Thursday, June 17, 2010

വയനാട്ടില്‍ ജനകീയ ചെറുത്തുനില്‍പ്പ്

വയനാട്ടില്‍ ജനകീയ ചെറുത്തുനില്‍പ്പ് കുടിയിറക്കല്‍ പൊളിഞ്ഞു

കല്‍പ്പറ്റ: വയനാട്ടിലെ വെള്ളാരംകുന്നില്‍ കുടില്‍കെട്ടി താമസിച്ച ആദിവാസികളെ കുടിയിറക്കാന്‍ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പൊലീസ് നടത്തിയ ശ്രമം ജനങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചു. കുടിലുകള്‍ പൊളിച്ച് കാടിന്റെ മക്കളെ ഇറക്കിവിടാനുള്ള പൊലീസ് നീക്കത്തിനെതിരെ ബഹുജനങ്ങളുടെ വമ്പിച്ച പ്രതിഷേധമാണ് ഉയര്‍ന്നത്. ജനങ്ങളുടെയും ആദിവാസികളുടെയും ചെറുത്തുനില്‍പ്പിനെതുടര്‍ന്ന് കുടില്‍ പൊളിക്കുന്നതില്‍നിന്ന് പൊലീസ് പിന്‍വാങ്ങി. പൊലീസ് പൊളിച്ച കുടിലുകള്‍ വയനാടന്‍ സമരചരിത്രത്തില്‍ ആവേശകരമായ അധ്യായം സൃഷ്ടിച്ച് മണിക്കൂറുകള്‍ക്കകം പുനര്‍നിര്‍മിച്ചു.

ഒരുതുണ്ട് ഭൂമിക്കായുള്ള ആദിവാസികളുടെ പോരാട്ടം കരുത്തോടെ തുടരുമെന്ന് സമരഭൂമിയില്‍ അണിനിരന്ന സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ആയിരങ്ങള്‍ പ്രതിജ്ഞയെടുത്തു. തെറ്റായ കോടതിവിധികള്‍ ആയുധമാക്കി പ്രമാണിമാര്‍ നടത്തുന്ന കൈയേറ്റം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആദിവാസിക്ഷേമസമിതി നേതൃത്വത്തില്‍ പ്രകടനവും നടത്തി.

നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിന് ആളുകള്‍ സമരത്തിന് പിന്തുണയുമായെത്തി. ജില്ലയില്‍ ആദിവാസികളും ഭൂരഹിതരും കുടില്‍കെട്ടിയിരുന്ന മേപ്പാടി, ചുണ്ടേല്‍, എച്ച്എംഎല്‍ എന്നിവിടങ്ങളിലെ കുടിലുകള്‍ പൊലീസ് പൊളിച്ചുനീക്കി. മേപ്പാടിയില്‍ അമ്പതോളംപേരെ അറസ്റ്റുചെയ്തു. കുടിയിറക്കലിനായി കലക്ടര്‍ ടി ഭാസ്കരന്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ബുധനാഴ്ച വൈകിട്ട് പിന്‍വലിച്ചു. കുടിയൊഴിപ്പിക്കലിന് കലക്ടര്‍, ആര്‍ഡിഒയും മാനന്തവാടി സബ്കലക്ടറുമായ എന്‍ പ്രശാന്ത്, ഉത്തരമേഖലാ ഐജി കെ സുധേഷ്കുമാര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് ജി സ്പര്‍ജന്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിമത ജനതാദള്‍ നേതാവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോര്‍ജ് പോത്തന്‍ കൈവശപ്പെടുത്തിയ വെള്ളാരംകുന്ന് എസ്റേറ്റില്‍ ആദിവാസികള്‍ 270 കുടില്‍ കെട്ടിയിരുന്നു. ഇവരെ കുടിയിറക്കാന്‍ രാവിലെ എട്ടരയോടെയാണ് പൊലീസ് എത്തിയത്. ഹൈക്കോടതിവിധിയുടെ വെളിച്ചത്തില്‍ തോക്കും ബയണറ്റും ടിയര്‍ഗ്യാസുമടക്കം പൊലീസ് കരുതിയിരുന്നു. എസ്റേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി എത്തിയ പൊലീസ് കുടിലുകള്‍ പൊളിച്ചു. പാത്രങ്ങള്‍ തകര്‍ത്തും ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചും ഒരുപറ്റം പൊലീസുകാര്‍ അതിക്രമം കാട്ടിയപ്പോള്‍, ജനപ്രതിനിധികളും സിപിഐ എം നേതാക്കളും പ്രതിഷേധിച്ചു. ആദിവാസിക്ഷേമസമിതി സംസ്ഥാന പ്രസിഡന്റുകൂടിയായ കെ സി കുഞ്ഞിരാമന്‍ എംഎല്‍എയും പി കൃഷ്ണപ്രസാദ് എംഎല്‍എ യും കുടില്‍പൊളിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, എകെഎസ് സംസ്ഥാന ട്രഷറര്‍ വി കേശവന്‍ എന്നിവര്‍ പൊലീസ് അതിക്രമം കാട്ടരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ജനരോഷം ശക്തമായതോടെ പൊലീസ് പിന്‍വലിഞ്ഞു. ഇതിനിടെ നൂറോളം കുടില്‍ പൊളിച്ചിരുന്നു. ജനനേതാക്കള്‍ ഇടപെട്ട് കുടിലുകള്‍ പുനര്‍നിര്‍മിച്ചു.

വിമത ജനതാദള്‍ നേതാക്കളായ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ, അഡ്വ. ജോര്‍ജ് പോത്തന്‍, ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ എന്നിവരുടെ കീഴിലുള്ള അനധികൃത കൈയേറ്റഭൂമിയില്‍ ഫെബ്രുവരി 14നാണ് ആദിവാസിക്ഷേമസമിതി നേതൃത്വത്തില്‍ അവകാശം സ്ഥാപിച്ചത്. ആദിവാസികളെ 18നകം ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായി. ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍, ഹൈക്കോടതിയില്‍നിന്ന് കൂടുതല്‍ സമയം തേടാനും ഉത്തരവ് നടപ്പാക്കാനുമായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
(പി വി ജീജോ)

ആദിവാസികളെ കുടിയിറക്കിയത് തെറ്റ്: കൃഷ്ണയ്യര്‍

കൊച്ചി: വയനാട്ടില്‍ ആദിവാസികളെ ഭൂമിയില്‍നിന്ന് ഇറക്കിവിട്ട പൊലീസ് നടപടി ശരിയായില്ലെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദിവാസികളെ സര്‍ക്കാര്‍ഭൂമിയില്‍നിന്ന് ബലംപ്രയോഗിച്ചും ഇറക്കിവിടണമെന്ന ഹൈക്കോടതി ഉത്തരവ് നീതിനിര്‍വഹണത്തെക്കുറിച്ച് സഹതാപം ജനിപ്പിക്കുന്നു. ഹൈക്കോടതി ഉത്തരവിനേക്കാള്‍ വഷളാണ് സുപ്രീംകോടതി ഉത്തരവ്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഭരണഘടനയുടെ 46-ാം അനുഛേദം കോടതിയില്‍ പരാജയപ്പെട്ടുവെന്നാണ് വിധിയില്‍നിന്നു മനസ്സിലാകുന്നത്. ധനികര്‍ക്കുവേണ്ടി പാവപ്പെട്ടവരെ സര്‍ക്കാര്‍ഭൂമിയില്‍നിന്ന് ഇറക്കിവിടണമെന്ന് ഉത്തരവിട്ട ന്യായാധിപര്‍ സമര്‍ഥന്മാരാണ്. ഇന്ത്യയില്‍ ധനികര്‍ക്കാണ് ഭൂമിയുടെ അവകാശം എന്ന അര്‍ഥമാണ് വിധിയുണ്ടാക്കുക. ആദിവാസികളെ ബലംപ്രയോഗിച്ച് ഇറക്കിവിടാനുള്ള പദ്ധതിവരെ ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കുടിയൊഴിപ്പിക്കലിന് കൂടുതല്‍ സമയം ചോദിക്കുന്നതിനു പകരം ആദിവാസികള്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടെന്നു വാദിക്കണമായിരുന്നെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

നിയമത്തിന് കീഴടങ്ങി സഹനസമരം; നിരോധനാജ്ഞ കൂസാതെ ഐക്യദാര്‍ഢ്യം

കല്‍പ്പറ്റ: നിറതോക്കും ജലപീരങ്കിയും ടിയര്‍ഗ്യാസും ലാത്തികളുമായി ഇരച്ച് കയറിയ പൊലീസുകാര്‍ സ്വന്തം കൂരകള്‍ തച്ചുതകര്‍ക്കുമ്പോഴും ആദിവാസികള്‍ സഹനസമരം തുടര്‍ന്നു. ചുറ്റും വലയം തീര്‍ത്ത ബഹുജനങ്ങളുടെ കരുത്തില്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലും വയനാടിന്റെ അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത സമരത്തിന് പിന്തുണയുമായി ബുധനാഴ്ച നൂറുകണക്കിനാളുകള്‍ വെള്ളാരംകുന്നിലേക്കൊഴുകി. അവര്‍ സമരഭൂമിക്ക് സംരക്ഷണവലയം തീര്‍ത്തു. മണ്ണിന്വേണ്ടിയുള്ള പേരാട്ടത്തിന്റെയും ജനകീയ ചെറുത്ത്നില്‍പ്പിന്റെയും പുതിയ ചരിത്രത്തിനാണ് ബുധനാഴ്ച വെള്ളാരംകുന്ന് സാക്ഷ്യം വഹിച്ചത്.

അറുനൂറോളം പൊലീസുകാരാണ് ബുധനാഴ്ച രാവിലെ വെള്ളാരംകുന്നിലെ എകെഎസ് സമരകേന്ദ്രം ഒഴിപ്പിക്കാനെത്തിയത്. രാവിലെ എട്ടുമണിയോടെ വെള്ളാരംകുന്നില്‍ തമ്പടിച്ച പൊലീസ് സംഘം ഗവ. കോളേജിന് സമീപത്തുകൂടിയാണ് സമരഭൂമിയില്‍ പ്രവേശിച്ചത്. ഇതോടെ കുടിലുകള്‍ വിട്ട് സമരവളണ്ടിയര്‍മാര്‍ സമരകേന്ദ്രത്തില്‍ എകെഎസ് ഓഫീസായി പ്രവര്‍ത്തിക്കുന്ന ഷെഡിലേക്ക് മാറി. വെടിവെച്ചുകൊന്നാലും ഈ ഭൂമിയില്‍ നിന്ന് പിന്‍മാറില്ലെന്ന് പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കിയ ആദിവാസികള്‍ക്ക് സംരക്ഷണവുമായി ആയിരത്തോളം ബഹുജനങ്ങളും അണിനിരന്നു. ഇതിനിടെ പൊലീസ് സംഘത്തിലെ ചിലര്‍ കുടിലുകള്‍ തകര്‍ത്ത് മുന്നോട്ടു നീങ്ങി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റും നശിപ്പിക്കുന്നത് കണ്ട് ക്ഷുഭിതരായ പ്രവര്‍ത്തകരെ എകെഎസ് നേതാക്കളും സമരസഹായ സമിതി നേതാക്കളും സമാശ്വസിപ്പിച്ച് ശാന്തരാക്കി. പൊലീസ് സംഘം അതിക്രമം തുടര്‍ന്നതോടെയാണ് എംഎല്‍എമാരായ പി കൃഷ്ണപ്രസാദ്, കെ സി കുഞ്ഞിരാമന്‍ എന്നിവര്‍ ഇടപെട്ടത്.

'ഈ പെരുംമഴയത്ത് ഇവര്‍ ഇനിയെവിടെ അന്തിയുറങ്ങും, വീട്ടുപാത്രങ്ങളും വസ്ത്രങ്ങളും നശിപ്പിക്കാന്‍ കോടതി പറഞ്ഞിട്ടുണ്ടോ'-

എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്ന പൊലീസ് സംഘം ഇതോടെ പിന്മാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തകര്‍ത്ത കുടിലുകള്‍ എകെഎസ് പ്രവര്‍ത്തകര്‍ പുനര്‍നിര്‍മിച്ചു. സമരസ്ഥലത്ത് നിന്ന് പൊലീസ് പിന്മാറിയെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രകടനം നടത്തിയാണ് സമരസഹായ സമിതി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

സമരകേന്ദ്രത്തിന് സംരക്ഷണം തീര്‍ക്കാന്‍ സമരസഹായ സമിതിയുടെയും വര്‍ഗബഹുജന സംഘടനയുടെയും പ്രവര്‍ത്തകര്‍ പുലര്‍ച്ചെതന്നെ എത്തിയിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കുഞ്ഞിക്കണ്ണന്‍, കെ വി മോഹനന്‍, സി ഭാസ്കരന്‍, പി എസ് ജനാര്‍ദ്ദനന്‍, എം വേലായുധന്‍, ഏരിയ സെക്രട്ടറിമാരായ കെ ശശാങ്കന്‍, എം ഡി സെബാസ്റ്റ്യന്‍, ടി ബി സുരേഷ്, പി കെ സുരേഷ്, എം സെയ്ത്, എന്‍ എം ആന്റണി, വര്‍ഗബഹുജന സംഘടന നേതാക്കളായ എം മധു, പി ആര്‍ ജയപ്രകാശ്, സി കെ സഹദേവന്‍, സുരേഷ് താളൂര്‍, സി യു ഏലമ്മ, വി ഉഷാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബഹുജനങ്ങള്‍ സമരഭൂമിക്ക് സംരക്ഷണ വലയംതീര്‍ത്തത്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നേതാക്കള്‍ സംസാരിച്ചു.

ആദിവാസികളെ കുടിയിറക്കുന്നതിന് വന്‍ പൊലീസ് സന്നാഹമാണ് ജില്ലയില്‍ തമ്പടിച്ചിരുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നായി എഴുന്നൂറ് പൊലീസുകാരെ ജില്ലയില്‍ എത്തിച്ചിരുന്നു. കലക്ടര്‍ ടി ഭാസ്കരന്‍, എഡിഎം പി വിജയന്‍, കണ്ണൂര്‍ റേഞ്ച് ഐജി സുധേഷ്കുമാര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് ജി സ്പര്‍ജന്‍കുമാര്‍, മൂന്ന് ജില്ലകളില്‍ നിന്നുള്ള പതിനഞ്ച് ഡിവൈഎസ്പിമാര്‍ അമ്പതോളം സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്. മേപ്പാടിക്കടുത്ത് അരപ്പറ്റ അഞ്ചുമുറിപ്പാടിയിലെയും ചുണ്ടേല്‍ എസ്റ്റേറ്റിലെയും കെഎസ്കെടിയു സമരകേന്ദ്രത്തിലെ കുടിലുകളും പൊലീസ് തകര്‍ത്തു. അഞ്ചുമുറി പാടിയില്‍ നിന്ന് 62 സമരവളണ്ടിയര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഭൂസമരം തുടരും; ഹൈക്കോടതി വിധിക്കെതിരായ പോരാട്ടവും : സിപിഐ എം

കല്‍പ്പറ്റ: അവകാശ ഭൂമിക്ക് വേണ്ടി പോരാട്ടം നടത്തുന്ന ആദിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ പോരാട്ടം തുടരുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടന പ്രത്യേക പരിഗണന നല്‍കുന്ന വിഭാഗമാണ് ആദിവാസികള്‍. അവരെ വേണമെങ്കില്‍ വെടിവെച്ചും കുടിയിറക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി നടപടി ഭരണഘടനയുടെ 46-ാം വകുപ്പിന്റെ ലംഘനമാണ്. ഈ സാഹചര്യത്തില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാങ്ങളെ സംരക്ഷിക്കേണ്ടത് പൊതുജനാധിപത്യ പ്രസ്ഥാനങ്ങളുടെ കടമയാണ്. ഈ കടമ ഏറ്റെടുത്ത് സിപിഐഎം പ്രവര്‍ത്തിക്കും.

കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെക്കുന്ന സമ്പന്നര്‍ക്കെതിരെയുള്ള സമരമാണ് വയനാട്ടിലെ ആദിവാസികളും കര്‍ഷക തൊഴിലാളികളും നടത്തുന്നത്. യഥാര്‍ഥ കൈയേറ്റക്കാരെ കാണാതെ ആദിവാസികളെമാത്രം കൈയേറ്റക്കാരായി കണ്ട് അവരെ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് അപമാനമാണ്. ലാത്തിചാര്‍ജും ടിയര്‍ഗ്യാസ് പ്രയോഗവും ഒടുവില്‍ വെടിവെപ്പുംവരെ ഈ ദരിദ്രര്‍ക്ക് മേല്‍ നടത്താമെന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നു. സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ആദിവാസികളും അവരുടെ പിന്മുറയും പുറമ്പോക്കുകളില്‍ നരകതുല്ല്യമായ ജീവിതം നയിക്കുകയാണ്. അവര്‍ക്ക് ഭൂമിയും വീടും മറ്റ് ജീവിതസൌകര്യങ്ങളും ഒരുക്കുകയെന്നത് സമൂഹത്തിന്റെ കടമയാണ്.

അവര്‍ക്ക് നല്‍കാന്‍ ഭൂമിയില്ലാത്ത സാഹചര്യത്തിലും ജനതാദള്‍ നേതാക്കളായ ശ്രോയാംസ്കുമാറും വീരേന്ദ്രകുമാറും ജോര്‍ജ്പോത്തനും വന്‍കിട കമ്പനികളായ ഹാരിസണ്‍ മലയാളം ലിമിറ്റഡും ഉള്‍പ്പെടെയുള്ളവര്‍ ഹെക്ടറുകണക്കിന്, സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശംവെക്കുന്നു. ഈ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ വിവിധ കോടതികളുടെ ഫയലുകളില്‍ കെട്ടികിടക്കുകയാണെന്ന വസ്തുത കോടതികള്‍ മനസിലാക്കണം. സമ്പന്നരായ കൈയേറ്റക്കാര്‍ പണത്തിന്റെ ബലത്തില്‍ നിയമകുരുക്കുണ്ടാക്കുകയും ഈ കേസ് വിവിധ കോടതികളില്‍ നീട്ടികൊണ്ടുപോവുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാനാണ് കോടതികള്‍ തയ്യാറാവേണ്ടത്.

കൈയേറ്റ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ നീട്ടിക്കൊണ്ടുപോവാന്‍ കൈയേറ്റക്കാരെ സഹായിക്കുന്ന രാജ്യത്തെ ഉയര്‍ന്ന അഭിഭാഷകരും ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരതക്ക് കൂട്ടുനില്‍ക്കുകയാണ്. കൈയേറ്റക്കാരില്‍ നിന്ന് ഫീസായി ലഭിക്കുന്ന കോടികള്‍ വാങ്ങുന്നതിനൊപ്പം സാമൂഹ്യ പ്രതിബന്ധത ഉയര്‍ത്തിപ്പിടിക്കാനും ഈ അഭിഭാഷകര്‍ തയ്യാറാവണം. ശ്രേയാംസ്കുമാറിന്റെയും ജോര്‍ജ്പോത്തന്റെയും ഭൂമി കൈയേറ്റം സംബന്ധിച്ച കേസില്‍ ഇവര്‍ കൈയേറ്റക്കാരല്ലെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല.ആദിവാസികള്‍ക്കെതിരായി സുപ്രിംകോടതിവരെ ശ്രേയാംസ്പോയി. എന്നാല്‍ അദ്ദേഹത്തിന്റെ ഭൂമി കൈയേറ്റമല്ലെന്ന് കോടതികളൊന്നും പറഞ്ഞിട്ടില്ലെന്ന് മറക്കരുത്. ആദിവാസികളെ വെടിവെച്ചുകൊല്ലാന്‍ വിധി സമ്പാദിച്ച ഈ പ്രമാണി ജനപ്രതിനിധിയല്ല തനി മാടമ്പിയാണ്. കൈയേറ്റക്കാരനെന്ന തന്റെ യഥാര്‍ഥമുഖം തിരിച്ചറിയുന്ന ബേജാറില്‍ാണിപ്പോള്‍ ഇയാള്‍.ഈ സാഹചര്യത്തില്‍ ആദിവാസികളാണ് കൈയേറ്റക്കാരെന്ന മുന്‍ധാരണ ഒഴിവാക്കി അവര്‍ക്ക്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ നീതിപീഠങ്ങള്‍ക്ക് കഴിയണം. അല്ലാത്ത പക്ഷം തെറ്റായ കോടതി വിധിക്കെതിരെയുള്ള സമരങ്ങള്‍ സിപിഐഎം തുടരും.

അനധികൃത ഭൂമി പിടിച്ചെടുക്കണം

കല്‍പ്പറ്റ: എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയും ജോര്‍ജ് പോത്തനും കൈവശംവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് സിപിഐ എംഎല്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശ്രേയാംസ്കുമാറും പോത്തനും എച്ച് എംഎല്ലും അനധികൃതമായി ഭൂമി കൈവശംവെക്കുമ്പോള്‍ സ്വന്തം കൂരപൊളിച്ച് മൃതശരീരം മറവ് ചെയ്യേണ്ട അവസ്ഥയാണ് ജില്ലയിലെ ഭൂരഹിത കര്‍ഷകര്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും. അനധികൃത ഭൂമികള്‍ പിടിച്ചെടുക്കാന്‍ രാജ്യത്തെ നീതിന്യായ സംവിധാനം യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല. അതോടൊപ്പം ഭൂമാഫിയകളെ സഹായിക്കുകയും സംരക്ഷണം നല്‍കുകയുമാണ്. ജില്ലാ ഭരണകൂടത്തിന്റെ പൊലീസ്രാജ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സാം പി മാത്യു, കെ ജെ എല്‍ദോ, പി ഉണ്ണികൃഷ്ണന്‍, സി ആര്‍ വേലായുധന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കല്‍പ്പറ്റ: വെള്ളാരംകുന്ന് ഭൂസമരകേന്ദ്രത്തിലെ തന്റെ കുടില്‍ പൊലീസ് പൊളിച്ച് കളഞ്ഞതിനെതിരെ കള്ളം വെട്ടിക്കുന്ന് വീട്ടില്‍ രാജന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ്പരാതി നല്‍കി. പണിയവിഭാഗത്തില്‍പ്പെടുന്ന താന്‍ കുടുംബസമേതമാണ് സമരഭൂമിയില്‍ കുടില്‍ കെട്ടിയത്. തലമുറകളായി കാട്ടില്‍ കഴിഞ്ഞിരുന്ന തങ്ങളെ അവിടെ നിന്ന് പുറത്താക്കി. താമസിക്കാന്‍ വേറെ ഇടമില്ല. പൊലീസും ഗുണ്ടകളും ചേര്‍ന്ന് കുടിലും അതിനുള്ളിലെ സാധനങ്ങളും നശിപ്പിച്ചു. തങ്ങള്‍ക്കെതിരെ ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നതെന്നുംപരാതിയില്‍ പറയുന്നു.

ശവമടക്കാന്‍ മണ്ണില്ലാത്ത ഞങ്ങളോടോ ഈ ക്രുരത

'മരിച്ചുകഴിഞ്ഞാല്‍ കുഴിച്ചിടാന്‍പോലും ഞങ്ങക്ക് സ്ഥലമില്ല. ഇവിടെന്ന് എറക്കിവിട്ടാല്‍ പിന്നെ എവിടയാ ഞങ്ങള്‍ പോകുക. എന്തുവന്നാലും വേണ്ടില്ല, വെടിവെച്ചുകൊന്നാലല്ലാതെ ഈ ഭൂമിന്ന് എറങ്ങിപോണ പ്രശ്നമില്ല...'

പ്രായം നല്‍കിയ അവശതയുമായി എണ്‍പത്‌കാരി അമ്മിണി വെള്ളാരംകുന്ന് സമരഭൂമിയില്‍ നിന്നും പറയുമ്പോള്‍ ഗോത്രവിഭാഗത്തിന്റെ ദൈന്യതയും പോരാട്ടവീര്യത്തിന്റെ നിശ്ചദാര്‍ഡ്യവും ആ മുഖത്ത് പ്രകടം. കണിയാമ്പറ്റ കോളനിയില്‍ നിന്നും വെള്ളാരംകുന്നില്‍ ആദ്യം സമരത്തിനെത്തിയവരിലൊരാളാണ് ബാലന്റെ ഭാര്യ അമ്മിണി.

'കോളനിയിലെ ചെറിയ കുടിലിനകത്ത് ആറാളാണ് കഴിയുന്നത്. കുടിലിനുള്ളില്‍ അടിച്ചുവാരിയാല്‍പോലും മുന്നിലെ കുടിലിനുള്ളിലെത്തും. അത്രയും അടുത്താണ് കുടിലുകള്‍. മുറ്റം പോലുമില്ലുമില്ല. ഒരു പയറോ, മത്തനോ നടാന്‍ പറ്റൂല. അതുകൊണ്ടുതന്നെ എല്ലാ സാധനവും പൈസകൊടുത്ത് വാങ്ങണം. അത്രയും കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഇവിടെ കൊറച്ച് ഭൂമി കിട്ടിയാലേ ഇനി ജീവിക്കാനാവു. സുക്കേട് കാരിയായ മകളെയും കൊണ്ടു എങ്ങോട്ട് പോകാനാണ്. മരിച്ചാലും വേണ്ടില്യ, ഈ സ്ഥലത്തിന് പോകില്ല.....' അമ്മണി പറഞ്ഞു.

പൊലീസുകാര്‍ ചവിട്ടിമെതിച്ച കുടിലിനുള്ളില്‍ നിന്നും ലീല തന്റെ പാഠപുസ്തകങ്ങള്‍ ചികഞ്ഞെടുത്തപ്പോള്‍ കണ്ടുനിന്നവരില്‍ പോലും ഞൊമ്പരമായി. പൊലീസ് ബൂട്ടുകളുടെ പാടുകളുമുണ്ടായിരുന്ന നനഞ്ഞ പുസ്തകങ്ങള്‍ പല താളുകളായാണ് ആ കുടിലുകളില്‍ നിന്നും ലീലക്ക് ലഭിച്ചത്. കല്‍പ്പറ്റ അമൃദിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിനിയാണ് പുഴമുടി കല്ലാരംകുന്ന് കോളനിയില്‍ നിന്നെത്തിയ ലീല.

'പൊലീസ് കുടില്‍ പൊളിക്കാന്‍ തുടങ്ങി എന്നുകേട്ടയുടനെ എസ്എസ്എല്‍സിയുടെയും പ്ളസ്ടു വിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് സമരസഹായ സമിതിയുടെ പന്തലിലേക്ക് ഓടി. മറ്റ് പുസ്തകങ്ങളൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പൊലീസുകാര്‍ ഇത്രത്തോളം ക്രൂരത കാട്ടുമെന്ന് ഒരിക്കലും കരുതിയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുപോയതുകൊണ്ട് അതെങ്കിലും കിട്ടി. ഏറെ കഷ്ടപ്പെട്ടാണ് താന്‍ പഠിക്കുന്നത്.' ലീല പറഞ്ഞു.

ചേട്ടന്‍ ചന്ദ്രന്‍, ഭാര്യ മിനി എന്നിവരടോപ്പമാണ് ലീല വെള്ളാരംകുന്നിലെ കുടിലില്‍ കഴിയുന്നത്. ഇവരുടെ കുടില്‍ പൂര്‍ണമായും പൊലീസുകാര്‍ നശിപ്പിച്ചു. പടപുരം കോളനിയിലെ സുരേഷിന്റെ കുടിലിലുണ്ടായിരുന്ന ഉച്ചഭക്ഷണം വരെ പൊലീസുകാര്‍ നശിപ്പിച്ചു. ഭക്ഷണം വെക്കാനുപേയോഗിച്ച കലങ്ങള്‍ കാലുകൊണ്ടും ലാത്തികൊണ്ടും പൊട്ടിച്ചാണ് ചില പൊലീസുകാര്‍ മടങ്ങിയത്. ഇവിടെ താമസിക്കുന്ന തുറുമ്പിയുടെയും കുടുംബത്തിന്റെയും സൂക്ഷിച്ചുവെച്ച നല്ല വസ്ത്രങ്ങള്‍ വരെ വലിച്ചുവാരിയെറിഞ്ഞു. പാകംചെയ്ത ഭക്ഷണങ്ങളും വീട്ടുപകരണങ്ങളും ചവിട്ടിമെതിക്കുന്നതില്‍ ചില പൊലീസുകാര്‍ ആഹ്ളാദം കണ്ടെത്തിയപ്പോള്‍ നെഞ്ച് തകര്‍ന്നത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത പാവം ആദിവാസികളുടെതാണ്.

ശാരീരിക അവശത അനുഭവിക്കുന്ന ഏറെ പേരും ബുധനാഴ്ചയുണ്ടായപൊലീസ് അക്രമത്തിന് ഇരകളായി. തങ്ക, രമണി എന്നിവരടക്കം മൂന്ന് ഗര്‍ഭിണികളാണ് വെള്ളാരംകുന്ന് കോളനിയില്‍ താമസിക്കുന്നത്. ഇവരുടെ കുടിലുകളും പൂര്‍ണമായും തകര്‍ത്തു. സമരസഹായ സമിതി പ്രവര്‍ത്തകരോടൊപ്പം ഇവരും ചേര്‍ന്നാണ് കുടിലുകള്‍ പുനര്‍നിര്‍മിച്ചത്. നട്ടെല്ല് തകരാറിലായ നമ്പിയും ക്ഷയരോഗികളായ രണ്ടുപേരും ഇവിടെയുണ്ട്. നല്ല ജീവിതത്തിന് വേണ്ടിയുള്ള തങ്ങളുടെ സമരവീര്യത്തെ അക്രമത്തിനും അടിച്ചമര്‍ത്തലിനും പിന്തിരിപ്പിക്കാനവില്ലെന്ന് ഇവര്‍ പറഞ്ഞു.

പാഠപുസ്തകം നശിച്ച സങ്കടവുമായി ഈകുഞ്ഞുങ്ങള്‍

കല്‍പ്പറ്റ: ബൂട്ട്സ് പതിഞ്ഞ പുസ്തകത്താളുകള്‍ കണ്ട് ഒന്നാംക്ളാസുകാരിക്ക് ഭീതി വിട്ടൊഴിയുന്നില്ല. കണ്ട് കൊതി തീരാത്ത ആതിരയുടെ പാഠപുസ്തകത്തിന് ചെളിയുടെയും മഴവെള്ളത്തിന്റെയും നിറവും മണവുമാണിപ്പോള്‍. വെള്ളാരംകുന്നിലെ കാഡ്ബറീസ് ഇന്ത്യാ ലിമിറ്റഡ് ഭൂമിയില്‍ നിന്ന് ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ എത്തിയ പൊലീസ് കുടില്‍ പൊളിക്കുന്നതിനിടയിലാണ് പാഠപുസ്തകങ്ങള്‍ വലിച്ചിട്ട് ചവിട്ടി നശിപ്പിച്ചത്. കോടതിയും നിയമവും നീതിപാലനമൊന്നും കേട്ടറിവുപോലുമില്ലാത്ത കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് പ്രവേശിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് പുസ്തകങ്ങള്‍ നഷ്ടമായ അവസ്ഥ. ഏഴാംക്ളാസില്‍ പഠിക്കുന്ന മകന്റെയും രണ്ടില്‍ പഠിക്കുന്ന മോളുടെയും അച്ഛനായ നമ്പി പൊലീസ് പൊളിച്ചെറിഞ്ഞ കുടിലിന്റെ പല ഭാഗത്ത് നിന്ന് പാഠപുസ്തകങ്ങള്‍ ബാഗിലേക്ക് എടുത്തുവെച്ചത് ഉള്ളില്‍ കണ്ണീരും വേദനയുമായിട്ടാണ്. ഇതെന്തു നീതിയെന്ന് നമ്പിക്കൊ, ഭാര്യ ലീലയ്ക്കോ അറിയില്ല.

നാലരമാസം മുമ്പാണ് 270 കുടുംബങ്ങള്‍ക്കൊപ്പം നമ്പിയും വെള്ളാരംകുന്നില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്. വെള്ളാരംകുന്നിലെ സമരഭൂമിയില്‍ നിന്ന് മുപ്പതോളം കുട്ടികള്‍ സ്കൂളുകളില്‍ പോകുന്നത്. പെരുന്തട്ട യു പി സ്കൂളിലാണ് ഇവിടെ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നത്.പ്ളസ്ടുവരെ ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ രാവിലെ ഭക്ഷണം കഴിക്കാതെയാണ് സ്കൂളുകളില്‍ പോയത്. ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് പട റോഡില്‍ ക്യാമ്പ് ചെയ്തതിനാല്‍ പലരും ഭക്ഷണമുണ്ടാക്കിയില്ല. മരണം വരെ കിടപ്പാടത്തിനായി സമരം ചെയ്യാന്‍ ഇവര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. നല്ലകാലം പിന്നിട്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്ന കയമ്മയും വിധവയും രണ്ടുകുട്ടികളുടെ അമ്മയായ കുങ്കിക്കുമൊക്കെ സമരം അന്ത്യം വരെ തുടരുന്നത് വേറെ വഴിയില്ലാത്തതിനാലാണ്. പൊലീസിനെ തങ്ങളൊരിക്കലും ആക്രമിച്ചിട്ടില്ലെന്ന് പറയുന്ന കോട്ടത്തറ ആദിവാസി കോളനിയിലെ കൃഷ്ണന്‍, സര്‍ക്കാറിന്റെ ഭൂമിയില്‍ നിന്ന് കുടിയിറക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നു. ഇനി പൊലീസ് അക്രമം തുടര്‍ന്നാല്‍ അതിനെ ചെറുക്കും. ഈ കുടിലും ഭൂമിയും വിട്ട് തങ്ങളെവിടെ പോകാനാണെന്നും കൃഷ്ണന്‍ ചോദിക്കുന്നു.

deshabhimani 17062010

3 comments:

  1. വയനാട്ടിലെ വെള്ളാരംകുന്നില്‍ കുടില്‍കെട്ടി താമസിച്ച ആദിവാസികളെ കുടിയിറക്കാന്‍ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പൊലീസ് നടത്തിയ ശ്രമം ജനങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചു. കുടിലുകള്‍ പൊളിച്ച് കാടിന്റെ മക്കളെ ഇറക്കിവിടാനുള്ള പൊലീസ് നീക്കത്തിനെതിരെ ബഹുജനങ്ങളുടെ വമ്പിച്ച പ്രതിഷേധമാണ് ഉയര്‍ന്നത്. ജനങ്ങളുടെയും ആദിവാസികളുടെയും ചെറുത്തുനില്‍പ്പിനെതുടര്‍ന്ന് കുടില്‍ പൊളിക്കുന്നതില്‍നിന്ന് പൊലീസ് പിന്‍വാങ്ങി. പൊലീസ് പൊളിച്ച കുടിലുകള്‍ വയനാടന്‍ സമരചരിത്രത്തില്‍ ആവേശകരമായ അധ്യായം സൃഷ്ടിച്ച് മണിക്കൂറുകള്‍ക്കകം പുനര്‍നിര്‍മിച്ചു.

    ReplyDelete
  2. എല്ലാ അവന്മാരുടെ പറമ്പുകളിലും ഇങ്ങനെ കുടിലു കെട്ടണം അല്ല പിന്നെ.. ഇത് ദൈവത്തിന്റെ സ്വന്തം ഭൂമിയാ.. അത് ആര്‍ക്കും ദൈവംതമ്പുരാന്‍ പതിച്ചുകൊടുത്തിട്ടില്ല. കേറീനെടാ‍ സകല പറമ്പുകളിലും , കെട്ടടാ കുടിലുകള്‍ ... പക്ഷെ ഒന്നുണ്ട്, കുടില്‍ കെട്ടിയവനും അത് തന്റേതെന്ന് അവകാശം സ്ഥാപിച്ച് കളയരുത് ങ്ഹാ ....

    ReplyDelete
  3. വയനാട്ടില്‍ ഭൂമിക്കായി ആദിവാസികള്‍ നടത്തുന്ന സമരത്തെ സഹായിക്കാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എം വി ഗോവിന്ദന്‍ അഭ്യര്‍ഥിച്ചു. വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ കുടുംബം, അഡ്വ. ജോര്‍ജ് പോത്തന്‍, മലയാളം പ്ളാന്റേഷന്‍ തുടങ്ങിയവര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവച്ചിരിക്കുകയാണ്. ഇതിനെതിരായ പ്രക്ഷോഭമാണ് വയനാട്ടില്‍ ആദിവാസികള്‍ നടത്തുന്നത്. പൊതുസ്വത്ത് കൊള്ളയടിച്ചവര്‍ ഇത് നഷ്ടപ്പെടുമെന്നായപ്പോള്‍ വിറളിപൂണ്ടു. കൊള്ളമുതല്‍ നഷ്ടപ്പെടുമ്പോഴുള്ള വ്യഗ്രതയാണ് ഇത്. ഭരണകൂടസ്ഥാപനങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടുപോകാമെന്നാണ് ഇവര്‍ കരുതുന്നത്. അത്തരം വ്യാമോഹങ്ങള്‍ വൃഥാവിലാകുമെന്ന് ഇവര്‍ക്ക് ഉടന്‍ ബോധ്യമാകും. ദുര്‍ബലര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടേണ്ട കോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഈ സമരം കാണാതെ പോകുന്നത് ശരിയല്ല. ചെങ്ങറ സമരത്തെ വാനോളം പുകഴ്ത്തിയ ചില മാധ്യമങ്ങള്‍ വയനാട്ടിലെ സമരം കാണാതിരിക്കുന്നതിനു പിന്നില്‍ വലതുപക്ഷ രാഷ്ട്രീയം മാത്രമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കും. ഒരു പ്രമാണിയുടെയും താല്‍പര്യത്തിനുമുന്നില്‍ ജനകീയ താല്‍പ്പര്യം അടിയറവയ്ക്കാനാകില്ല. വയനാട്ടിലെ ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവരാന്‍ എല്ലാ കര്‍ഷകത്തൊഴിലാളികളും തയ്യാറാകണം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രകടനം നടത്തുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.

    ReplyDelete