Saturday, March 24, 2012

നികുതിവരുമാനത്തില്‍ വന്‍ വര്‍ധന: സിഎജി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം സംസ്ഥാനത്തിന്റെ നികുതിവരുമാനം കുതിച്ചുയര്‍ന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്്. 2010-11 സാമ്പത്തിക വര്‍ഷം റവന്യൂ വരവുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 18.7 ശതമാനം വളര്‍ച്ചയുണ്ടായെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ജി എന്‍ സുന്ദര്‍രാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ധനസഹായത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നേട്ടമെന്ന് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 1.6 ശതമാനത്തിന്റ കുറവാണ് കേന്ദ്രസഹായത്തിലുണ്ടായത്. സംസ്ഥാനപദ്ധതികള്‍ക്കുള്ള ധനഹായം, പദ്ധതിയിതര ധനസഹായം, കേന്ദ്രപദ്ധതികള്‍ക്കുള്ള ധനസഹായം എന്നിവയില്‍ വന്‍ കുറവുണ്ടായി. എന്നാല്‍ , കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള ധനസഹായത്തിലെ വര്‍ധനയാണ് ഇതിന്റെ ആഘാതം കുറച്ചത്. സംസ്ഥാനത്തിന്റെ തനതു നികുതിവരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 23.2 ശതമാനം വര്‍ധിച്ചു. വില്‍പ്പന, വ്യാപാര നികുതികള്‍ 24 ശതമാനമാണ് ഉയര്‍ന്നത്. വാഹനനികുതിയിലുള്ള വരവ് 17.7 ശതമാനവും മുദ്രപ്പത്രങ്ങളും രജിസ്ട്രേഷന്‍ ഫീസും ഇനത്തിലെ വരുമാനം 34.6 ശതമാനവും വര്‍ധിച്ചു. മൂലധനച്ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 63.3 ശതമാനം വര്‍ധിക്കുകയും മൊത്തം ചെലവിന്റെ ഒമ്പതു ശതമാനമാവുകയും ചെയ്തു. റവന്യൂ കമ്മിയും ധനകമ്മിയും പ്രാഥമിക കമ്മിയും കുറഞ്ഞുവരുന്ന പ്രവണതയാണ് കാണിച്ചത്. നികുതിയിതര വരുമാനം തന്നാണ്ടില്‍ 4.2 ശതമാനം വര്‍ധിച്ചു. പ്രധാനമായും ഗ്യാരന്റി ഫീസ് (128.30 കോടി), ലാഭവും ലാഭവിഹിതവും (48.17 കോടി), മറ്റു ഭരണപരമായ സേവനങ്ങള്‍ (34.21 കോടി) എന്നിവയില്‍നിന്നാണ് നികുതിയിതര വരുമാനത്തിലെ മറ്റു പ്രധാന വര്‍ധനകള്‍ .

തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം 2006-07 സാമ്പത്തികവര്‍ഷം 6237.27 കോടിയായിരുന്നത് 9798.20 കോടിയായി വര്‍ധിച്ചു. 2006-11 കാലയളവില്‍ സാമ്പത്തികസഹായം റവന്യൂചെലവിന്റെ 25 മുതല്‍ 30 ശതമാനംവരെയായിരുന്നു. ജില്ലാ പഞ്ചായത്തുകള്‍ , മുനിസിപ്പാലിറ്റികള്‍ , കോര്‍പറേഷനുകള്‍ എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം 2009-10ലെ 3831.12 കോടിയില്‍നിന്ന് 482.40 കോടി വര്‍ധിച്ചു. ആസ്തികള്‍ സംരക്ഷിക്കുന്നതിനും പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ വികസനത്തിനുംവേണ്ടി കൂടുതല്‍ ഫണ്ട് ഇക്കാലത്ത് നല്‍കി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2010-11 സാമ്പത്തികവര്‍ഷം 1.21 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. സഞ്ചിത നഷ്ടം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2006-07 മുതല്‍ 2010-11 വരെയുള്ള കാലളവില്‍ കെടിഡിസിക്ക് പ്രവര്‍ത്തനലാഭം കാണിക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നൂറു ശതമാനം മീറ്ററിങ് കൈവരിക്കുന്നതിലും വിവിധ നഷ്ടങ്ങള്‍ കുറയ്ക്കുന്നതിലും വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (എ ആന്‍ഡ് എഫ്) ജെ മഹാലക്ഷ്മി മേനോന്‍ , അക്കൗണ്ടന്റ് ജനറല്‍ കെ എസ് സുബ്രഹ്മണ്യന്‍ , വി എസ് അശ്വതി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 240312

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം സംസ്ഥാനത്തിന്റെ നികുതിവരുമാനം കുതിച്ചുയര്‍ന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്്. 2010-11 സാമ്പത്തിക വര്‍ഷം റവന്യൂ വരവുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 18.7 ശതമാനം വളര്‍ച്ചയുണ്ടായെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ജി എന്‍ സുന്ദര്‍രാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete