Wednesday, June 9, 2010

ആണവബാധ്യതാ ബില്ലുകാര്‍ക്ക് പാഠം

ആണവബാധ്യതാ ബില്ലുകാര്‍ക്ക് പാഠം: സിപിഐ എം

ഭോപാല്‍ ദുരന്തക്കേസിലെ കോടതിവിധി ആണവബാധ്യതാ ബില്ലുമായി മുന്നോട്ടുനീങ്ങുന്നവര്‍ക്ക് പാഠമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ വാറന്‍ ആന്‍ഡേഴ്സുമാരെ സൃഷ്ടിക്കാന്‍ വഴിയൊരുക്കുന്നതാണ് ആണവബാധ്യതാ ബില്ലെന്നും പിബി അഭിപ്രായപ്പെട്ടു.

ആയിരങ്ങള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം വന്ന വിധിയില്‍ പ്രതികള്‍ക്ക് രണ്ടുവര്‍ഷത്തെ തടവുമാത്രമാണ് ശിക്ഷ. നീതിയെ പരിഹാസ്യമാക്കുന്ന ഈ വിധി രാജ്യത്തിന് അപമാനകരവും മരിച്ചവരുടെ ഓര്‍മകളെ നിന്ദിക്കലുമാണ്. സര്‍ക്കാരിന്റെയും അന്വേഷണഏജന്‍സികളുടെയും ഉന്നതനീതിപീഠത്തിന്റെയും കുറ്റകരമായ അനാസ്ഥയാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് കാര്യം എത്തിച്ചത്. കുറ്റം ലഘൂകരിച്ചും ആന്‍ഡേഴ്സനെ രക്ഷപ്പെടാന്‍ അനുവദിച്ചും നഷ്ടപരിഹാരം 47 കോടി ഡോളറായി ചുരുക്കിയും രാജ്യത്തിന്റെയും ദുരന്തബാധിതരുടെയും താല്‍പ്പര്യം ഈ സ്ഥാപനങ്ങള്‍ ഹനിച്ചു. ശക്തരായ അമേരിക്കന്‍ കമ്പനിയെയും അവരുടെ ഇന്ത്യന്‍ ശാഖയെയും ബോധപൂര്‍വം സഹായിക്കുകയാണ് ഇന്ത്യയിലെ അധികാരസ്ഥാപനങ്ങളെല്ലാം ചെയ്തത്. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി. അപര്യാപ്തമായ ശിക്ഷ പോലും ഒഴിവാക്കിക്കിട്ടാന്‍ അവര്‍ ശ്രമിക്കുമെന്ന് തീര്‍ച്ചയാണ്. വിധിക്കെതിരെ അടിയന്തരമായി സര്‍ക്കാര്‍ അപ്പീല്‍ പോകണം.

ക്രിമിനല്‍ ബാധ്യതകളില്‍നിന്ന് അമേരിക്കന്‍ കമ്പനിയും അവരുടെ ഉടമസ്ഥരും രക്ഷപ്പെട്ടത് രാജ്യത്തെ നിയമസംവിധാനത്തിന്റെ പോരായ്മകള്‍ക്ക് തെളിവാണ്. ഈ സാഹചര്യത്തില്‍ വിദേശ ആണവകമ്പനികളെ എല്ലാ ബാധ്യതകളില്‍നിന്നും ഒഴിവാക്കുന്ന സിവില്‍ ആണവബാധ്യതാ ബില്‍ കൂടുതല്‍ വാറന്‍ ആന്‍ഡേഴ്സുമാരെ സൃഷ്ടിക്കും. ഭോപാല്‍ ഒത്തുതീര്‍പ്പിനേക്കാള്‍ കുറഞ്ഞ നഷ്ടപരിഹാരമാണ് ആണവബാധ്യതാബില്ലില്‍ നിര്‍ദേശിക്കുന്നത്. ബില്ലുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം ജനങ്ങളുടെ സുരക്ഷയെയും താല്‍പ്പര്യങ്ങളെയും അപകടപ്പെടുത്തുന്നതാണ്- പിബി പ്രസ്താവനയില്‍ പറഞ്ഞു.

ബില്‍: സര്‍ക്കാരിന് മൌനം

ഭോപാല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ലില്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും മൌനം തുടരുന്നു. അമേരിക്കല്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി ബില്‍ വേഗത്തില്‍ പാസാക്കാന്‍ നടപടി സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ ഭോപാല്‍ കേസിലെ വിധി വന്നതോടെ വെട്ടിലായി. ബില്ലിലെ വ്യവസ്ഥ പ്രകാരം ഭോപാല്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ച നഷ്ടപരിഹാരംപോലും ആണവദുരന്തമുണ്ടായാല്‍ ലഭിക്കില്ല എന്നതാണ് വാസ്തവം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പുപോലും പണയപ്പെടുത്തി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒപ്പിട്ട സിവില്‍ ആണവസഹകരണ കരാര്‍ ലക്ഷ്യത്തിലെത്തണമെങ്കില്‍ ആണവബാധ്യതാ ബില്‍ പാര്‍ലമെന്റ് പാസാക്കേണ്ടത് അനിവാര്യമാണ്. ബജറ്റ്സമ്മേളനത്തിന്റെ അവസാനദിവസം ലോക്സഭയില്‍ തിരക്കിട്ട് അവതരിപ്പിച്ച ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ ശാസ്ത്ര-സാങ്കേതിക സ്റ്റാന്‍ഡിങ്കമ്മിറ്റിയുടെ പരിഗണനയിലാണ്. വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ ഏതുവിധേനയും പാസാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തന്ത്രപര സംഭാഷണങ്ങള്‍ക്ക് അമേരിക്കയിലെത്തിയ വിദേശമന്ത്രി എസ് എം കൃഷ്ണ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന് ഉറപ്പുനല്‍കിയിരുന്നു.

അമേരിക്കയിലെ സ്വകാര്യ ആണവകമ്പനികള്‍ക്ക് ഇന്ത്യന്‍ ആണവമേഖലയില്‍ പ്രവേശനം ഒരുക്കുന്നതിനാണ് 2008ല്‍ ആണവസഹകരണ കരാറില്‍ ഒപ്പിട്ടത്. ഇതിന് രണ്ട് കാര്യമായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ആണവദുരന്തമുണ്ടായാല്‍ സ്വകാര്യകമ്പനികളെ ബാധ്യതകളില്‍നിന്ന് ഒഴിവാക്കുന്നതിന് ആണവബാധ്യതാ നിയമം തയ്യാറാക്കുക. സ്വകാര്യകമ്പനികള്‍ക്ക് കടന്നുവരുന്നതിന് ആണവോര്‍ജ ഉല്‍പ്പാദനമേഖലയിലെ സംരംഭങ്ങളില്‍ കുറഞ്ഞത് 51 ശതമാനം സര്‍ക്കാര്‍ ഓഹരിയെന്നത് കുറച്ച് നിയമനിര്‍മാണം കൊണ്ടുവരിക എന്നിവയാണിത്. ഇതിന്റെ ആദ്യ ചുവടായാണ് പ്രതിപക്ഷ പാര്‍ടികളുടെ എതിര്‍പ്പ് കൂസാതെ ബാധ്യതാ ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്.

ഭോപാല്‍ ദുരന്തബാധിതര്‍ക്ക് 713 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാമെന്നാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയും കേന്ദ്രസര്‍ക്കാരും 1989ല്‍ സുപ്രീംകോടതിയില്‍ എത്തിച്ചേര്‍ന്ന ധാരണ. അഞ്ചുലക്ഷത്തോളം ദുരന്തബാധിതര്‍ക്ക് ഈ തുക പങ്കുവയ്ക്കുമ്പോള്‍ ഒരാള്‍ക്ക് കിട്ടുക 12,000 രൂപയാണ്. 1989ല്‍ 713 കോടിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെങ്കില്‍ 20 വര്‍ഷത്തിനിപ്പുറം ആണവബാധ്യതാബില്ലില്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പരമാവധി ബാധ്യത 500 കോടിയാണ്. ഇത് സാധ്യമെങ്കില്‍ 100 കോടിവരെയായി കുറയ്ക്കാനുമാകും. മാത്രമല്ല, തീവ്രവാദ ആക്രമണം, പ്രകൃതിക്ഷോഭം, നടത്തിപ്പുകാര്‍ ഉത്തരവാദികളല്ലാത്ത അപകടങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് ദുരന്തമുണ്ടാകുന്നതെങ്കില്‍ ആണവനിലയത്തിന്റെ സ്വകാര്യനടത്തിപ്പുകാര്‍ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെടും. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഭോപാല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ആണവബാധ്യതാബല്ലില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ബിജെപിയടക്കം മറ്റു പ്രതിപക്ഷ പാര്‍ടികളും ഈയാവശ്യം ഉന്നയിച്ചിട്ടുണ്ട്.
(എം പ്രശാന്ത്)

ആന്‍ഡേഴ്സനെ ഒഴിവാക്കിയിട്ടില്ലെന്ന് വീരപ്പമൊയ്ലി........... :):)

ഭോപാല്‍ കേസില്‍ നിന്നും യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രനിയമമന്ത്രി വീരപ്പമൊയ്ലി. കേസ് അവസാനിച്ചിട്ടില്ല. സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആന്‍ഡേഴ്സനെയും പ്രതിചേര്‍ത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. 26വര്‍ഷം മുന്‍പ് 15000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനുത്തരവാദിയായ കമ്പനിയുടെ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി കഴിഞ്ഞ ദിവസം രണ്ടുവര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. അമേരിക്കയില്‍ കഴിയുന്ന 89 കാരനായ ആന്‍ഡേഴ്സ വിചാരണവേളയിലൊരിക്കലും ഭോപാല്‍ കോടതിയില്‍ ഹാജരായിട്ടില്ല.

വിധി ബാധകമല്ലെന്ന് യൂണിയന്‍ കാര്‍ബൈഡ്

ഭോപാല്‍ വിഷവാതക കേസിലുണ്ടായ കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് ദുരന്തത്തിനിടയാക്കിയ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡി(യുസിഐഎല്‍)ന്റെ മാതൃകമ്പനിയായ അമേരിക്കയിലെ യൂണിയന്‍ കാബൈഡ് പ്രതികരിച്ചു. കാര്‍ബൈഡ് കമ്പനിയോ അതിന്റെ ഉദ്യോഗസ്ഥരോ വിധി പറഞ്ഞ ഇന്ത്യയിലെ കോടതിയുടെ പരിധിയില്‍ വരുന്നവരല്ല. ഇന്ത്യയിലെ പ്ളാന്റില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

യൂണിയന്‍ കാര്‍ബൈഡിനെതിരെ നടപടിയില്ല: അമേരിക്ക

ഭോപാല്‍ വിഷവാതകദുരന്തവുമായി ബന്ധപ്പെട്ട് യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കെതിരെ നടപടിയൊന്നുംസ്വീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കഴിഞ്ഞദിവസത്തെ വിധി ദുരന്തബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അല്‍പ്പം ആശ്വാസമാകുമെന്നും അമേരിക്കന്‍ വിദേശകാര്യ അസി. സെക്രട്ടറി റോബര്‍ട്ട് ബ്ളേക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനരന്വേഷണമോ മറ്റോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ബ്ളേക്ക് പറഞ്ഞു. വിവിധ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തെ വിധി ബാധിക്കില്ലെന്ന് വിദേശകാര്യവക്താവ് പി ജെ ക്രൌലിയും പറഞ്ഞു. ഇന്ത്യന്‍ പാര്‍ലമെന്റ് പരിഗണിക്കുന്ന ആണവബാധ്യതാബില്ലുമായി ഇതിനെ കൂട്ടിവായിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമവ്യവസ്ഥ സാമ്രാജ്യത്വത്തിന് കീഴടങ്ങി

ഭോപാല്‍ വാതകദുരന്തക്കേസിലെ കോടതിവിധി അര്‍ഥശൂന്യമാണെന്ന് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. വാതകദുരന്തത്തിന് ഇരകളായ ലക്ഷങ്ങളുടെ യാതനകളെ കൊഞ്ഞനംകുത്തുന്നതാണ് കോടതിവിധിയെന്ന് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. വാറന്‍ ആന്‍ഡേഴ്സനെ വിചാരണചെയ്യാന്‍പോലും കഴിവില്ലാത്ത വിധം ഇന്ത്യന്‍ നിയമ-രാഷ്ട്രീയ സംവിധാനം പരാജയപ്പെട്ടത് അപമാനകരമാണ്. കേസ് ഇതോടെ അവസാനിച്ചെന്ന അമേരിക്കയുടെ പ്രതികരണം മുറിവില്‍ ഉപ്പുപുരട്ടുന്നതാണ്. ഭാവിയിലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ നിയമം ശക്തമാക്കണം. ആണവബാധ്യതാ ബില്ലുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തെ വിദ്യാര്‍ഥിസമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എസ്എഫ്ഐ അഭ്യര്‍ഥിച്ചു.

deshabhimani 09062010

2 comments:

  1. ഭോപാല്‍ ദുരന്തക്കേസിലെ കോടതിവിധി ആണവബാധ്യതാ ബില്ലുമായി മുന്നോട്ടുനീങ്ങുന്നവര്‍ക്ക് പാഠമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ വാറന്‍ ആന്‍ഡേഴ്സുമാരെ സൃഷ്ടിക്കാന്‍ വഴിയൊരുക്കുന്നതാണ് ആണവബാധ്യതാ ബില്ലെന്നും പിബി അഭിപ്രായപ്പെട്ടു.

    ആയിരങ്ങള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ കാല്‍നൂറ്റാണ്ടിനുശേഷം വന്ന വിധിയില്‍ പ്രതികള്‍ക്ക് രണ്ടുവര്‍ഷത്തെ തടവുമാത്രമാണ് ശിക്ഷ. നീതിയെ പരിഹാസ്യമാക്കുന്ന ഈ വിധി രാജ്യത്തിന് അപമാനകരവും മരിച്ചവരുടെ ഓര്‍മകളെ നിന്ദിക്കലുമാണ്. സര്‍ക്കാരിന്റെയും അന്വേഷണഏജന്‍സികളുടെയും ഉന്നതനീതിപീഠത്തിന്റെയും കുറ്റകരമായ അനാസ്ഥയാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് കാര്യം എത്തിച്ചത്. കുറ്റം ലഘൂകരിച്ചും ആന്‍ഡേഴ്സനെ രക്ഷപ്പെടാന്‍ അനുവദിച്ചും നഷ്ടപരിഹാരം 47 കോടി ഡോളറായി ചുരുക്കിയും രാജ്യത്തിന്റെയും ദുരന്തബാധിതരുടെയും താല്‍പ്പര്യം ഈ സ്ഥാപനങ്ങള്‍ ഹനിച്ചു. ശക്തരായ അമേരിക്കന്‍ കമ്പനിയെയും അവരുടെ ഇന്ത്യന്‍ ശാഖയെയും ബോധപൂര്‍വം സഹായിക്കുകയാണ് ഇന്ത്യയിലെ അധികാരസ്ഥാപനങ്ങളെല്ലാം ചെയ്തത്. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി. അപര്യാപ്തമായ ശിക്ഷ പോലും ഒഴിവാക്കിക്കിട്ടാന്‍ അവര്‍ ശ്രമിക്കുമെന്ന് തീര്‍ച്ചയാണ്. വിധിക്കെതിരെ അടിയന്തരമായി സര്‍ക്കാര്‍ അപ്പീല്‍ പോകണം.

    ReplyDelete
  2. ആണവസുരക്ഷാ ബില്‍ ഭോപാല്‍ ദുരന്തത്തിന്റെ തുടര്‍ച്ചയാണെന്ന് ആര്‍ വി ജി മേനോന്‍ പറഞ്ഞു. ഭോപാല്‍ ദുരന്ത കേസിലെ സുപ്രീം കോടതിവിധിയില്‍ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയാകെ ലജ്ജിക്കേണ്ട വിധിയാണിത്. വ്യവസായസ്ഥാപനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭീകരത ഓര്‍മിക്കാനുള്ള അവസരമാണ് ഇത്. വിദേശരാജ്യങ്ങളില്‍നിന്ന് ആണവനിലയങ്ങള്‍ തന്നെ ഇറക്കുമതി ചെയ്യുന്ന ഇക്കാലത്ത് ഭോപാല്‍ ദുരന്തം ഓര്‍മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete