കേന്ദ്ര ബജറ്റില്‍ സബ്സിഡി വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ ആലോചന. കൂടുതല്‍ സബ്സിഡി നല്‍കുന്ന പാചകവാതകത്തിനാകും വലിയ വര്‍ധന. ആദ്യഘട്ടമായി 100 രൂപയെങ്കിലും കൂട്ടാനാണ് നീക്കം. വരും മാസങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില സംബന്ധിച്ച് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ശനിയാഴ്ച ഡല്‍ഹിയില്‍ വ്യക്തമാക്കി. വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ സര്‍ക്കാരിന് അത്തരം കടുത്ത തീരുമാനമെടുക്കാതെ നിവൃത്തിയില്ല. ബജറ്റ് നിര്‍ദേശങ്ങള്‍ക്കുപുറമേയുള്ള നടപടികളും വേണ്ടിവരും-അദ്ദേഹം പറഞ്ഞു. വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍റെഡ്ഡിയും കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 68,481 കോടി രൂപ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡിക്കായി നീക്കിവച്ചിരുന്നു. ഇക്കൊല്ലമത് 24,901 കോടി രൂപയായി വെട്ടിക്കുറച്ചു. 43,580 കോടി രൂപയുടെ വ്യത്യാസം. ഈ തുകയത്രയും വിലവര്‍ധനയായി ജനങ്ങളുടെ ചുമലിലേക്ക് തള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനുപുറമേ അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസത്തിന്റ പേരിലുള്ള വര്‍ധനയുമുണ്ടാകും. ഒരു വീപ്പ പെട്രോളിയത്തിന് 120നും 125നും മധ്യേ ഡോളറാണ് ഇപ്പോഴത്തെ അന്താരാഷ്ട്ര വിപണി വില. ഇതുകൂടി കണക്കാക്കിയാകും പുതിയ വര്‍ധന.
പാചകവാതകത്തിന്റെ സബ്സിഡി പൂര്‍ണമായും നീക്കിയാല്‍ ഒരു സിലിണ്ടറിന് 730 രൂപ വില വരും. ഇപ്പോള്‍ പാചകവാതകം സിലിണ്ടറിന് 439.50 രൂപ, ഡീസല്‍ ലിറ്ററിന് 14.73 രൂപ, മണ്ണെണ്ണ ലിറ്ററിന് 30.10 രൂപ എന്നിങ്ങനെ വില കുറച്ച് വില്‍ക്കുകയാണെന്നാണ് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും പറയുന്നത്. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ ആഗോളനിരക്കനുസരിച്ച് വില കൂട്ടുന്നുണ്ട്. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി പൂര്‍ണമായും നീക്കുന്നതിനെക്കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുടെയും വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കളുടെയും യോഗം വിളിക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു.
(വി ജയിന്‍)
deshabhimani 240312
No comments:
Post a Comment