Thursday, March 8, 2012

കടത്തുകൂലി 20% കൂട്ടുന്നു


നിത്യോപയോഗസാധനങ്ങളടക്കം നിരവധി ചരക്കുകളുടെ കടത്തുകൂലി കുത്തനെ വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഭക്ഷ്യവസ്തുക്കള്‍ , രാസവളം, കല്‍ക്കരി എന്നിവയടക്കമുള്ള വസ്തുക്കളുടെ കടത്തുകൂലിയാണ് വര്‍ധിപ്പിക്കുക. 20 ശതമാനം വരെയാണ് വര്‍ധന. ഇപ്പോള്‍ത്തന്നെ വിലക്കയറ്റത്തില്‍ ഞെരുങ്ങുന്ന സാധാരണജനങ്ങളുടെ ജീവിതത്തെ ഇത് അങ്ങേയറ്റം ദുരിതമയമാക്കും. റെയില്‍വേ ബജറ്റില്‍ കാര്യമായ യാത്രക്കൂലി വര്‍ധനയ്ക്കും നിര്‍ദേശമുണ്ടാകും. ഇക്കാര്യവും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

ബജറ്റിന് മുന്നോടിയായി ഇപ്പോള്‍ തീരുമാനിച്ച ചരക്ക് കടത്തുകൂലി വര്‍ധന അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാനും കൃഷിച്ചെലവ് കൂടാനും വൈദ്യുതോല്‍പ്പാദന ചെലവ് വര്‍ധിക്കാനും ഇടയാക്കും. റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ ചരക്കുകൂലി വര്‍ധന നിലവില്‍വരും. ഇതുവഴി 17,000 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. യാത്രക്കൂലിയേക്കാള്‍ കൂടുതലാണ് റെയില്‍വേക്ക് ചരക്കുകടത്തിലൂടെ ലഭിക്കുന്ന വരുമാനം. ചരക്കുകടത്തു കൂലിയില്‍ ഇതുവരെയുണ്ടായിരുന്ന സംവിധാനം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇനി ഓരോ കിലോമീറ്ററിനും ഓരോ ടണ്ണിനും അധികമായി തുക നല്‍കേണ്ടിവരും. ഇത് റെയില്‍വേയുടെ വരുമാനം കുത്തനെ ഉയര്‍ത്തും.

കടത്ത് കൂലി ഉയര്‍ത്തുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിക്കും. തുടര്‍ന്ന് പൊതുബജറ്റിലെ നികുതിവര്‍ധന കൂടിയാകുമ്പോള്‍ സാധാരണക്കാര്‍ക്ക് കനത്ത ആഘാതമാകും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന അവസരങ്ങളിലെല്ലാം അതിന് ആനുപാതികമായി റെയില്‍ യാത്രക്കൂലിയും വര്‍ധിപ്പിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചു. വിമാനയാത്രക്കൂലിയില്‍ പെട്രോളിയം വിലവര്‍ധനയ്ക്ക് ആനുപാതികമായി വര്‍ധന വരുത്തുന്ന സംവിധാനം നിലവിലുണ്ട്. അതേ മാതൃകയിലാകും റെയില്‍വേയിലും വര്‍ധന. ഉരുക്കിന്റെയും ഇരുമ്പയിരിന്റെയും കടത്തുകൂലി വര്‍ധിപ്പിക്കുമ്പോള്‍ അത് നിര്‍മാണമേഖലയെയും വ്യവസായമേഖലയെയും പ്രതികൂലമായി ബാധിക്കും. ഈ അധികഭാരം ഉപയോക്താക്കളുടെ ചുമലിലാകും പതിക്കുക. കല്‍ക്കരിയുടെ ചരക്കുകൂലി കൂട്ടുന്നത് ഊര്‍ജോല്‍പ്പാദനമേഖലയെ പ്രതികൂലമായി ബാധിക്കും. വൈദ്യുതി നിരക്കും കുത്തനെ കൂടും. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന് അനിവാര്യമായ എല്ലാ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഇനി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും. രാസവളത്തിന്റെ വില കഴിഞ്ഞ ആഴ്ച 33 ശതമാനത്തിലേറെ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍വേ രാസവളത്തിന്റെ കടത്തുകൂലിയും വര്‍ധിപ്പിക്കുന്നത്.
(വി ജയിന്‍)

deshabhimani 080312

1 comment:

  1. നിത്യോപയോഗസാധനങ്ങളടക്കം നിരവധി ചരക്കുകളുടെ കടത്തുകൂലി കുത്തനെ വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഭക്ഷ്യവസ്തുക്കള്‍ , രാസവളം, കല്‍ക്കരി എന്നിവയടക്കമുള്ള വസ്തുക്കളുടെ കടത്തുകൂലിയാണ് വര്‍ധിപ്പിക്കുക. 20 ശതമാനം വരെയാണ് വര്‍ധന. ഇപ്പോള്‍ത്തന്നെ വിലക്കയറ്റത്തില്‍ ഞെരുങ്ങുന്ന സാധാരണജനങ്ങളുടെ ജീവിതത്തെ ഇത് അങ്ങേയറ്റം ദുരിതമയമാക്കും. റെയില്‍വേ ബജറ്റില്‍ കാര്യമായ യാത്രക്കൂലി വര്‍ധനയ്ക്കും നിര്‍ദേശമുണ്ടാകും. ഇക്കാര്യവും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

    ReplyDelete