Sunday, June 20, 2010

വിദ്യാര്‍ഥികള്‍ക്കെതിരെ ഉറഞ്ഞാട്ടമോ?

കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാര്‍ഥിസമരം അടിച്ചമര്‍ത്താത്തതില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രതിപക്ഷനേതാക്കളും മലയാളമനോരമ പത്രവും രോഷപ്രകടനം നടത്തുകയാണ്. അവിടെ രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് അകാരണമായി പുറത്താക്കി. കോളേജിലെ കൊമേഴ്സ് വിഭാഗവും വനിതാ ഹോസ്റ്റലും പൊളിച്ച് വ്യാപാരസമുച്ചയം പണിയാനുള്ള നീക്കത്തെ എസ്എഫ്ഐ നേതൃത്വത്തില്‍ എതിര്‍ത്തതാണ് കച്ചവടക്കാരായ ഒരുവിഭാഗം മാനേജ്മെന്റ് അധികൃതരെ പ്രതികാരനടപടികളിലേക്ക് നയിച്ചത്. നീതീകരണമില്ലാതെ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്. എസ്എഫ്ഐ പ്രവര്‍ത്തകനായ ജെയ്ക്ക് സി തോമസിനെ പുറത്താക്കി. ആ വിദ്യാര്‍ഥി തെറ്റുകാരനല്ലെന്ന് സര്‍വകലാശാലയുടെ ഗ്രീവന്‍സ് സെല്‍ കണ്ടെത്തിയിട്ടും കോളേജ് അധികൃതര്‍ അനങ്ങുന്നില്ല. ആകാശം ഇടിഞ്ഞുവീണാലും തിരിച്ചെടുക്കില്ലെന്ന വാശിയിലാണ് മാനേജ്മെന്റ്. കുറ്റം എസ്എഫ്ഐ പ്രവര്‍ത്തനം നടത്തി എന്നത്. പഠിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ പ്രാര്‍ഥിച്ചാല്‍ മതിയോ?

കേരളത്തിലെ ചില കോളേജുകളില്‍ എസ്എഫ്ഐയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് മാനേജ്മെന്റ് വാശിപിടിക്കുന്നത്. കേരളത്തിലെ എല്ലാ സര്‍വകലാശാലയിലും യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ജയിച്ചതാണ്. കേരളത്തിലെ ഏറ്റവും വലിയ അച്ചടക്കബോധമുള്ള, തികഞ്ഞ ലക്ഷ്യബോധമുള്ള വിദ്യാര്‍ഥിസംഘടനയാണ് എസ്എഫ്ഐ. ആ സംഘടനയുടെ കൊടിയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നാണുള്ളത്. പഠിക്കുക; പോരാടുക എന്നതാണ് എസ്എഫ്ഐ ഉയര്‍ത്തുന്ന മുദ്രാവാക്യം. എന്തേ, ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കാര്യമാണോ ഇതൊക്കെ?

വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനും മുന്നിട്ടിറങ്ങുന്ന ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയാണ് എസ്എഫ്ഐ. വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന നാനാതരം ദുഷ്പ്രവണതയ്ക്കെതിരെ അവര്‍ സമരം ചെയ്യാറുണ്ട്. അരാഷ്ട്രീയവാദികളായ ചില സ്വതന്ത്ര വിദ്യാര്‍ഥിസംഘടനക്കാര്‍ പ്രൊഫഷണല്‍ കോളേജുകളില്‍ ഉള്‍പ്പെടെ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അനുഭവമുണ്ട്. റാഗിങ് നടത്തുന്നുണ്ട്. വിദ്യാര്‍ഥികളില്‍നിന്ന് പണം തട്ടിപ്പറിക്കാറുണ്ട്. കഞ്ചാവിനും മദ്യത്തിനും അടിമകളാകാറുണ്ട്. അരാഷ്ട്രീയവാദത്തിന്റെ ഭാഗമായാണ് ഇതൊക്കെ പ്രത്യക്ഷപ്പെടാറുള്ളത്. ഉദാഹരണംഒട്ടേറെയുണ്ട്. എസ്എഫ്ഐ ഇതിനെയൊക്കെ എതിര്‍ക്കാറുണ്ട്. അതിന്റെ പേരില്‍ അനേകം എസ്എഫ്ഐ പ്രവര്‍ത്തകരും നേതാക്കളും അക്രമത്തിന് ഇരയായിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു ക്യാമ്പസിലും എസ്എഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായി ഒരു ജീവനും പൊലിഞ്ഞിട്ടില്ല. എന്നാല്‍, അനേകം എസ്എഫ്ഐ പ്രവര്‍ത്തകര്‍ എതിരാളികളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കെ.എസ്.യു എന്ന കോണ്‍ഗ്രസ് വിലാസം സംഘടന ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയെന്ന് അവകാശപ്പെട്ടിരുന്നവരാണ്. അരാജകത്വത്തിന്റെയും ആഭാസത്തിന്റെയും കൂത്തരങ്ങായി അത് മാറിയപ്പോള്‍, കേരളത്തിലെ വിദ്യാര്‍ഥികള്‍ തൂക്കി വെളിയില്‍ എറിയുകയാണുണ്ടായത്. ആ ഒഴിവില്‍ വളര്‍ന്നത് മതമൌലികവാദികളും അരാഷ്ട്രീയക്കാരും അരാജകവാദികളും വഴിതെറ്റിയവരും നയിക്കുന്ന സംഘടനകളാണ്. അത്തരം സംഘങ്ങളെക്കുറിച്ച് മൌനം ദീക്ഷിക്കുന്നവരും പ്രോത്സാഹനം നല്‍കുന്നവരുമാണ് ഇപ്പോള്‍ എസ്എഫ്ഐക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് എന്നത് കൌതുകകരംതന്നെ.

പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശമുള്ള നാടാണിത്. രാഷ്ട്രീയപാര്‍ടികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാഷ്ട്രീയപാര്‍ടികളെ തിരിച്ചറിയുന്നവര്‍ക്ക് രാഷ്ട്രീയബോധം അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയബോധം നിഷിദ്ധമാണെന്ന് മാനേജ്മെന്റ് വിധിച്ചാല്‍, അതപ്പടി ചോദ്യംചെയ്യാതെ അനുസരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായെന്ന് വരില്ല. ഇത് അച്ചടക്കലംഘനമായി കാണരുത്. സംഘടനാപ്രവര്‍ത്തനം നടത്തുന്നതും അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നതും പാപമല്ല. കേരളത്തിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് വടിയും കല്ലും നല്‍കി തെരുവിലേക്ക് വലിച്ചിഴച്ചവര്‍തന്നെ ഇപ്പോള്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിനെതിരെ ഗ്വാഗ്വാ വിളിക്കുന്നതിന്റെ പൊരുള്‍ തിരിച്ചറിയപ്പെടില്ലെന്ന് കരുതരുത്.

പുതിയ സാഹചര്യത്തില്‍ സംഘട്ടനത്തിന്റെ പാത ഉപേക്ഷിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണം. വിദ്യാര്‍ഥികളും അതേരൂപത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകുമെന്നതില്‍ സംശയം വേണ്ടാ. വിദ്യാര്‍ഥികളെ അക്രമികളും സംഘടനയെ മോശപ്പെട്ട ഒന്നുമായി ചിത്രീകരിച്ച് രോഷംകൊള്ളുന്നവര്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതാകും ഉചിതം.

സഭാസ്ഥാപനങ്ങളിലെ അധ്യാപകര്‍ സഭാവിശ്വാസത്തിനായി നിലകൊള്ളണമെന്ന താമരശേരി അതിരൂപതയുടെ പ്രതിമാസ ബുള്ളറ്റിനിലെ പ്രഖ്യാപനവും ഇതിനോടെല്ലാം കൂട്ടിവായിക്കേണ്ടതുണ്ട്. കലാലയങ്ങളെ കച്ചവടകേന്ദ്രമായിമാത്രമല്ല, വര്‍ഗീയതയുടെ വിളനിലമായും കാണാനുള്ള അപകടകരമായ പ്രവണതയാണിത്. ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്ത്യന്‍ സ്കൂളില്‍തന്നെ പഠിക്കണമെന്ന മാര്‍ ജോസഫ് പൌവ്വത്തിലിന്റെ ആഹ്വാനത്തിന്റെ രണ്ടാംഘട്ടമാണിത്.

വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും നിഷേധിച്ച് അവരെ മതത്തിന്റെയും ജാതിയുടെയും കൊടിക്കീഴില്‍ അണിനിരത്താനുള്ള ഈ നീക്കം, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയില്‍ ഒരുതരത്തിലും അനുവദിച്ചുകൂടാ. ഏതെങ്കിലും പ്രത്യേക പ്രശ്നം ഉയര്‍ന്നുവന്നാല്‍ കൂടിയാലോചനയിലൂടെ, അവധാനതയോടെ പരിഹരിക്കാനുള്ള ശ്രമമുണ്ടാകണം. അതേസമയം, മര്‍ക്കടമുഷ്ടിയുമായി ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണഘടനയെയും വെല്ലുവിളിച്ച്, തങ്ങളുടെ സ്ഥാപനം തങ്ങളുടെ സാമ്രാജ്യമാണ്; അവിടെ എന്തുമാകും എന്നു ധിക്കാരംകൊള്ളുന്നവരെ ജനാധിപത്യം പുലരുന്ന സമൂഹത്തിന് അംഗീകരിക്കാനാകില്ല. അത്തരക്കാരെ തിരുത്തിക്കുന്നതിനുപകരം, വിദ്യാര്‍ഥികളെ പഴിക്കുന്നത് ആശാസ്യമല്ലതന്നെ.

ദേശാഭിമാനി മുഖപ്രസംഗം 21062010

6 comments:

  1. കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാര്‍ഥിസമരം അടിച്ചമര്‍ത്താത്തതില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രതിപക്ഷനേതാക്കളും മലയാളമനോരമ പത്രവും രോഷപ്രകടനം നടത്തുകയാണ്. അവിടെ രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് അകാരണമായി പുറത്താക്കി. കോളേജിലെ കൊമേഴ്സ് വിഭാഗവും വനിതാ ഹോസ്റ്റലും പൊളിച്ച് വ്യാപാരസമുച്ചയം പണിയാനുള്ള നീക്കത്തെ എസ്എഫ്ഐ നേതൃത്വത്തില്‍ എതിര്‍ത്തതാണ് കച്ചവടക്കാരായ ഒരുവിഭാഗം മാനേജ്മെന്റ് അധികൃതരെ പ്രതികാരനടപടികളിലേക്ക് നയിച്ചത്. നീതീകരണമില്ലാതെ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്. എസ്എഫ്ഐ പ്രവര്‍ത്തകനായ ജെയ്ക്ക് സി തോമസിനെ പുറത്താക്കി. ആ വിദ്യാര്‍ഥി തെറ്റുകാരനല്ലെന്ന് സര്‍വകലാശാലയുടെ ഗ്രീവന്‍സ് സെല്‍ കണ്ടെത്തിയിട്ടും കോളേജ് അധികൃതര്‍ അനങ്ങുന്നില്ല. ആകാശം ഇടിഞ്ഞുവീണാലും തിരിച്ചെടുക്കില്ലെന്ന വാശിയിലാണ് മാനേജ്മെന്റ്. കുറ്റം എസ്എഫ്ഐ പ്രവര്‍ത്തനം നടത്തി എന്നത്. പഠിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ പ്രാര്‍ഥിച്ചാല്‍ മതിയോ?

    ReplyDelete
  2. കോളേജിലെ കൊമേഴ്സ് വിഭാഗവും വനിതാ ഹോസ്റ്റലും പൊളിച്ച് വ്യാപാരസമുച്ചയം പണിയാനുള്ള നീക്കത്തെ എസ്എഫ്ഐ നേതൃത്വത്തില്‍ എതിര്‍ത്തതാണ് കച്ചവടക്കാരായ ഒരുവിഭാഗം മാനേജ്മെന്റ് അധികൃതരെ പ്രതികാരനടപടികളിലേക്ക് നയിച്ചത്.

    ReplyDelete
  3. മാനേജ്മെന്റുകളുടെ പീഡനത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കാന്‍ സിവില്‍ കോടതിയുടെ അധികാരമുള്ള ജുഡീഷ്യല്‍ ട്രിബ്യൂണല്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും സെക്രട്ടറി പി ബിജുവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള സര്‍വകലാശാലാ നിയമങ്ങള്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അപര്യാപ്തമാണ്. ക്യാമ്പസില്‍ സംഘടനാസ്വതന്ത്യ്രം ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണം. ക്രൈസ്തവസഭാ മാനേജ്മെന്റുകള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. താമരശ്ശേരി രൂപത കഴിഞ്ഞ ദിവസം ഇറക്കിയ വര്‍ഗീയത വളര്‍ത്തുന്ന പ്രസിദ്ധീകരണവും മഫ്ത ധരിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായിട്ടുള്ള പ്രശ്നങ്ങളുമെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. വിദ്യാലയങ്ങളില്‍ ക്യാമ്പസ് ഫ്രണ്ട്, എസ്ഐഒ, ജീസസ് യൂത്ത്, കത്തോലിക് സ്റുഡന്റ് മൂവമെന്റ്, തുടങ്ങിയ വര്‍ഗീയ സംഘടനകളെ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റുകള്‍ അനുമതി നല്‍കുന്നുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ കെജിഎംസിടിഎ പോലുള്ള അരാഷ്ട്രീയ അധ്യാപക സംഘടനകള്‍ ഇന്റേണല്‍ അസസ്മെന്റിന്റെ പേരില്‍ വിദ്യാര്‍ഥികളെ തങ്ങളുടെ പിന്നില്‍ അണിനിരക്കാന്‍ നിര്‍ബന്ധിക്കുകയാണ്. എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുന്നവരെ പരാജയപ്പെടുത്തുമെന്ന പരസ്യമായ നിലപാടും ഈ സംഘടന എടുക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

    ReplyDelete
  4. വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും നിഷേധിച്ച് അവരെ മതത്തിന്റെയും ജാതിയുടെയും കൊടിക്കീഴില്‍ അണിനിരത്താനുള്ള നീക്കം, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയില്‍ ഒരുതരത്തിലും അനുവദിച്ചുകൂടാ.

    ReplyDelete
  5. ഭരണം തീരാറായി... ഇനിയിപ്പോള്‍ ഇങ്കിലാബ് വിളി തുടങ്ങാം അടുത്ത അഞ്ചു വര്‍ഷത്തേക്ക്!

    ReplyDelete
  6. Communist party is now a irritation to the Kerala socity.The Pary has lost its credibility.SFI = a group of students who has lost their ratioality(sense of reason)

    ReplyDelete