Friday, June 18, 2010

ജനങ്ങളെ കഴുതകളാക്കി മനോരമയുടെ നുണക്കഥ

'മലയാള മനോരമ'യുടെ ഒരു കള്ള വാര്‍ത്തക്ക് കൂടി ദയനീയമായ അന്ത്യം. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സിപിഐ എമ്മിനും എല്‍ഡിഎഫിനുമെതിരെ മുത്തശ്ശി എന്തുമെഴുതുമെന്നതിന്റെ തെളിവും. കോഴിക്കോട് നഗരത്തിലെ നവീകരിച്ച പാര്‍ക്കിലെ പരസ്യബോഡുകളിലേക്കുള്ള വൈദ്യുതിയുടെ ബില്‍ അടയ്ക്കുന്നത് കോര്‍പറേഷനാണെന്ന വാര്‍ത്തയാണ് ഏഴ് നിലയില്‍ പൊട്ടിയത്. കോര്‍പറേഷന്റെ 'അഴിമതി'യില്‍ രോഷംകൊള്ളാത്തതിന് ജനങ്ങള്‍ കഴുതകളാണെന്ന് സൂചിപ്പിച്ച് അവരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മനോരമക്ക് ആ പ്രയോഗവും തിരിച്ചടിയാവുന്നു.

ഇംഗ്ളീഷ് പള്ളി ജങ്ഷനിലെ പാര്‍ക്കില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളിലെ പ്രതിമാസ വൈദ്യുതിബില്‍ കോര്‍പറേഷന്‍ അടയ്ക്കുന്നുവെന്നാണ് ജൂണ്‍ 11 വെള്ളിയാഴ്ചയിലെ 'മെട്രോമനോരമ' വന്‍ പ്രാധാന്യത്തോടെ തട്ടിവിട്ടത്. 'ജനം കഴുതയാകുന്നത് ഇങ്ങനെ' എന്ന കൂറ്റന്‍ തലക്കെട്ടും 'ഫോര്‍ ദി പീപ്പിള്‍' എന്നെഴുതിയ ബോര്‍ഡ് തൂക്കി നില്‍ക്കുന്ന കഴുതയുടെ ചിത്രവും ഉള്‍പ്പെടെ എട്ടുകോളം വാര്‍ത്തയാണ് ഇത് ആഘോഷിച്ചത്. പാര്‍ക്കിലെ പരസ്യബോര്‍ഡുകളിലേക്കുള്ള വൈദ്യുതി ബില്‍ അടയ്ക്കുന്നത് അത് സ്ഥാപിച്ച കമ്പനിക്കാര്‍ തന്നെയാണെന്നും കള്ള വാര്‍ത്തയാണ് മനോരമ നല്‍കിയതെന്നും ചൊവ്വാഴ്ച ചേര്‍ന്ന കൌണ്‍സില്‍ യോഗത്തില്‍ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേലടി നാരായണന്‍ അറിയിച്ചു. വാര്‍ത്ത തിരുത്തുന്നില്ലെങ്കില്‍ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയറും അറിയിച്ചു.

പാര്‍ക്ക് നവീകരിച്ച സ്വകാര്യ കമ്പനി വൈദ്യുതി ചാര്‍ജ് ഇലക്ട്രിസിറ്റി ഓഫീസില്‍ നേരിട്ടാണ് അടയ്ക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള എല്ലാ വസ്തുക്കളുടെയും അധികാരിയായ സെക്രട്ടറിയുടെ പേരിലാണ് തുക അടയ്ക്കുന്നത്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പേരില്‍ പണം അടച്ചിട്ടുണ്ടെന്നറിഞ്ഞ് മറ്റൊന്നും അന്വേഷിക്കാതെ പതിവ് രീതിയില്‍ മനോരമ നുണക്കഥ മെനയുകയായിരുന്നു. കോര്‍പറേഷന്റെ ഒരു പണമിടപാടും നേരിട്ടല്ലെന്നും ചെക്ക് മുഖേനയേ പാടുള്ളൂവെന്നുമുള്ള സാമാന്യബോധംപോലും മറന്നാണ് വാര്‍ത്ത നല്‍കിയത്.

സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് നഗരത്തിലെ പാര്‍ക്കുകളും ട്രാഫിക്ക് ജങ്ഷനുകളും നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ളീഷ് പള്ളി പാര്‍ക്ക് മോടിപിടിപ്പിച്ചത്. പാര്‍ക്കിലെ നിലവിലുള്ള ലൈറ്റുകള്‍ക്ക് കോര്‍പറേഷനും പരസ്യബോര്‍ഡില്‍ ഉള്‍പ്പെടെ പുതുതായി സ്ഥാപിക്കുന്ന ലൈറ്റുകള്‍ക്ക് സ്വകാര്യ സംരംഭകനും വൈദ്യുതി ചാര്‍ജ്ജ് നല്‍കണമെന്നതാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ സ്വകാര്യ വ്യക്തിക്ക് വൈദ്യുതി മീറ്റര്‍ സ്ഥാപിക്കാന്‍ നിയമതടസ്സമുള്ളതിനാല്‍ നിലവിലുള്ള ലൈറ്റുകളുടേതടക്കം എല്ലാ ചാര്‍ജ്ജും സ്വകാര്യ സംരംഭകനാണ് അടയ്ക്കുന്നത്. കോര്‍പറേഷന്റെ ഒരു ചില്ലിക്കാശ് പോലും സ്വകാര്യ സംരംഭകനോ, പാര്‍ക്കില്‍ പരസ്യം ചെയ്യുന്നവരോ അനുഭവിക്കുന്നില്ല.

പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ നഗരത്തിലെ 4.36 ലക്ഷം ജനങ്ങളെയാണ് മനോരമ കഴുതയെന്ന് വിളിച്ചിരിക്കുന്നതെന്ന് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ ലത്തീഫ് പറഞ്ഞു. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് തങ്ങളോട് ഫോണിലൂടെയോ, നേരിട്ടോ യാതൊരു അന്വേഷണവും മനോരമക്കാര്‍ നടത്തിയിട്ടില്ലെന്ന് കോര്‍പറേഷന്‍ സെക്രട്ടറി എസ് വിജയകുമാറും അറിയിച്ചു. കോര്‍പറേഷന്റെ ഇടനാഴികളില്‍ കറങ്ങിനടക്കുന്ന ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവാണ് വാര്‍ത്തക്ക് പിന്നിലുള്ളതെന്നാണ് സൂചന. സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമ്പോള്‍ മാനാഞ്ചിറയിലെ മുഖ്യ വേദിക്കടുത്ത് വെച്ചിരുന്ന കുടിവെള്ളത്തില്‍ മാലിന്യമുണ്ടെന്ന് പ്രചരിപ്പിച്ച് വാര്‍ത്ത സൃഷ്ടിച്ചതും ഈ നേതാവ് തന്നെയായിരുന്നു.

ദേശാഭിമാനി 18062010

3 comments:

  1. 'മലയാള മനോരമ'യുടെ ഒരു കള്ള വാര്‍ത്തക്ക് കൂടി ദയനീയമായ അന്ത്യം. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സിപിഐ എമ്മിനും എല്‍ഡിഎഫിനുമെതിരെ മുത്തശ്ശി എന്തുമെഴുതുമെന്നതിന്റെ തെളിവും. കോഴിക്കോട് നഗരത്തിലെ നവീകരിച്ച പാര്‍ക്കിലെ പരസ്യബോഡുകളിലേക്കുള്ള വൈദ്യുതിയുടെ ബില്‍ അടയ്ക്കുന്നത് കോര്‍പറേഷനാണെന്ന വാര്‍ത്തയാണ് ഏഴ് നിലയില്‍ പൊട്ടിയത്. കോര്‍പറേഷന്റെ 'അഴിമതി'യില്‍ രോഷംകൊള്ളാത്തതിന് ജനങ്ങള്‍ കഴുതകളാണെന്ന് സൂചിപ്പിച്ച് അവരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മനോരമക്ക് ആ പ്രയോഗവും തിരിച്ചടിയാവുന്നു.

    ReplyDelete
  2. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കിയത് വീക്ഷിച്ച മനോരമയുടെ വഴിക്കണ്ണില്‍ രാഷ്ട്രീയതിമിരം. സിപിഐ എം ഓഫീസ് തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് വൃത്തിയാക്കിയെന്നായി മനോരമ വാര്‍ത്ത. സിപിഐ എം പള്ളിപ്പുറം തെക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കിയെന്നാണ് മനോരമയില്‍ വ്യാഴാഴ്ച സചിത്രവാര്‍ത്ത. ഏഴാംവാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ ഒറ്റപ്പുന്നയിലെ പൊതുസ്ഥലങ്ങളും പരിസരവും ബുധനാഴ്ച ശുചീകരിച്ചു. പൊതുജന വായനശാല മുതല്‍ ഒറ്റപ്പുന്ന ഗവമെന്റ് എല്‍പി സ്കൂള്‍വരെയുള്ള ഭാഗമാണ് വൃത്തിയാക്കിയത്. ഇവിടെ റേഷന്‍കട, ടാക്സിസ്റ്റാന്‍ഡ്, ജില്ലാ സഹകരണബാങ്ക് ശാഖ, മാവേലി സ്റ്റോര്‍, സിപിഐ എം ഓഫീസ് എന്നിവയുണ്ട്. നിശ്ചയിച്ചപ്രകാരം ശുചീകരണ പ്രവര്‍ത്തനം നടന്നപ്പോള്‍ സിപിഐ എം ഓഫീസിനുമുന്നില്‍ റോഡിനോടു ചേര്‍ന്നുള്ള ഭാഗവും ശുചീകരിച്ചു. എന്നാല്‍ പാര്‍ടി ഓഫീസും പരിസരവും ശുചീകരിച്ചുവെന്നാണ് മനോരമ ക്യാമറ കണ്ടതും വാര്‍ത്തയില്‍ എഴുതിയതും. തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു പ്രവൃത്തിയും ഈ വാര്‍ഡില്‍ നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സിപിഐ എം ഓഫീസുണ്ടെങ്കില്‍ അതിനുപരിസരം വൃത്തിഹീനമായി കിടക്കണമെന്ന ദുഷ്ടചിന്തയാണ് മനോരമ വാര്‍ത്തയില്‍ പ്രകടമായത്. മാത്രമല്ല, സിപിഐ എമ്മിനെയും എല്‍ഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തിനെയും അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തില്‍ മനോരമ പ്രകടിപ്പിച്ചത് രാഷ്ട്രീയതിമിരബാധയുടെ വിലകെട്ട പ്രചാരണശൈലിയും.

    ReplyDelete
  3. കോഴിക്കോട് കോര്പ്പാറേഷന്റെ മാതൃകാപരമായ പ്രവര്ത്നങ്ങളില്‍ - പ്രത്യേകിച്ച് നഗരത്തിലെ കുളങ്ങള്‍, പാര്ക്കുകള്‍ എന്നിവയുടെ പരിപാലനത്തില്‍ - നഗരവാസികള്ക്ക് അനല്പമായ മതിപ്പ് ഉണ്ടെന്ന് മനസ്സിലാക്കിയാണ് മനോരമ കള്ളവാര്ത്ത് വിളമ്പിയത്. ഇത് ഒരു പരമ്പരയുടെ തുടക്കമാവാനേ വഴിയുള്ളൂ.

    ReplyDelete