Saturday, March 24, 2012

കൊച്ചി എണ്ണപര്യവേക്ഷണത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു

കൊച്ചി തീരക്കടലില്‍ എണ്ണപര്യവേക്ഷണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നിഷേധിച്ചു. ലാഭം കുറവായിരിക്കുമെന്ന സാമ്പത്തികകാര്യ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആന്‍ഡമാന്‍ തീരത്തെ ഖനനം ഉള്‍പ്പെടെ 14 പദ്ധതിക്കുള്ള അപേക്ഷയും മന്ത്രിസഭ തള്ളി. 16 പാചകവാതക ഖനന പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കൊച്ചിയുടെയും കേരളത്തിന്റെയും വ്യവസായവളര്‍ച്ചയില്‍ നാഴികക്കല്ലാകുമെന്നു കരുതപ്പെട്ടിരുന്ന പദ്ധതിക്കാണ് മന്ത്രിസഭാ തീരുമാനത്തോടെ തിരിച്ചടിയേറ്റത്.
ഒഎന്‍ജിസി, ബിപിആര്‍എല്‍ എന്നീ കമ്പനികള്‍ സംയുക്തമായാണ് പര്യവേക്ഷണത്തിന് അനുമതി തേടിയത്. 6.7 ശതമാനം ലാഭവിഹിതം കമ്പനികള്‍ സര്‍ക്കാരിന് വാഗ്ദാനം ചെയ്തു. ഇത് കുറവാണെന്നായിരുന്നു സാമ്പത്തികകാര്യസമിതിയുടെ അഭിപ്രായം. 66 കോടി ടണ്ണിന്റെ ഹൈഡ്രോ കാര്‍ബണ്‍ നിക്ഷേപമാണ് കേരളതീരത്ത് സാധ്യതാ പഠനത്തില്‍ കണ്ടെത്തിയത്. 1977 മുതല്‍ കൊച്ചി തീരത്ത് എണ്ണപര്യവേക്ഷണം നടക്കുന്നുണ്ട്. "60കളില്‍ നടന്ന ഭൂഗര്‍ഭ-ഭൗമശാസ്ത്ര പരിശോധനകളില്‍ എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പര്യവേക്ഷണവും ഖനനവും ആരംഭിച്ചത്. 1987നുള്ളില്‍ 12 എണ്ണക്കിണറുകള്‍ ഇവിടെ കുഴിച്ചു. തൊണ്ണൂറുകളുടെ ആദ്യം ഒഎന്‍ജിസിക്കു വേണ്ടി ഓസ്ട്രേലിയന്‍ കമ്പനിയും 3000 മീറ്റര്‍ ഖനനം നടത്തി. എന്നാല്‍ , ഒഎന്‍ജിസി നടത്തിയ തുടര്‍പഠനങ്ങളിലാണ് എണ്ണ നിക്ഷേപസാധ്യത കണ്ടെത്തിയത്. 2008 ഡിസംബറിലാണ് കേരള തീരം ഉള്‍പ്പെടുന്ന കേരള കൊങ്കണ്‍ തടത്തില്‍ ഇന്ധന എണ്ണയുടെ അടിസ്ഥാനഘടകമായ ഹൈഡ്രോകാര്‍ബണിന്റെ വന്‍ നിക്ഷേപസാധ്യതയുള്ളതായി കണ്ടെത്തിയത്.

 ഇതേത്തുടര്‍ന്ന് 2009 ആഗസ്ത് രണ്ടിന് കൊച്ചി തീരത്ത് ഖനനം ആരംഭിച്ചു. റിലയന്‍സില്‍നിന്നു വാടകയ്ക്കെടുത്ത ധീരുബായ് ഡീപ്വാട്ടര്‍ കെജി-1 എന്ന റിഗ്ഗ് ഉപയോഗിച്ചായിരുന്നു പര്യവേക്ഷണം. റിഗ്ഗ് വാടക ഉള്‍പ്പെടെ ഒരു ദിവസം അഞ്ചുകോടി രൂപയോളമായിരുന്നു ചെലവ്. കൊച്ചി തീരത്തുനിന്ന് 70 നോട്ടിക്കല്‍മൈല്‍ അകലെ (130 കിലോമീറ്റര്‍) കടലിന് രണ്ടുകിലോമീറ്റര്‍ ആഴമുള്ള ഭാഗത്തായിരുന്നു ഖനനം. 100 ദിവസം നിശ്ചയിച്ച് ആരംഭിച്ച ഖനനം 135 ദിവസം കൊണ്ടാണ് 6500 മീറ്റര്‍ ആഴം എന്ന ലക്ഷ്യത്തിലെത്തിയത്. മൂന്നു ഘട്ടമായിട്ടായിരുന്നു ഖനനം. 600 കോടി രൂപയാണ് ഖനനത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത്. ഇതേത്തുടര്‍ന്നാണ് ഇവിടെ എണ്ണ പര്യവേക്ഷണത്തിന് പദ്ധതി തയ്യാറാക്കി അനുമതിക്കായി സമര്‍പ്പിച്ചത്. ഇത്രയേറെ തുക മുടക്കി നടത്തിയ സാധ്യതാപഠനറിപ്പോര്‍ട്ട് ലാഭവിഹിതം കുറഞ്ഞെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിയത് കൊച്ചിയുടെയും കേരളത്തിന്റെയും വികസനത്തിന് ഏറെ തിരിച്ചടിയാകും.

deshabhimani 250312

1 comment:

  1. കൊച്ചി തീരക്കടലില്‍ എണ്ണപര്യവേക്ഷണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നിഷേധിച്ചു. ലാഭം കുറവായിരിക്കുമെന്ന സാമ്പത്തികകാര്യ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആന്‍ഡമാന്‍ തീരത്തെ ഖനനം ഉള്‍പ്പെടെ 14 പദ്ധതിക്കുള്ള അപേക്ഷയും മന്ത്രിസഭ തള്ളി. 16 പാചകവാതക ഖനന പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കൊച്ചിയുടെയും കേരളത്തിന്റെയും വ്യവസായവളര്‍ച്ചയില്‍ നാഴികക്കല്ലാകുമെന്നു കരുതപ്പെട്ടിരുന്ന പദ്ധതിക്കാണ് മന്ത്രിസഭാ തീരുമാനത്തോടെ തിരിച്ചടിയേറ്റത്.

    ReplyDelete