല്‍നിന്നായിരുന്നു. ഇത് ഏറെ ആഹ്ളാദത്തോടെയാണ് അവര്‍ പങ്കുവെച്ചത്.

"ദീര്‍ഘകാലമായി ഞങ്ങള്‍ നടത്തിയ സമരത്തിന്റെ വിജയമാണിത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഈ തീരുമാനം ഒരുപാട് സന്തോഷം തരുന്നു. നഷ്ടപ്പെട്ട ജോലി തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല.''- കമ്പനിയില്‍ വിവീങ് സെക്ഷനില്‍ ജോലിചെയ്ത ഐഎന്‍ടിയുസി പ്രവര്‍ത്തകനായ കക്കോടിയിലെ ബാലചന്ദ്രന്‍ പറഞ്ഞു.

"ഞങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവുകയാണ''- സിഐടിയു പ്രവര്‍ത്തകനും മേസ സെക്ഷനിലെ തൊഴിലാളിയുമായ ഒളവണ്ണയിലെ എം പി രാജന്റെ പ്രതികരണമിതായിരുന്നു.

"ഫാക്ടറി അടച്ചുപൂട്ടിയപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇപ്പോഴാണ് സമാധാനമായത്''- രാജന്‍ പറഞ്ഞു.

"ഫാക്ടറി പൈതൃകസ്വത്തായി സംരക്ഷിക്കുന്നത് നല്ല കാര്യമാണ്. അതേസമയം ഫാക്ടറി അടച്ചുപൂട്ടുമ്പോള്‍ ഉണ്ടായ തൊഴിലാളികളെ തിരിച്ചെടുത്ത് നല്ല നിലയില്‍ നടത്തണം. ഇതിന് തൊഴിലാളികളുടെ എല്ലാ പിന്തുണയും ഉണ്ടാവും''- വിവിങ് സെക്ഷനിലെ തൊഴിലാളിയും ബിഎംഎസ് യൂണിയന്‍ അംഗവുമായ അരക്കിണറിലെ സി മണി പറഞ്ഞു.

ദേശാഭിമാനി 10062010

1 comment:

  1. മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടവും ഭൂമിയും ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചതോടെ സംരക്ഷിക്കപ്പെടാന്‍ പോകുന്നത് കോഴിക്കോടിന്റെ പൈതൃക സമ്പത്ത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി അംഗീകരിക്കുന്നതോടെ മാനാഞ്ചിറയോട് ചേര്‍ന്നുള്ള ഈ ചരിത്രഭൂമിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടവും നാടിന്റെ പൊതുസ്വത്താവും. സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ കോംട്രസ്റ്റ് നെയ്ത്തുകമ്പനിയിലെ മുന്നൂറോളം തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നടപടി ആശ്വാസമാകും. കമ്പനിയും അതിനോട് ചേര്‍ന്ന ഭൂമിയും ഏറ്റെടുത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ടെക്സ്റ്റൈല്‍ വ്യാപാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടെക്സ്റ്റൈല്‍ മ്യൂസിയവും പരിഗണനയിലുണ്ട്. നിലവില്‍ ഹെഡ്ഓഫീസും നെയ്ത്തുഫാക്ടറിയും സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പുറമെ ഇതിനോട് ചേര്‍ന്ന, കോംട്രസ്റ്റ് വിറ്റ ഭൂമികളും ഏറ്റെടുക്കണമെന്ന് ഓര്‍ഡിനന്‍സില്‍ നിര്‍ദേശിക്കുന്നു. നിലവില്‍ 2.62 ഏക്കറിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്. ഇതിനോട് ചേര്‍ന്നുള്ള 45 സെന്റ്സ്ഥലം രണ്ട് വര്‍ഷം മുമ്പ് ടൂറിസം സൊസൈറ്റിക്ക് വിറ്റിരുന്നു. കമ്പനിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ നേരത്തെ സ്വകാര്യവ്യക്തികള്‍ക്കും ഭൂമി വിറ്റിട്ടുണ്ട്. ഇവ കൂടി ഏറ്റെടുക്കപ്പെടുന്നതോടെ കോംട്രസ്റ്റിന് അതിന്റെ ഗതകാലപ്രതാപം തിരിച്ചുകിട്ടും. കോഴിക്കോട് നഗരത്തിന് വിലപിടിച്ച ചരിത്രപൈതൃകവും.

    ReplyDelete