Friday, March 2, 2012

മലബാര്‍ വികസനം പഠിക്കാന്‍ പ്രത്യേക കമീഷനെ നിയോഗിക്കണം: കെ ജെ തോമസ്

മലബാറിന്റെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമീഷനെ വെക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ജെ തോമസ്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോടഞ്ചേരിയില്‍ സംഘടിപ്പിച്ച തിരുവമ്പാടി ഏരിയാ സെമിനാര്‍ "മലബാര്‍ കുടിയേറ്റം; ചരിത്രവും വര്‍ത്തമാനവും" ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തിരുക്കൊച്ചിയെ അപേക്ഷിച്ച് മലബാറില്‍ വികസനം ഉണ്ടാകുന്നില്ല. ഇവിടെ പൊതുവായ വികസനം ആവശ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മലബാറിന്റെ വികസന പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. സകല മേഖലയിലും മലബാര്‍ പുറകിലാണ്. കേരളത്തിലെ കര്‍ഷക സമൂഹത്തോടൊപ്പം എന്നും നിലകൊള്ളുന്നവരാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ . ഭൂപരിഷ്കരണ നിയമം ഇതിന് തെളിവാണ്. ഇതോടെയാണ് ജന്മിത്വം അവസാനിച്ചത്. അന്നുവരെ കുടിയേറ്റ കര്‍ഷകരടക്കമുള്ളവര്‍ കൊടിയ ദുരിതത്തിലായിരുന്നു. ഇതെല്ലാ തിരസ്കരിച്ച് പുരപ്പുറത്തുകയറി വാതോരാതെ സംസാരിക്കാന്‍ മാത്രമേ കോണ്‍ഗ്രസിനും ഇതര യുഡിഎഫ് കക്ഷികള്‍ക്കും കഴിഞ്ഞിട്ടുള്ളൂ. 1970കള്‍ വരെ മലബാറിലടക്കമുള്ള കുടിയേറ്റ ജനതയുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

തിരുവിതാംകൂറിലെ തോട്ടങ്ങളില്‍ പണിയെടുക്കാനായി മലബാറില്‍നിന്ന് മാപ്പിളമാര്‍ വന്നതോടെയാണ് മലബാറിലെ ഭൂമിയെക്കുറിച്ച് അവിടുത്തുകാര്‍ അറിയുന്നത്. തുടര്‍ന്ന് വലിയ ഒരു വിഭാഗം ഇവിടേക്ക് കുടിയേറി. ഇതില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍ ആയിരുന്നു. തുടര്‍ന്ന് വന്യജീവികളോടും ജന്മിമാരോടും മലമ്പനിയോടും പോരടിച്ചാണ് കുടിയേറ്റ ജനത മലബാറില്‍ കാര്‍ഷിക വിപ്ലവത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് എം തോമസ് അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി, ബോംബെ യൂണിവേഴ്സിറ്റി ചരിത്രവിഭാഗം മേധാവി ഡോ. ജോസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജോസ് വര്‍ഗീസ് രചിച്ച "ഒരു കുടിയേറ്റ കര്‍ഷകന്റെ ഓര്‍മക്കുറിപ്പുകള്‍" പുസ്തകം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി പ്രകാശനംചെയ്തു. സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ ആദ്യപ്രതി സ്വീകരിച്ചു. പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂര്‍ പുസ്തകം പരിചയപ്പെടുത്തി. ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ സ്വാഗതം പറഞ്ഞു. നൂറ് മുന്‍കാല കുടിയേറ്റ കര്‍ഷകരെ ആദരിക്കുന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.

deshabhimani 010312

1 comment:

  1. മലബാറിന്റെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമീഷനെ വെക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ജെ തോമസ്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോടഞ്ചേരിയില്‍ സംഘടിപ്പിച്ച തിരുവമ്പാടി ഏരിയാ സെമിനാര്‍ "മലബാര്‍ കുടിയേറ്റം; ചരിത്രവും വര്‍ത്തമാനവും" ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete