Friday, March 2, 2012

അന്യായപ്രഖ്യാപനം

പലതും ആവര്‍ത്തനം; കാതലായ നിര്‍ദേശങ്ങളില്ല

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് ഗവര്‍ണര്‍ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാതലായ നിര്‍ദേശങ്ങളില്ല. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചില പ്രഖ്യാപനങ്ങളും പഴയ പദ്ധതികളുടെ ആവര്‍ത്തനവും ഒഴിച്ചുനിര്‍ത്തിയാല്‍ ശ്രദ്ധേയമായ പദ്ധതികളൊന്നും ഗവര്‍ണറുടെ പ്രഖ്യാപനത്തിലില്ല. കേരള ഗവര്‍ണറുടെ ചുമതല വഹിക്കുന്ന കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജാണ് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വിഷന്‍ 2030 എന്ന ബാനറിന്‍ കീഴില്‍ ദീര്‍ഘകാല വികസന പദ്ധതി ആവിഷ്ക്കരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് ചില ആനുകൂല്യങ്ങളും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട് സിറ്റി, വിഴിഞ്ഞം തുറമുഖം, മെട്രോ റെയില്‍ തുടങ്ങിയ പദ്ധതികള്‍ ആവര്‍ത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ജങ്ഷന്‍മുതല്‍ രാമനാട്ടുകരവരെയുള്ള 23 കിലോമീറ്ററില്‍ മോണോ റെയില്‍ പദ്ധതി നടപ്പിലാക്കും. തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴി പദ്ധതിയുടെ സാധ്യതാപഠന റിപ്പോര്‍ട്ട് പരിശോധനയിലാണ്. വൈദ്യുതിപ്രതിസന്ധി, മാലിന്യപ്രശ്നം തുടങ്ങിയവയ്ക്ക് പരിഹാരം നിര്‍ദേശിച്ചിട്ടില്ല. പുതിയ പാര്‍പ്പിട പദ്ധതിയില്ല. തീരദേശ സുരക്ഷയിലും മൗനം. പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും അവഗണിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് 2012 ഏപ്രിലില്‍ പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതിനുമുമ്പ് പരിശീലനത്തിന് വിധേയരാക്കും. മാലിന്യ നിര്‍മാര്‍ജനത്തിന് നിലവിലുള്ള പദ്ധതികള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്തുകളില്‍ കലാഗ്രാമങ്ങള്‍ ആരംഭിക്കും. 100 പഞ്ചായത്തുകളില്‍ കൂടി ഗ്രീന്‍ ടെക്നോളജി സെന്റര്‍ തുടങ്ങും. കുടുംബശ്രീയിലുള്ള 38 ലക്ഷം സ്ത്രീകളുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എംഐഎസ് ഡിജിറ്റല്‍ ഡാറ്റാ ബേസും തയ്യാറാക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ തുടങ്ങും. ഗ്രാമപഞ്ചായത്തുകളെയും മുനസിപ്പാലിറ്റികളെയും ഉള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ വികസന പദ്ധതി ആരംഭിക്കും. കൃഷിഭവന്‍ തലത്തില്‍ കര്‍ഷകരുടെ ഡാറ്റാബേസ് തയ്യാറാക്കും. കന്നുകുട്ടി ദത്തെടുക്കല്‍ , ക്ഷീരോല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് ധനസ്ഥാപനം, കുടപ്പനകുന്നില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗചികിത്സാ കേന്ദ്രം, ചാലക്കുടിയില്‍ ഹൈടെക് മാംസ സംസ്കരണ പ്ലാന്റ് എന്നിവയും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.

കാര്‍ഷികമേഖലയെ കുറിച്ച് മൗനം; സാമ്പത്തികപ്രതിസന്ധിക്കും പരിഹാരമില്ല

കേരളം അഭിമുഖീകരിക്കുന്ന അതിഗുരുതരമായ കാര്‍ഷികപ്രതിസന്ധിയെ കുറിച്ച് മൗനംപാലിക്കുന്ന സര്‍ക്കാരിന്റെ നയപ്രഖ്യാപനം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസം മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും നിശ്ശബ്ദത പാലിക്കുന്നു. പരമ്പരാഗത വ്യവസായങ്ങള്‍ പോഷിപ്പിക്കാനുള്ള മാര്‍ഗങ്ങളൊന്നും നയപ്രഖ്യാപനത്തിലില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വില്‍പ്പനയ്ക്കുവയ്ക്കുകയും നഷ്ടത്തിന്റെ പടുകുഴിയിലേക്ക് തള്ളിനീക്കുകയും ചെയ്ത പൊതുമേഖലാ വ്യവസായങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭകരമായി നടന്നതും ഇപ്പോള്‍ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് കുത്തുന്നതും മറച്ചുവച്ച് ആഗോളവ്യവസായസംഗമം തുടങ്ങിയ പ്രഖ്യാപനങ്ങളിലാണ് സര്‍ക്കാര്‍ മുഴുകുന്നത്. വൈദ്യുതി മിച്ച സംസ്ഥാനമെന്ന പദവിയില്‍ നിന്ന് കേരളത്തെ ഇരുട്ടിലേക്ക് തള്ളിയിട്ട യുഡിഎഫ് ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണുക എങ്ങനെയെന്നും നയപ്രഖ്യാപനത്തിലില്ല. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നിബന്ധനകളില്‍ ഒതുങ്ങിനില്‍ക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നതെങ്കിലും പിറവം ലക്ഷ്യമാക്കിയുള്ള ഒട്ടേറെ വാഗ്ദാനം നയപ്രഖ്യാപനത്തിലുണ്ട്.

2001 മുതല്‍ 2006 വരെ സംസ്ഥാനത്ത് വികസനവേലിയേറ്റമായിരുന്നെന്ന് അവകാശപ്പെടുന്നുണ്ട് നയപ്രഖ്യാപനത്തില്‍ . 2006 മുതല്‍ വികസനം നിലച്ചുപോയെന്നു വിലപിക്കുകയും യുഡിഎഫ് വീണ്ടും അധികാരമേറ്റ് ഒമ്പതുമാസമായപ്പോഴേക്ക് വികസനത്തിന്റെ കുത്തിയൊഴുക്ക് തുടങ്ങിയെന്നും ഗവര്‍ണറെ കൊണ്ടു പറയിപ്പിച്ചു. എന്നാല്‍ , മുന്‍ യുഡിഎഫ് ഭരണത്തില്‍ നിത്യസംഭവമായി മാറിയ കര്‍ഷക ആത്മഹത്യ 2006 മുതല്‍ 2011 വരെ ഉണ്ടായില്ലെന്നതും യുഡിഎഫ് വന്നതോടെ കൃഷിക്കാര്‍ മരണത്തില്‍ അഭയം തേടിത്തുടങ്ങിയതും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നയപ്രഖ്യാപനത്തില്‍ കണ്ടത്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന നെല്ലെല്ലാം സംഭരിക്കുമെന്നും ക്ഷീരോല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളല്ലാതെ കാര്‍ഷികമേഖല നേരിടുന്ന പ്രശ്നങ്ങളൊക്കെ അവഗണിച്ചു. ആത്മഹത്യ അവസാനിപ്പിച്ച് കൃഷിക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമൊന്നും ഉണ്ടായതുമില്ല. വിലത്തകര്‍ച്ചയും കൃഷിനാശവും ഉല്‍പ്പാദനക്കുറവും കൃഷിച്ചെലവ് കുതിച്ചുയരുന്നതും കാര്‍ഷികരംഗത്ത് ഇരുള്‍വീഴ്ത്തിക്കഴിഞ്ഞു. യുഡിഎഫ് വന്നശേഷം സ്ത്രീകളടക്കം നാല്‍പ്പതോളം കൃഷിക്കാര്‍ ജീവനൊടുക്കി. സംസ്ഥാനം മുഖ്യപരിഗണന നല്‍കേണ്ട ഈ വിഷയം യുഡിഎഫ് അവഗണിച്ചു.

നൂറുദിന കര്‍മപരിപാടി പരിപൂര്‍ണ വിജയമായെന്ന് അവകാപ്പെടുന്ന നയപ്രഖ്യാപനം ഏറെനാള്‍ കൊട്ടിഘോഷിച്ച സപ്തധാരാ പദ്ധതിയെക്കുറിച്ച് മിണ്ടിയിട്ടില്ല. അധികാരദുര്‍വിനിയോഗവും ധൂര്‍ത്തുമായി ധനവകുപ്പ് തന്നെ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തെ വാഴ്ത്തിയിട്ടുമുണ്ട്. വിലക്കയറ്റം തടയാനുള്ള ഫലപ്രദമായ വിപണി ഇടപെടലിനെപ്പറ്റിയും അനക്കമില്ല. തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ മുങ്ങിയ ഘട്ടത്തില്‍ നിര്‍മല്‍ സംസ്ഥാന പദവി ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം കേട്ട് ഭരണകക്ഷി അംഗങ്ങള്‍ തലകുനിച്ചു. മെട്രോ റെയില്‍ , തുറമുഖം, വിമാനത്താവളം, അതിവേഗറെയില്‍ ഇടനാഴി എന്നിങ്ങനെ വന്‍കിടപദ്ധതികള്‍ ആവര്‍ത്തിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച മിക്ക പദ്ധതിയും സ്വന്തമാണെന്ന് അവകാശപ്പെടുന്നുമുണ്ട്. സ്വകാര്യ പങ്കാളിത്തത്തെച്ചൊല്ലിയും നയപ്രഖ്യാപനം ആവേശം കൊള്ളുന്നു. റോഡ്, പാലം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി എല്ലാ രംഗത്തും സ്വകാര്യ പങ്കാളിത്തത്തിന് മുന്‍തൂക്കം നല്‍കുന്ന നയം വിനോദസഞ്ചാരനയത്തില്‍ തീരുമാനമെടുക്കുന്നതിനും സ്വകാര്യമേഖലയ്ക്ക് അവകാശം നല്‍കുമെന്ന് വ്യക്തമാക്കുന്നു. നഗരറോഡ് നവീകരണ പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നു പറയുന്നുണ്ടെങ്കിലും അവിടെയും സ്വകാര്യ ആധിപത്യം ഉറപ്പുവരുത്തുന്നു.

നയപ്രഖ്യാപനം: ഭരണപക്ഷത്ത് തണുപ്പന്‍ പ്രതികരണം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഭരണപക്ഷ ബെഞ്ചുകളിലും തണുപ്പന്‍ പ്രതികരണമാണ് സൃഷ്ടിച്ചത്. പ്രസംഗത്തെ ഡെസ്കില്‍ അടിച്ച് പ്രോത്സാഹിപ്പിക്കുന്ന സ്ഥിരം കാഴ്ച ഇത്തവണ ഉണ്ടായില്ല. പ്രസംഗം വിരസമായി നീണ്ടപ്പോള്‍ എങ്ങനെയെങ്കിലും കഴിഞ്ഞുകിട്ടിയാല്‍ മതിയെന്ന മട്ടിലായിരുന്നു ഭരണപക്ഷം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ശബ്ദംകേട്ട് ഗവര്‍ണര്‍ എച്ച്ആര്‍ ഭരദ്വാജ് പ്രതിപക്ഷ ബെഞ്ചിലേക്ക് നോക്കിയപ്പോള്‍ ചട്ടലംഘനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുപറഞ്ഞു.

രാവിലെ ഒമ്പതിന് ആരംഭിച്ച നയപ്രഖ്യാപനപ്രസംഗം ഒരു മണിക്കൂര്‍ 20 മിനിറ്റ് നീണ്ടു. അച്ചടിച്ച പ്രസംഗം വായിച്ചിട്ടും തീരുന്നില്ലെന്ന സ്ഥിതിയില്‍ അവസാനപേജുകള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ് ഗവര്‍ണറെ യാത്രയാക്കിയ ശേഷം സ്പീക്കര്‍ തിരികെ സീറ്റില്‍ എത്തുംവരെ അംഗങ്ങള്‍ ഇരിപ്പിടം വിടാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ , ഡെപ്യൂട്ടി സ്പീക്കര്‍ പോലും സഭയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. ഇത് സ്പീക്കറെ ക്ഷുഭിതനുമാക്കി.

deshabhimani 020312

1 comment:

  1. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് ഗവര്‍ണര്‍ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാതലായ നിര്‍ദേശങ്ങളില്ല. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചില പ്രഖ്യാപനങ്ങളും പഴയ പദ്ധതികളുടെ ആവര്‍ത്തനവും ഒഴിച്ചുനിര്‍ത്തിയാല്‍ ശ്രദ്ധേയമായ പദ്ധതികളൊന്നും ഗവര്‍ണറുടെ പ്രഖ്യാപനത്തിലില്ല. കേരള ഗവര്‍ണറുടെ ചുമതല വഹിക്കുന്ന കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജാണ് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.

    ReplyDelete