Thursday, June 17, 2010

പെന്‍ഷന്‍ ഗവണ്‍മെന്റ് ...:)

മുന്‍കൂറായി ആനുകൂല്യം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കുള്ള ഭാവനാ സമ്പന്നമായ മറുപടിയാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനം. ഓണം പ്രമാണിച്ച് കേരളത്തിലെ മുഴുവന്‍ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും 2010 സെപ്തംബര്‍വരെയുള്ള പെന്‍ഷനും തൊഴിലില്ലായ്മ വേതനവും അനുവദിക്കുന്നു എന്നാണ് ധനമന്ത്രി പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ അനുഭവമാണിത്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയായി കുന്നുകൂടുന്നതല്ലാതെ മുന്‍കൂര്‍ നല്‍കുന്ന പതിവ് ഇന്നുവരെ ഉണ്ടായിട്ടില്ല. ഏറ്റവും അവശരായ ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 6 മാസത്തെ പെന്‍ഷനാണ് ഇങ്ങനെ നല്‍കുന്നത്. പുതുക്കിയ നിരക്കില്‍ പ്രതിമാസം 300 രൂപവീതമാണ് പെന്‍ഷന്‍ നല്‍കുക. 400 കോടി രൂപ ഈ ഇനത്തില്‍ ചെലവ് വരും എന്നാണ് ഡോ. ഐസക് പറഞ്ഞത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, അഗതി പെന്‍ഷന്‍ എന്നീ ഇനങ്ങളില്‍ മാത്രം 243 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുക. വകുപ്പുകള്‍ ഇത് സംബന്ധിച്ച ഫയലുകള്‍ ജൂണില്‍ത്തന്നെ സമര്‍പ്പിക്കണമെന്നും സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലാത്ത ക്ഷേമനിധികള്‍ക്ക് ആവശ്യത്തിന് പണമില്ലാത്ത സാഹചര്യമുണ്ടെങ്കില്‍ വിശദമായി ഓഡിറ്റ് ചെയ്ത കണക്കുകളടക്കം അപേക്ഷ സമര്‍പ്പിക്കണമെന്നുമുള്ള ധനമന്ത്രിയുടെ നിര്‍ദേശം നിശ്ചിത സമയത്ത് അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വെളിവാക്കുന്നത്.

ജൂലൈ ആദ്യവാരത്തില്‍ത്തന്നെ മുഴുവന്‍ അപേക്ഷകളിലും മുന്‍കൂര്‍ അനുമതി നല്‍കുമെന്നും ജൂലൈ അവസാനവാരത്തില്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കാനാകുമെന്നുമാണ് ധനമന്ത്രിയുടെ വാഗ്ദാനം. ഈ മഴക്കാലത്ത്, കേരളത്തിലെ പാവങ്ങളില്‍ പാവങ്ങളുടെ വീടുകളില്‍ സര്‍ക്കാരിന്റെ സഹായഹസ്തം എത്തിയിരിക്കും എന്നര്‍ഥം.

അഞ്ചാം വര്‍ഷത്തിലേക്കു കടന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ പെന്‍ഷന്‍ ഗവണ്‍മെന്റ് എന്ന് പലരും പരിഹസിച്ചിട്ടുണ്ട്. പുതിയ ജനവിഭാഗങ്ങള്‍ക്ക് പെന്‍ഷനും ക്ഷേമ ആനുകൂല്യങ്ങളും നല്‍കുന്നു എന്നതാണ് ഈ പരിഹാസത്തിന് കാരണം. എല്‍ഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ 110 രൂപ ആയിരുന്നു. അത് 300 രൂപയായി ഉയര്‍ത്തി. പെന്‍ഷന്‍ പരിധിയിലേക്ക് കൂടുതല്‍ ജനവിഭാഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നയം നടപ്പാക്കി. പീടികത്തൊഴിലാളികള്‍, നിലത്തെഴുത്ത് ആശാന്മാര്‍, കക്ക വാരല്‍ തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയ പുതിയ വിഭാഗങ്ങളിലേക്ക് ക്ഷേമപദ്ധതികള്‍ ഫലപ്രദമായി വ്യാപിപ്പിച്ചു. മറ്റു പെന്‍ഷനൊന്നും ലഭിക്കാത്ത ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലേയും 65 വയസ്സ് കഴിഞ്ഞവര്‍ക്ക് 100 രൂപ വാര്‍ധക്യകാല അലവന്‍സും നടപ്പാക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രവാസികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ എന്തൊക്കെ ചെയ്തു എന്ന് ഓര്‍ക്കുമ്പോഴേ ഈ ഗവമെന്റിന്റെ വ്യത്യസ്തതയും പാവങ്ങളോടുള്ള പ്രതിബദ്ധതയും വ്യക്തമാകൂ. അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് അവജ്ഞയോടെയല്ലാതെ ആ സര്‍ക്കാര്‍ പെരുമാറിയിട്ടില്ല. പാടത്തും പറമ്പിലും ചോര നീരാക്കുന്ന കര്‍ഷകത്തൊഴിലാളിക്ക് ക്ഷേമപദ്ധതി നടപ്പാക്കാന്‍വേണ്ടി, ആലംബഹീനരായ വൃദ്ധര്‍ക്ക് നാമമാത്രമായ പെന്‍ഷന്‍തുക ലഭിക്കാന്‍ വേണ്ടി കലക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യേണ്ടിവന്ന ദുരനുഭവമായിരുന്നു അന്ന്. ക്ഷേമപദ്ധതികളാകെ അലങ്കോലമാക്കി. കയര്‍, കൈത്തറി, ബീഡി മേഖലകളിലെ തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത പണംപോലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല. പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് ധനസഹായം നല്‍കാന്‍ കര്‍ഷകത്തൊഴിലാളികള്‍ സമര്‍പ്പിച്ച നാല്‍പ്പതിനായിരം അപേക്ഷയാണ് യുഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ കെട്ടിക്കിടന്നത്. തൊഴിലില്ലായ്മാവേതനക്കുടിശ്ശിക 140 കോടി രൂപയായിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക 161 കോടി രൂപയും.

ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് രോഗപീഡയിലും അവശതയിലും കഴിയുന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ തുച്ഛമായ പെന്‍ഷന്‍തുക പോലും പിടിച്ചുവച്ച ആ ഭരണാഭാസത്തില്‍നിന്ന് അഡ്വാന്‍സായി എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന അവസ്ഥയിലേക്കുള്ള മാറ്റമാണ് എല്‍ഡിഎഫ്-യുഡിഎഫ് വ്യത്യാസം. ക്ഷേമപദ്ധതികളോടുള്ള അവജ്ഞയും വിരോധവും നവലിബറല്‍ നയങ്ങളുടെ മുഖമുദ്രയാണ്. ആഗോളവല്‍ക്കരണ നയങ്ങളുടെ വക്താക്കളായ യുഡിഎഫിന് ജനങ്ങള്‍ക്ക് ക്ഷേമമുണ്ടാക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനോ നടപ്പാക്കാനോ ആകില്ല. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദല്‍നയങ്ങളുടെ ഫലമായാണ് ഏതു തരം പ്രയാസങ്ങളെ തരണംചെയ്തും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കണം എന്ന തീരുമാനം. സാമൂഹ്യക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക എന്ന ആഗോളവല്‍ക്കരണത്തിന്റെ പൊതുവായ സമീപനത്തിനെതിരായ ശക്തമായ ചുവടുവയ്പാണിത്. അതോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തുചെയ്യുന്നു; ആരോടൊപ്പം നില്‍ക്കുന്നു; ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവും.

ദേശാഭിമാനി മുഖപ്രസംഗം 17062010

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കുള്ള ഭാവനാ സമ്പന്നമായ മറുപടിയാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനം. ഓണം പ്രമാണിച്ച് കേരളത്തിലെ മുഴുവന്‍ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും 2010 സെപ്തംബര്‍വരെയുള്ള പെന്‍ഷനും തൊഴിലില്ലായ്മ വേതനവും അനുവദിക്കുന്നു എന്നാണ് ധനമന്ത്രി പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ അനുഭവമാണിത്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയായി കുന്നുകൂടുന്നതല്ലാതെ മുന്‍കൂര്‍ നല്‍കുന്ന പതിവ് ഇന്നുവരെ ഉണ്ടായിട്ടില്ല. ഏറ്റവും അവശരായ ജനവിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 6 മാസത്തെ പെന്‍ഷനാണ് ഇങ്ങനെ നല്‍കുന്നത്. പുതുക്കിയ നിരക്കില്‍ പ്രതിമാസം 300 രൂപവീതമാണ് പെന്‍ഷന്‍ നല്‍കുക. 400 കോടി രൂപ ഈ ഇനത്തില്‍ ചെലവ് വരും എന്നാണ് ഡോ. ഐസക് പറഞ്ഞത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, അഗതി പെന്‍ഷന്‍ എന്നീ ഇനങ്ങളില്‍ മാത്രം 243 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുക. വകുപ്പുകള്‍ ഇത് സംബന്ധിച്ച ഫയലുകള്‍ ജൂണില്‍ത്തന്നെ സമര്‍പ്പിക്കണമെന്നും സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലാത്ത ക്ഷേമനിധികള്‍ക്ക് ആവശ്യത്തിന് പണമില്ലാത്ത സാഹചര്യമുണ്ടെങ്കില്‍ വിശദമായി ഓഡിറ്റ് ചെയ്ത കണക്കുകളടക്കം അപേക്ഷ സമര്‍പ്പിക്കണമെന്നുമുള്ള ധനമന്ത്രിയുടെ നിര്‍ദേശം നിശ്ചിത സമയത്ത് അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വെളിവാക്കുന്നത്.

    ReplyDelete