Monday, June 21, 2010

ഭോപാല്‍: കമ്പനിക്കുവേണ്ടി ചിദംബരം ഇടപെട്ടു

ഭോപാല്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമകളായ ഡൌ കെമിക്കല്‍സിനെ നിയമബാധ്യതകളില്‍നിന്ന് ഒഴിവാക്കാന്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം നേരിട്ട് ഇടപ്പെട്ടു. 2006ല്‍ അമേരിക്കന്‍ പര്യടനം നടത്തി തിരിച്ചെത്തിയ ചിദംബരം പ്രധാനമന്ത്രിക്ക് നല്‍കിയ പ്രത്യേക കുറിപ്പിലാണ് ഡൌ കെമിക്കല്‍സിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റിലെയും സമീപപ്രദേശങ്ങളിലെയും വിഷമാലിന്യം നീക്കാന്‍ ഡൌ കെമിക്കല്‍സ് ആദ്യഗഡുവായി നൂറുകോടി രൂപ നല്‍കണമെന്ന് 2005ല്‍ കേന്ദ്ര രാസവസ്തു-രാസവളം മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ബാധ്യതയില്‍നിന്നും ഭാവിയിലെ നിയമനടപടികളില്‍നിന്നും ഒഴിവാക്കാമെന്ന് ഡൌ മേധാവിക്ക് ഉറപ്പ് നല്‍കിയ ചിദംബരം മാലിന്യനീക്കത്തിന് ട്രസ്റ്റ് രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചു.

ഭോപാല്‍ മന്ത്രിസഭാ സമിതിക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന ചിദംബരം തുടക്കം മുതല്‍ ഡൌ കെമിക്കല്‍സിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് 2006 നവംബര്‍ പത്തിന് പ്രധാനമന്ത്രിക്ക് നല്‍കിയ കുറിപ്പ്. മാലിന്യം നീക്കേണ്ടത് മധ്യപ്രദേശ് സര്‍ക്കാരാണെന്ന് മന്ത്രിസഭാസമിതി തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. സമിതി യോഗത്തില്‍ ചിദംബരം തന്നെയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇന്തോ-യുഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വ്യവസായികളുടെ സംഘം 2006 ഒക്ടോബറില്‍ അമേരിക്ക സന്ദര്‍ശിച്ചത്. ചിദംബരത്തിനു പുറമെ അന്ന് വാണിജ്യമന്ത്രിയായിരുന്ന കമല്‍നാഥ്, ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ എന്നിവരുമുണ്ടായിരുന്നു. ഇരുരാജ്യത്തെയും നിക്ഷേപകരുടെയും വ്യവസായികളുടെയും പ്രശ്നങ്ങളായിരുന്നു പ്രധാന ചര്‍ച്ച. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങള്‍ ഡൌ കെമിക്കല്‍സ് മേധാവി യോഗത്തില്‍ ഉന്നയിച്ചു. ഭോപാലിലെ വിഷമാലിന്യം നീക്കാന്‍ ആദ്യഗഡുവായി നൂറുകോടി രൂപ നല്‍കണമെന്ന ആവശ്യം ഇന്ത്യാ ഗവര്‍മെണ്ട് പിന്‍വലിക്കണമെന്നും നിയമബാധ്യതയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയാണ് ചിദംബരം മടങ്ങിയത്.

ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രിക്ക് നല്‍കാന്‍ ചര്‍ച്ചയുടെ വിശദാംശം ഉള്‍പ്പെടുത്തി അലുവാലിയ റിപ്പോര്‍ട്ട് തയ്യാറാക്കി. 14 വിഷയം ഉന്നയിച്ച റിപ്പോര്‍ട്ടില്‍ രണ്ടാമതായാണ് ഡൌവിന്റെ പ്രശ്നം പരാമര്‍ശിച്ചത്. ധന-വാണിജ്യ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തന്റെ അഭിപ്രായമെന്ന നിലയില്‍ ചിദംബരം ഡൌവിന് അനുകൂലമായി പ്രത്യേക കുറിപ്പ് ചേര്‍ക്കുകയായിരുന്നു. ഭോപാലിലെ വിഷമാലിന്യങ്ങള്‍ നീക്കുന്നതിന് ട്രസ്റ് രൂപീകരിക്കാമെന്ന് അറിയിച്ച് രത്തന്‍ ടാറ്റ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഈ വാഗ്ദാനം സ്വീകരിക്കാമെന്നാണ് തോന്നുന്നതെന്നും ചിദംബരം കുറിപ്പില്‍ പറഞ്ഞു. ഡൌവിനെ ബാധ്യതകളില്‍ നിന്ന് ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നിര്‍ദേശം ടാറ്റ വഴി സര്‍ക്കാരിന്റെ മുന്നിലെത്തിയത്. ദുരന്തസമയത്ത് ആന്‍ഡേഴ്സനെ രക്ഷപ്പെടുത്താന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ് നേതൃത്വം പിന്നീട് യൂണിയന്‍ കാര്‍ബൈഡിനെയും അവരുടെ പിന്‍ഗാമിയായ ഡൌകെമിക്കല്‍സിനെയും ബാധ്യതകളില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ചിദംബരത്തിന്റെയും അലുവാലിയയുടെയും കത്തുകള്‍.
(എം പ്രശാന്ത്)

വിഷാവശിഷ്ടം നീക്കേണ്ടത് സംസ്ഥാനമെന്ന് മന്ത്രിസമിതി

ഭോപാല്‍ ദുരന്തത്തിനിടയാക്കിയ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ അവശിഷ്ടം നീക്കാനുള്ള ബാധ്യതയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു. ദുരന്തസ്ഥലത്തെ അവശിഷ്ടം മാറ്റേണ്ടത് മധ്യപ്രദേശ് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇതിനു കേന്ദ്രം സഹായിക്കാമെന്നുമാണ് ഭോപാല്‍ മന്ത്രിസമിതിയുടെ നിലപാട്. ഞായറാഴ്ചത്തെ യോഗത്തിലാണ് സമിതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ഡോവ് കെമിക്കല്‍സിനോട് പണം ആവശ്യപ്പെടുന്ന കാര്യം യോഗം പരിഗണിച്ചില്ല. പ്രതികള്‍ക്കുമേലുള്ള കുറ്റങ്ങളില്‍ വെള്ളംചേര്‍ത്ത സുപ്രീം കോടതി വിധിക്കെതിരെ പരിഹാരഹര്‍ജി നല്‍കാനും ആന്‍ഡേഴ്സനെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കാനും മന്ത്രിസമിതി നിര്‍ദേശിക്കും.

തിങ്കളാഴച രാവിലെ വീണ്ടും യോഗം ചേരുന്ന സമിതി ഉച്ചയോടെ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ വിഷാവശിഷ്ടം ദുരന്തമുണ്ടായ സ്ഥലത്തുതന്നെ കുഴിച്ചുമൂടാനായിരിക്കും ശുപാര്‍ശ. ഇതിനുള്ള ഉത്തരവാദിത്തം മധ്യപ്രദേശ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. സാങ്കേതികവും സാമ്പത്തികവുമായ സഹായം ക്രേന്ദസര്‍ക്കാര്‍ നല്‍കും.

ഞായറാഴ്ച ചേര്‍ന്ന മന്ത്രിസമിതി യോഗം വാതകച്ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്തത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കാനും വിഷലിപ്തമായ മണ്ണും ജലവും ശുചീകരിക്കാനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വിഷയവും പരിശോധിച്ചെന്നും തിങ്കളാഴ്ച രാവിലെ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ദുരിതബാധിതര്‍ക്ക് കൂടുതല്‍ സാമ്പത്തികസഹായം നല്‍കാന്‍ മന്ത്രിസമിതി നിര്‍ദേശിക്കും. മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ട 981 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് കേന്ദ്ര ആസൂത്രണ കമീഷന്‍ അനുമതി നല്‍കിയത് ഈ ലക്ഷ്യത്തോടെയാണ്. ഇതുകൊണ്ടു മാത്രം സര്‍ക്കാര്‍ പ്രതിഷേധത്തെ തണുപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് പരിഹാരഹര്‍ജി നല്‍കാനും ആന്‍ഡേഴ്സനെ വിട്ടുകിട്ടാനുള്ള നടപടിക്കുമുള്ള ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയത്.
(വിജേഷ് ചൂടല്‍)

92 ശതമാനം പേര്‍ക്കും നിസ്സാര പരിക്കെന്ന് സര്‍ക്കാര്‍

ഭോപാല്‍ വാതകചോര്‍ച്ചയുടെ ദുരിതം പേറുന്നവരില്‍ 92.5 ശതമാനത്തിനും സര്‍ക്കാര്‍ രേഖകളില്‍ നിസ്സാര പരിക്ക് മാത്രം. 2006 ഒക്ടോബര്‍ 26ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായത് 5,58,125 പേര്‍ക്കാണെന്നാണ് കോടതിയെ ബോധിപ്പിച്ചത്. ഇതില്‍ 5,16,406 പേര്‍ക്കും നിസ്സാര പരിക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. 38,478 പേര്‍ക്കാണ് (6.8 ശതമാനം) സര്‍ക്കാര്‍ രേഖകളനുസരിച്ച് താല്‍ക്കാലികമായെങ്കിലും അവശത നേരിട്ടത്. ശാശ്വതമായ ശാരീരിക അവശതയടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത് 3241 പേര്‍ക്ക് മാത്രം. സര്‍ക്കാരിന്റെ ഈ നിലപാട് ദുരന്ത ബാധിതര്‍ക്ക് ലഭ്യമാകുമായിരുന്ന സാമ്പത്തികസഹായമാണ് നഷ്ടപ്പെടുത്തിയത്. കാല്‍നൂറ്റാണ്ടിനുശേഷവും അവശതയനുഭവിക്കുന്നവര്‍പോലും നിസ്സാര പരിക്കേറ്റവരുടെ പട്ടികയിലാണ്. ഇവര്‍ക്ക് ലഭിച്ച പരമാവധി നഷ്ടപരിഹാരം 25,000 രൂപ. സ്ഥിരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുടെയും ഗുരുതരമായ പരിക്കേറ്റവരുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നാല് ലക്ഷത്തോളം രൂപ ലഭിക്കുമായിരുന്നു. ശ്വാസകോശരോഗവും ഹൃദ്രോഗവും മറ്റും ബാധിച്ചവരെപ്പോലും ചെറിയ പരിക്കേറ്റവരുടെ പട്ടികയിലാണ് ഉള്‍പ്പടുത്തിയത്. നിസ്സാര പരിക്കേറ്റവരുടെ പട്ടികയിലുണ്ടായിരുന്ന ആയിരക്കണക്കിനാളുകള്‍ പിന്നീട് അര്‍ബുദം ബാധിച്ച് മരിച്ചു.

deshabhimani 21062010

1 comment:

  1. ഭോപാല്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ ഉടമകളായ ഡൌ കെമിക്കല്‍സിനെ നിയമബാധ്യതകളില്‍നിന്ന് ഒഴിവാക്കാന്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം നേരിട്ട് ഇടപ്പെട്ടു. 2006ല്‍ അമേരിക്കന്‍ പര്യടനം നടത്തി തിരിച്ചെത്തിയ ചിദംബരം പ്രധാനമന്ത്രിക്ക് നല്‍കിയ പ്രത്യേക കുറിപ്പിലാണ് ഡൌ കെമിക്കല്‍സിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

    യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റിലെയും സമീപപ്രദേശങ്ങളിലെയും വിഷമാലിന്യം നീക്കാന്‍ ഡൌ കെമിക്കല്‍സ് ആദ്യഗഡുവായി നൂറുകോടി രൂപ നല്‍കണമെന്ന് 2005ല്‍ കേന്ദ്ര രാസവസ്തു-രാസവളം മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ബാധ്യതയില്‍നിന്നും ഭാവിയിലെ നിയമനടപടികളില്‍നിന്നും ഒഴിവാക്കാമെന്ന് ഡൌ മേധാവിക്ക് ഉറപ്പ് നല്‍കിയ ചിദംബരം മാലിന്യനീക്കത്തിന് ട്രസ്റ്റ് രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചു.

    ReplyDelete