Wednesday, February 29, 2012

വികസനം അട്ടിമറിക്കുന്നത് രാജ്യദ്രോഹം

നമ്മുടെ നാടിന്റെ നാനാവിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ വൈദ്യുതി വഹിക്കുന്ന പങ്ക് ആര്‍ക്കും അവഗണിക്കാനാകില്ല. ഈ ഊര്‍ജത്തിന്റെ ആവശ്യകതയെ ഒട്ടും കുറച്ചുകണ്ടല്ല ഇന്ത്യ- അമേരിക്ക ആണവ സഹകരണകരാറിനെ ഇടതുപക്ഷം അതിശക്തമായി എതിര്‍ത്തത്; അത് ഇന്ത്യയുടെ രാജ്യരക്ഷയ്ക്കുപോലും ഭീഷണിയാണെന്ന് കണ്ടുകൊണ്ടാണ്. അമേരിക്കയുമായി തന്ത്രപരമായ ബന്ധം സ്ഥാപിച്ചാണ് ആണവസഹകരണ കരാറില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചത്. എന്നാല്‍ , ഊര്‍ജോല്‍പ്പാദനത്തിന് അണുശക്തി ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഈ വിഷയത്തില്‍ ഇന്ത്യയുടെ അപാരമായ കഴിവുതന്നെ ആദ്യമായി ഉപയോഗപ്പെടുത്തണമെന്നാണ് അഭിപ്രായം.

കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ച് വളരെദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നു മാത്രമാണ് അണുശക്തി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം. ജലവൈദ്യുതിയെയാണ് ഇതേവരെ മുഖ്യമായും നാം ആശ്രയിച്ചത്. ജലവൈദ്യുതി ഉല്‍പ്പാദനത്തിന്റെ പരിമിതി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കല്‍ക്കരി ഉപയോഗിച്ചും കാറ്റില്‍നിന്നും സൂര്യതാപത്തില്‍നിന്നും മറ്റുമുള്ള വൈദ്യുതി ഉല്‍പ്പാദനത്തെപ്പറ്റി ഗൗരവമായ ചിന്ത ആരംഭിച്ചത്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം വ്യാപകമായി നടക്കുന്നുണ്ട്. അണുശക്തി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം നാമമാത്രമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ കൂടംകുളത്ത് നിര്‍മിച്ച ആണവ വൈദ്യുതിനിലയത്തില്‍നിന്ന് 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ 1000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നു പറയുന്നു. കൂടംകുളം വൈദ്യുതിനിലയത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഗൗരവത്തോടെ പരിശോധിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. ആണവസഹകരണ കരാര്‍ ഒപ്പിടുന്നതിന് വാശിപിടിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇപ്പോള്‍ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയില്‍നിന്ന് പണംപറ്റുന്ന മൂന്ന് സര്‍ക്കാരിതര സന്നദ്ധ സംഘടനകളാണ് കൂടംകുളത്ത് വൈദ്യുതിനിലയത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് എന്ന്. ആ സംഘടനകള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇത് വളരെ ഗൗരവമുള്ള പ്രശ്നമാണ്. ഇത് ശരിയാണെങ്കില്‍ ഇന്ത്യയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വം തുരങ്കംവയ്ക്കുന്നു എന്ന് കാണേണ്ടിവരും.

അമേരിക്കന്‍ സാമ്രാജ്യത്വശക്തിയില്‍നിന്ന് പണംപറ്റി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നത് രഹസ്യമല്ല. ഇതേപ്പറ്റി മറ്റാരേക്കാളും വിവരമുള്ളത് കേന്ദ്രസര്‍ക്കാരിനുതന്നെയാണ്. എന്നിട്ടും അത് ഇതേവരെ രഹസ്യമായി സൂക്ഷിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി ഇത്തരം സര്‍ക്കാരിതര സന്നദ്ധ സംഘടനകളെ വികസനപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കുക എന്ന ഒരു നയംതന്നെ രൂപപ്പെട്ട് വന്നിട്ടുണ്ട്. സിപിഐ എമ്മിന്റെ ഡല്‍ഹിയില്‍ ചേര്‍ന്ന പതിനെട്ടാം പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച "ചില നയപരമായ പ്രശ്നങ്ങള്‍" എന്ന രേഖയില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുപകരം സര്‍ക്കാരിതര സന്നദ്ധ സംഘടനകളെ വികസനപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നത് അപകടകരമാണെന്ന് ആ രേഖ ചൂണ്ടിക്കാണിച്ചതാണ്. വിദേശഫണ്ട് കൈപ്പറ്റി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെപ്പറ്റിയുള്ള യഥാര്‍ഥ വിവരം ജനങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇത്തരം സംഘടനകള്‍ക്ക് ലഭിക്കുന്ന വന്‍തോതിലുള്ള പണം എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്ന കാര്യത്തില്‍ ശരിയായ പരിശോധനപോലും നടക്കുന്നില്ല. രാജ്യദ്രോഹശക്തികള്‍ക്ക് ഇത്തരം സംഘടനകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന നിലയുണ്ട്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി സൂചിപ്പിച്ച മൂന്ന് സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെയും സമാനമായ മറ്റ് സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റി ശരിയായ വിധത്തിലുള്ള അന്വേഷണം അത്യാവശ്യമായി മാറിയിരിക്കുന്നു. അമേരിക്കയില്‍നിന്ന് പണംപറ്റുന്ന സന്നദ്ധ സംഘടനകള്‍ കൂടംകുളംപദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്, അമേരിക്കയുമായി ആണവ സഹകരണ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധംപിടിച്ച മന്‍മോഹന്‍സിങ്ങുതന്നെ പറയുന്നത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ജനങ്ങള്‍ കാണേണ്ടതുണ്ട്. കൂടംകുളംപദ്ധതിക്ക് റഷ്യയില്‍നിന്നാണ് സാങ്കേതിക സഹായം ലഭിക്കുന്നത്. അതുകൊണ്ടാണ് അമേരിക്കയില്‍നിന്ന് പണവും പ്രോത്സാഹനവും സ്വീകരിച്ച് കൂടംകൂളത്തിനെതിരെ പ്രവര്‍ത്തനം നടക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.

പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ സത്യാവസ്ഥ ഒട്ടും വൈകാതെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതേപ്പറ്റി ശരിയായ അന്വേഷണം ഉടനടി ആരംഭിക്കുകതന്നെ വേണം, ഇന്ത്യയിലെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുകതന്നെ വേണം. പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അമേരിക്കയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ പ്രധാനമന്ത്രിതന്നെ മുന്‍കൈ എടുക്കണം. 1957ല്‍ ബാലറ്റ് പെട്ടിയിലൂടെ കേരളത്തില്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണം നല്‍കിയത് അമേരിക്കയാണെന്ന് ഓര്‍ക്കുകയും വേണം.

deshabhimani editorial 290212

2 comments:

  1. നമ്മുടെ നാടിന്റെ നാനാവിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ വൈദ്യുതി വഹിക്കുന്ന പങ്ക് ആര്‍ക്കും അവഗണിക്കാനാകില്ല. ഈ ഊര്‍ജത്തിന്റെ ആവശ്യകതയെ ഒട്ടും കുറച്ചുകണ്ടല്ല ഇന്ത്യ- അമേരിക്ക ആണവ സഹകരണകരാറിനെ ഇടതുപക്ഷം അതിശക്തമായി എതിര്‍ത്തത്; അത് ഇന്ത്യയുടെ രാജ്യരക്ഷയ്ക്കുപോലും ഭീഷണിയാണെന്ന് കണ്ടുകൊണ്ടാണ്. അമേരിക്കയുമായി തന്ത്രപരമായ ബന്ധം സ്ഥാപിച്ചാണ് ആണവസഹകരണ കരാറില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചത്. എന്നാല്‍ , ഊര്‍ജോല്‍പ്പാദനത്തിന് അണുശക്തി ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഈ വിഷയത്തില്‍ ഇന്ത്യയുടെ അപാരമായ കഴിവുതന്നെ ആദ്യമായി ഉപയോഗപ്പെടുത്തണമെന്നാണ് അഭിപ്രായം.

    ReplyDelete
  2. കൂടംകുളം ആണവനിലയം തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നതു സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിനുമേല്‍ സമ്മര്‍ദമേറുന്നു. യു പി എ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനൊപ്പം ഡി എം കെയും സമ്മര്‍ദതന്ത്രങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

    തമിഴ്‌നാട് സംസ്ഥാനത്തെ കടുത്ത വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കുന്നതിന് കൂടംകുളം പദ്ധതി കമ്മിഷന്‍ ചെയ്യണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി ഇന്നലെ പ്രസ്താവന നടത്തി. കൂടംകുളം ആണവനിലയവിരുദ്ധ സമിതിക്ക് വിദേശസഹായം ലഭിക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്രമന്ത്രി നാരായണസ്വാമിയും ആരോപണം ഉന്നയിച്ചതിനു പിറകെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരു ജര്‍മന്‍ വിനോദസഞ്ചാരിയെ അറസ്റ്റു ചെയ്ത് വിസ റദ്ദാക്കി നാടുകടത്തിയിരുന്നു. സംസ്ഥാനത്തെ നാലു സംഘടനകള്‍ക്കെതിരെ സി ബി ഐയും തമിഴ്‌നാട് ക്രൈംബ്രാഞ്ചും കേസെടുത്തതായി വെളിപ്പെടുത്തിയിരുന്നു. കേസെടുക്കപ്പെട്ട സംഘടനകള്‍ ഏതെന്ന് ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്നും സമരസമിതി വിദേശസഹായം പറ്റുന്നെന്ന ആരോപണം അപകീര്‍ത്തിപരമാണെന്നും ചൂണ്ടിക്കാട്ടി സമരസമിതി കണ്‍വീനര്‍ എസ് ഉദയകുമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

    ഇതിനിടെ പ്രസ്താവനകളുമായി രംഗത്തുവന്ന കേന്ദ്രമന്ത്രിമാരായ ചിദംബരവും വി നാരായണസ്വാമിയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഇനി സംസ്ഥാന സര്‍ക്കാരാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൂടംകുളം സമരസമിതിയോടും പദ്ധതിയോടും ഉള്ള നിലപാട് ഉടനടി വ്യക്തമാക്കാന്‍ ഡി എം കെ അധ്യക്ഷന്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത്.

    ReplyDelete