Saturday, March 24, 2012

38 പൊലീസുകാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പൊലീസില്‍ തുടരുന്നത് സമൂഹത്തിനു ഭീഷണിയെന്ന് ഹൈക്കോടതി. ക്രിമിനല്‍കേസുകളില്‍ പ്രതികളായ 38 പൊലീസുകാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ , സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ക്രിമിനല്‍കേസില്‍ പ്രതികളാണെന്ന കാരണത്താല്‍ പൊലീസ് പരിശീലനത്തില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരായ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

തട്ടിക്കൊണ്ടുപോകല്‍ , പൊതുമുതല്‍ നശിപ്പിക്കല്‍ , സ്ഫോടകവസ്തു നിയമലംഘനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതികളായവരെ സര്‍വീസില്‍ നിലനിര്‍ത്തണമെന്ന് എഡിജിപി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികളെ കോടതി കുറ്റവിമുക്തരാക്കി എന്ന കാരണംകൊണ്ടുമാത്രം ഇവരെ തുടരാന്‍ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടുള്ള ഉത്തരവ് ചോദ്യംചെയ്യാന്‍ പൊലീസുകാര്‍ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം ആത്മഹത്യാപരവും നിയമവാഴ്ചയ്ക്ക് വെല്ലുവിളിയുമാണ്. ഇത്തരക്കാര്‍ക്ക് എങ്ങനെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയും-കോടതി ചോദിച്ചു.

deshabhimani 240312

1 comment:

  1. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പൊലീസില്‍ തുടരുന്നത് സമൂഹത്തിനു ഭീഷണിയെന്ന് ഹൈക്കോടതി. ക്രിമിനല്‍കേസുകളില്‍ പ്രതികളായ 38 പൊലീസുകാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ , സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ക്രിമിനല്‍കേസില്‍ പ്രതികളാണെന്ന കാരണത്താല്‍ പൊലീസ് പരിശീലനത്തില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരായ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

    ReplyDelete