Sunday, June 20, 2010

കുറ്റ്യാടി പദ്ധതി നാടിന് സമര്‍പ്പിച്ചു

100 മൊഗാ വാട്ട് വൈദ്യുതി കൂടി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി കുറ്റ്യാടി വൈദ്യുതി നിലയം പ്രവര്‍ത്തനസജ്ജമായി. കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ 168 കോടി രൂപ ചെലവിട്ട് സ്ഥാപിച്ച രണ്ട് ജനറേറ്ററുകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഞായറാഴ്ച നാടിന് സമര്‍പ്പിച്ചു. വെദ്യുതിമന്ത്രി ഏ കെ ബാലന്‍ അധ്യക്ഷനായി. മന്ത്രിമാരായ എളമരം കരീം ജോസ് തെറ്റയില്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം കെ രാഘവന്‍ എംപി, കലക്ടര്‍ പി ബി സലിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ്കുട്ടി, എംഎല്‍എ പി വിശ്വം എന്നിവര്‍ സംസാരിച്ചു.

ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ പവര്‍സ്റ്റേഷന്‍ എന്ന ബഹുമതി കുറ്റ്യാടിക്ക് സ്വന്തമായി. കുറ്റ്യാടിയില്‍ ഇപ്പോള്‍തന്നെ 128.75 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ജനറേറ്ററുകളുണ്ട്. നിലവിലുള്ള കക്കയം ഡാമില്‍നിന്നും മറ്റൊരു പെന്‍സ്റ്റോക്ക് പൈപ്പ്വഴി വെള്ളം പവര്‍ഹൌസിലെത്തിച്ചാണ് പുതുതായി 100 മെഗാവാട്ട് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുക. ഇടുക്കി പദ്ധതിയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്-720 മെഗാവാട്ട്. രണ്ടാംസ്ഥാനത്ത് ശബരിഗിരി -340 മെഗാവാട്ട്. ഇനിമുതല്‍ മൂന്നാംസ്ഥാനത്തേക്ക് കുറ്റ്യാടിയുമെത്തും. 228.75 മെഗാവാട്ട്. 1997ല്‍ ലോവര്‍പെരിയാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തശേഷം ആദ്യമായാണ് ഇത്രയും വലിയ പദ്ധതി കേരളത്തില്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മാണത്തിലുള്ളവയിലും ഇത്രയും വലിയ പദ്ധതിയില്ല. 1972 സെപ്തംബറിലാണ് കുറ്റ്യാടി പവര്‍ഹൌസില്‍ 25 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകള്‍ ഉദ്ഘാടനം ചെയ്തത്. 2001 ജനുവരിയില്‍ 50 മെഗാവാട്ടിന്റെ മറ്റൊരു ജനറേറ്റര്‍കൂടി സ്ഥാപിച്ചു. നിലവിലുള്ള പെന്‍സ്റ്റോക്ക് പെപ്പിലൂടെ വരുന്ന വെള്ളം മലമുകളില്‍വെച്ച് രണ്ടാക്കി ഭാഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം കൂട്ടിയത്. പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് 1.25 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്റര്‍ 2008 നവംബറിലും കമീഷന്‍ ചെയ്തു. വീണ്ടും പെന്‍സ്റ്റോക്ക് പൈപ്പുകളിട്ടാണ് ഇപ്പോള്‍ ഉല്‍പ്പാദനം കൂട്ടുന്നത്.

കുറ്റ്യാടിയില്‍ 168 കോടി ചെലവില്‍ 2 ജനറേറ്റര്‍ കൂടി

മലബാറിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന കുറ്റ്യാടി വിപുലീകരണ പദ്ധതി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നാടിന് സമര്‍പ്പിച്ചു. 168 കോടി ചെലവിട്ട് സ്ഥാപിച്ച രണ്ട് ജനറേറ്റര്‍ പ്രവര്‍ത്തനസജ്ജമായി. ഇതോടെ മലബാറിലെ ഏറ്റവും വലിയ പവര്‍സ്റ്റേഷനായി കുറ്റ്യാടി മാറി. നാടിന്റെ വികസന മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കക്കയം കെഎസ്ഇബി കോളനി മൈതാനിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളെത്തി. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. നിലവില്‍ 128.75 മെഗാവാട്ടാണ് കുറ്റ്യാടി പവര്‍സ്റ്റേഷന്റെ ഉല്‍പാദനശേഷി. പുതിയ രണ്ട് ജനറേറ്റര്‍ വഴി 100 മെഗാവാട്ട് അധികം ഉല്‍പാദിപ്പിക്കാനാകും. ബാണാസുരസാഗര്‍ അണക്കെട്ടില്‍നിന്നും 680 മീറ്റര്‍ തുരങ്കവും 2115 മീറ്റര്‍ പെന്‍സ്റ്റോക്ക് പൈപ്പും നിര്‍മിച്ചാണ് പുതിയ ജനറേറ്റില്‍ വെള്ളമെത്തിക്കുന്നത്. 3000 അടി ഉയരത്തില്‍നിന്നും കുറ്റ്യാടി പവര്‍ഹൌസിലേക്കൊഴുക്കിയാണ് വൈദ്യുതി ഉല്‍പാദനം. ശേഷമുള്ള വെള്ളം പെരുവണ്ണാമൂഴി ജലസേചന അണക്കെട്ടിലെത്തിക്കും.

1997ല്‍ ലോവര്‍പെരിയാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തശേഷം ആദ്യമായാണ് ഇത്രയും വലിയ പദ്ധതി കേരളത്തില്‍ തുടങ്ങുന്നത്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങി 2007ല്‍ കമീഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട പദ്ധതി സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ വിവിധ തര്‍ക്കങ്ങളില്‍പ്പെട്ട് സ്തംഭിച്ചു. എല്‍ഡിഎഫ് അധികാരമേറ്റശേഷം മന്ത്രി എ കെ ബാലന്‍ സ്ഥലം സന്ദര്‍ശിച്ച് കെ കുഞ്ഞമ്മദ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്്. ചെങ്കുത്തായ മലഞ്ചെരിവിലൂടെ പെന്‍സ്റ്റോക്ക് പൈപ്പ് സ്ഥാപിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പൊതുമേഖലാ സ്ഥാപനമായ ഭെല്ലും എല്‍ ആന്‍ഡ് ടിയുമാണ് നിര്‍മാണപ്രവര്‍ത്തനം നിര്‍വഹിച്ചത്. 1972 ലാണ് 75 മെഗാവാട്ട് ശേഷിയുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തത്. 2001ല്‍ 50 മെഗാവാട്ട് ശേഷിയുള്ള കുറ്റ്യാടി വിപുലീകരണ പദ്ധതിയും 2008ല്‍ 3.75 മെഗാവാട്ട് ശേഷിയുള്ള കുറ്റ്യാടി ടെയില്‍റേസ് പദ്ധതിയും പ്രവര്‍ത്തനമാരംഭിച്ചു.

ഹൃദ്യം...അവിസ്മരണീയം

മലബാറിന്റെ വികസന കുതിപ്പിന് ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി കുറ്റ്യാടി വിപുലീകരണ പദ്ധതി യാഥാര്‍ഥ്യമായി. ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ഹര്‍ഷാരവത്തോടെയുമാണ് ജനങ്ങള്‍ വരവേറ്റത്. വിവാദങ്ങള്‍കൊണ്ട് വിവിധ പദ്ധതികളെ അട്ടിമറിക്കുന്നവര്‍ക്കെതിരായ താക്കീതായിരുന്നു കക്കയത്തെത്തിയ ജനസഞ്ചയം. സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ വര്‍ഷങ്ങളായി അനശ്ചിതത്വത്തിലായ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തി ഒന്നുകൊണ്ടു മാത്രം യാഥാര്‍ഥ്യമായത്. ഉത്തരകേരളത്തിന്റെ വൈദ്യുത പദ്ധതികളുടെ സിരാകേന്ദ്രമായ കക്കയം ഇനി സംസ്ഥാനത്തെ പ്രധാന വൈദ്യുതി ഉല്‍പ്പാദന കേന്ദ്രമാവും. ഏറ്റവും കുടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയെന്ന പദവിയും ഇനി കോഴിക്കോടിനും സ്വന്തമാവും. 223 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ പൂര്‍ണ പ്രയോജനം മലബാറര്‍ മേഖലയ്ക്കാണ്. പൂര്‍ണമായും ആധുനിക സംവിധാനങ്ങളോടെയുള്ള കമ്പ്യൂട്ടറെസ്ഡ് ഓട്ടോമേഷന്‍ നെറ്റ്വര്‍ക്കിങ്ങ് സംവിധാനമാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത.

deshabhimani 20062010

1 comment:

  1. മലബാറിന്റെ വികസന കുതിപ്പിന് ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി കുറ്റ്യാടി വിപുലീകരണ പദ്ധതി യാഥാര്‍ഥ്യമായി. ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി വി എസ് അച്ചുതാന്ദന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ഹര്‍ഷാരവത്തോടെയുമാണ് ജനങ്ങള്‍ വരവേറ്റത്. വിവാദങ്ങള്‍കൊണ്ട് വിവിധ പദ്ധതികളെ അട്ടിമറിക്കുന്നവര്‍ക്കെതിരായ താക്കീതായിരുന്നു കക്കയത്തെത്തിയ ജനസഞ്ചയം. സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ വര്‍ഷങ്ങളായി അനശ്ചിതത്വത്തിലായ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തി ഒന്നുകൊണ്ടു മാത്രം യാഥാര്‍ഥ്യമായത്. ഉത്തരകേരളത്തിന്റെ വൈദ്യുത പദ്ധതികളുടെ സിരാകേന്ദ്രമായ കക്കയം ഇനി സംസ്ഥാനത്തെ പ്രധാന വൈദ്യുതി ഉല്‍പ്പാദന കേന്ദ്രമാവും. ഏറ്റവും കുടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയെന്ന പദവിയും ഇനി കോഴിക്കോടിനും സ്വന്തമാവും. 223 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ പൂര്‍ണ പ്രയോജനം മലബാറര്‍ മേഖലയ്ക്കാണ്. പൂര്‍ണമായും ആധുനിക സംവിധാനങ്ങളോടെയുള്ള കമ്പ്യൂട്ടറെസ്ഡ് ഓട്ടോമേഷന്‍ നെറ്റ്വര്‍ക്കിങ്ങ് സംവിധാനമാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത.

    ReplyDelete