Thursday, March 1, 2012

ഇറ്റലി ബോട്ട് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി

രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തിന് അവസരം നല്‍കിയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വേറൊരു രാജ്യത്ത് വിവാദമായ കേസാണിത്. നാം ബോധപൂര്‍വം കേസ് കെട്ടിച്ചമച്ചെന്ന് ഇറ്റലിയില്‍ പ്രചാരണം നടക്കുകയാണ്. ആ സാഹചര്യത്തിലാണ് ബോട്ട് പരിശോധന അനുവദിച്ചത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. എല്ലാം സുതാര്യമായാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ടു തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ കേരള പൊലീസ് സമര്‍പ്പിച്ച എഫ്ഐആര്‍ ശക്തമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എഫ്ഐആര്‍ ദുര്‍ബലമാണെന്നത് ശരിയല്ല. 33 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴും എഫ്ഐആര്‍ ശക്തമാണെന്നായിരുന്നു മറുപടി. ഈ കേസില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പ് അസാധ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വളരെ വ്യക്തമാണ്. ഇന്ത്യന്‍ നിയമമനുസരിച്ച് കേസ് വിചാരണ ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും സംസ്ഥാനത്തിനുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായം നല്‍കി. അര്‍ഹമായ നഷ്ടപരിഹാരം രണ്ടു കുടുംബത്തിനും വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിറവത്ത് യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. തുടക്കംമുതലേ ആത്മവിശ്വാസമുണ്ട്. ചില പ്രചാരണബോര്‍ഡുകളില്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ വോട്ട് ചെയ്യുന്നത് ബോര്‍ഡിനല്ല എന്നായിരുന്നു മറുപടി. പാമൊലിന്‍ കേസ് പിന്‍വലിച്ചത് താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണെന്നുപറഞ്ഞ ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ അന്ന് കൂട്ടുപ്രതിയെന്ന് വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ടി എച്ച് മുസ്തഫ കോടതിയിലെത്തിയ സാഹചര്യത്തിലല്ലേ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ചര്‍ച്ചാവിഷയമായതെന്നാരാഞ്ഞപ്പോള്‍ മുസ്തഫയല്ല വിഷയമെന്നായിരുന്നു പ്രതികരണം.

കെഎസ്ഇബിയുടെ സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ല. കെഎസ്ഇബി സഹായം ചോദിച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധി ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമായെന്ന ഭീതിയില്‍ ഇടുക്കിയിലെ ജലം ഉപയോഗിച്ച് അധികവൈദ്യുതോല്‍പ്പാദനം നടത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കുടിവെള്ളം, വൈദ്യുതി, ഗതാഗതം എന്നീ മേഖലകളില്‍ സര്‍ക്കാരിന്റെ നേതൃത്വവും നിയന്ത്രണവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫിഷറീസ് സര്‍വകലാശാലാ വിസിക്കെതിരായ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിടിച്ചെടുത്ത തോക്കുകളുടെ പരിശോധന മുടങ്ങി

ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകളുടെയും മറ്റും ശാസ്ത്രീയ പരിശോധന മുടങ്ങി. സംയുക്ത പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ അധികൃതര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഫോറന്‍സിക് ലാബില്‍ ബുധനാഴ്ച ആരംഭിക്കാനിരുന്ന പരിശോധന മാറ്റിയത്. അതേസമയം പ്രതികളുടെ സാന്നിധ്യത്തിലുള്ള സംയുക്ത പരിശോധന അനുവദിക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. പരിശോധന സംബന്ധിച്ച് കോടതി നിര്‍ദേശപ്രകാരം തീരുമാനമെടുക്കുമെന്ന് ലാബ് അധികൃതര്‍ അറിയിച്ചു.
മല്‍സ്യത്തൊഴിലാളികളെ വെടിവച്ച തോക്കുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. കപ്പലില്‍ നിന്നും പിടിച്ചെടുത്ത ഏഴു തോക്കുകളാണ് ലാബില്‍ എത്തിച്ചിട്ടുള്ളത്. ഇതില്‍ ഏത് തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഡമ്മി വെടിയുണ്ട ഉപയോഗിച്ച് നടത്തുന്ന വെടിവയ്പ്പിലൂടെ ഉപയോഗിച്ച തോക്ക് കണ്ടെത്താനാകും. തോക്കിലെ വിരലടയാളവും പ്രതികളുടെ വിരലടയാളവും ഒന്നുതന്നെയാണോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കും. ബാലസ്റ്റിക് ഫിംഗര്‍ പ്രിന്റ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഈ പരിശോധന. തോക്കുകളുടെ ഇനം, റെയിഞ്ച് എന്നിവയും കണ്ടെത്തും. മല്‍സ്യത്തൊഴിലാളികളില്‍ നിന്നും കണ്ടെടുത്ത വെടിയുണ്ട തന്നെയാണോ തോക്കില്‍ ഉപയോഗിച്ചതെന്നും പരിശോധനയില്‍ തെളിയും. ഫോറന്‍സിക് ലാബിലെ വിദഗ്ധര്‍ക്ക് പുറമെ സൈനികരുടെ സേവനവും ഇതിനായി തേടും.

പരിശോധന പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്നാണ് കരുതുന്നത്. മുദ്രവച്ച നാല് പെട്ടികളിലാണ് തോക്ക് ഉള്‍പ്പെടെയുള്ളവ ലാബില്‍ സൂക്ഷിച്ചിട്ടുള്ളത്.

deshabhimani 010312

3 comments:

  1. പിറവത്ത് യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. തുടക്കംമുതലേ ആത്മവിശ്വാസമുണ്ട്. ചില പ്രചാരണബോര്‍ഡുകളില്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ വോട്ട് ചെയ്യുന്നത് ബോര്‍ഡിനല്ല എന്നായിരുന്നു മറുപടി. പാമൊലിന്‍ കേസ് പിന്‍വലിച്ചത് താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണെന്നുപറഞ്ഞ ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ അന്ന് കൂട്ടുപ്രതിയെന്ന് വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ടി എച്ച് മുസ്തഫ കോടതിയിലെത്തിയ സാഹചര്യത്തിലല്ലേ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ചര്‍ച്ചാവിഷയമായതെന്നാരാഞ്ഞപ്പോള്‍ മുസ്തഫയല്ല വിഷയമെന്നായിരുന്നു പ്രതികരണം.

    ReplyDelete
  2. സാങ്കേതിക ന്യൂനതകള്‍ പരിഹരിക്കാതെ ഇറ്റാലിയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നുവെന്ന തങ്ങളുടെ പേരിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജഡ്ജി ടി എന്‍ ഗോപിനാഥന്‍ ഇങ്ങനെ നിരീക്ഷിച്ചത്. ചെന്നൈയിലുള്ള ഇറ്റാലിയന്‍ കോണ്‍സുലേറ്റ് എങ്ങനെയാണ് ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി ഹര്‍ജി സമര്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കണം. അതുപോലെ പൊലീസ് കസ്റ്റഡിലുള്ള നാവികര്‍ക്ക് അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കഴിഞ്ഞതെങ്ങനെയെന്നും വിശദീകരിക്കണം. ഹര്‍ജി ഇപ്പോള്‍ പരിഗണിച്ചാല്‍ ആര്‍ക്കുവേണമെങ്കിലും ഇന്ത്യയിലെ കോടതിയില്‍ കേസ് വാദിക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ കരുതുമെന്നും കോടതി അഭിപ്രായപ്പെട്ടു.

    ReplyDelete
  3. കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന രണ്ട്ഇറ്റാലിയന്‍ സൈനികരുടെ പൊലീസ് കസ്റ്റഡി മാര്‍ച്ച് അഞ്ചുവരെ നീട്ടി. അന്വേഷണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എ കെ ഗോപകുമാറാണ് ഉത്തരവ് നല്‍കിയത്. മാര്‍ച്ച് അഞ്ചിനുശേഷം റിമാന്‍ഡ് നീട്ടുകയാണെങ്കില്‍ പ്രതികളുടെ പദവിയും വിദേശപൗരത്വവും പരിഗണിച്ച് അവരെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇറ്റാലിയന്‍ സൈനികരായ ലെസ്തോറാ മാസിമിലാനോ, സാല്‍വത്തോറേ ജിറോണ്‍ എന്നിവരെ ഫെബുവരി 20നാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇതില്‍ അന്നുതന്നെ ആദ്യ മൂന്നുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അത് അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കി വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡി നീട്ടി. ഇതിന്റെയും കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച വീണ്ടും നാവികരെ കോടതിയില്‍ ഹാജരാക്കിയത്. ജയിലിന് പകരം മറ്റൊരു സുരക്ഷിത സ്ഥലം ഒരുക്കണമെന്നാണ് പ്രതിഭാഗത്തിെന്‍റ ആവശ്യം. ഇക്കാര്യം പരിഗണിക്കുന്നത് കോടതി അഞ്ചിലേക്കു മാറ്റി. മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കുകളുടെ ഫോറന്‍സിക് പരിശോധനാ വേളയില്‍ ഇറ്റാലിയന്‍ പ്രതിനിധികളെ അനുവദിക്കണമെന്ന ആവശ്യവും പ്രതിഭാഗം ആവര്‍ത്തിച്ചു. ഫോറന്‍സിക് പരിശോധനാ വേളയില്‍ ഇവിടത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യംതന്നെ അനുവദിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇറ്റാലിയന്‍ ഉദ്യോഗസ്ഥരെ അനുവദിക്കാന്‍ പാടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. കേരളത്തിലെ അന്വേഷണത്തിനു സമാന്തരമായി ഇറ്റലിയിലും അന്വേഷകസംഘത്തെ നിയോഗിച്ചുവെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഈ സംഘം തയ്യാറാക്കിയ നാലുപേരുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഒ രാജുവും പ്രതിഭാഗത്തിനുവേണ്ടി ഹൈക്കോടതിയിലെ അഭിഭാഷകന്‍ പി രാമന്‍പിള്ളയും ഹാജരായി.

    ReplyDelete