Friday, March 9, 2012

അധികാരത്തണലില്‍ ഖനി മാഫിയ ഐപിഎസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊന്നു

മധ്യപ്രദേശില്‍ അനധികൃത ഖനനം തടയാന്‍ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ ഖനി മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ബാന്‍മോര്‍ സബ്ഡിവിഷണല്‍ പൊലീസ് ഓഫീസറായ നരേന്ദ്രകുമാര്‍സിങ് (30) ആണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ടത്. മൊറേന ജില്ലയിലെ ബാന്‍മോര്‍ പട്ടണത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നരേന്ദ്രകുമാര്‍ . ജീപ്പില്‍ പട്രോളിങ് നടത്തുകയായിരുന്ന നരേന്ദ്രകുമാര്‍ , പാറകഷണങ്ങള്‍ നിറച്ച് പോവുകയായിരുന്ന ട്രാക്ടര്‍ തടയാന്‍ ശ്രമിച്ചു. ട്രാക്ടര്‍ നിര്‍ത്താതെ പോയി. ജീപ്പില്‍ ട്രാക്ടറിനെ പിന്തുടര്‍ന്ന് മുന്നിലെത്തിയ നരേന്ദ്രകുമാര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ട്രാക്ടറിനു മുന്നില്‍നിന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതു വകവയ്ക്കാതെ ട്രാക്ടര്‍ ഡ്രൈവര്‍ നരേന്ദ്രകുമാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ട്രാക്ടറിന്റെ ചക്രം കയറി ചതഞ്ഞരഞ്ഞ നിലയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്. ട്രാക്ടര്‍ ഡ്രൈവര്‍ മനോജ് ഗുര്‍ജറിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ഖനി മാഫിയയാണ് കൊലപാതകത്തിനു പിന്നിലെന്ന് ചമ്പല്‍ റേഞ്ച് ഡിഐജി ഡി ജി ഗുപ്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് നരേന്ദ്രകുമാര്‍ ബാന്‍മോറില്‍ പൊലീസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റത്. ഖനി മാഫിയയുടെ ശക്തികേന്ദ്രമായ പ്രദേശത്ത് അനധികൃത ഖനനം നിയന്ത്രിക്കാന്‍ നരേന്ദ്രകുമാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. നിരവധി ട്രക്കുകളും ട്രാക്ടറുകളും ഇദ്ദേഹം കസ്റ്റഡിയിലെടുത്തു. ഗ്വാളിയാറിലെ ഐഎഎസ് ഉദ്യോഗസ്ഥ മധുറാണി തിവാട്ടിയാണ് ഭാര്യ. ഇവര്‍ ഇപ്പോള്‍ പ്രസവാവധിയിലാണ്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്ത, ഡിജിപി നന്ദന്‍ ദുബെ എന്നിവര്‍ സംഭവസ്ഥലത്തെത്തി. ഖനി മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ ചന്ദ്രികറായിയെയും കുടുംബത്തെയും ഈയിടെ കൊലപ്പെടുത്തിയതും മധ്യപ്രദേശിലാണ്. ഫെബ്രുവരി 18ന് ഭോപാലിലെ വസതിയില്‍വച്ച് ചന്ദ്രികറായി, ഭാര്യ ദുര്‍ഗ, മക്കളായ ജലജ്, നിഷ എന്നിവരെ ഖനി മാഫിയാസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അധികാരത്തണലില്‍ തഴയ്ക്കുന്ന ഖനി മാഫിയ

രാജ്യഹൃദയം ഖനി മാഫിയയുടെ പിടിയിലമരുകയാണ്. പ്രകൃതി സമ്പത്ത് കൊള്ളയടിച്ച് കോടികള്‍ കൊയ്യുന്ന സംഘങ്ങള്‍ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും വിലയ്ക്കെടുക്കുന്നു. പലയിടത്തും സംസ്ഥാന ഭരണത്തിന്റെ ചുക്കാന്‍ പോലും ഇവരുടെ കൈകളിലാണ്. തങ്ങള്‍ക്കെതിരെ അപൂര്‍വമായെങ്കിലും ഉയരുന്ന കൈകള്‍ ഇവര്‍ വെട്ടിമാറ്റുന്നു. ഇതിനായി ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നു. ഭരണസംവിധാനത്തിന്റെ തണലിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്.

മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ , ഗോവ, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഖനികള്‍ വ്യാപിച്ചുകിടക്കുന്നത്. രാജ്യത്തെ ധാതുസമ്പത്തില്‍ ഭൂരിപക്ഷവും കൊള്ളയടിക്കുകയാണ്. കല്‍ക്കരി മാത്രം പ്രതിമാസം ശരാശരി 40,000 ടണ്‍ മാഫിയകള്‍ കടത്തുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അനധികൃത ഖനനക്കാരോടൊപ്പം നിന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കുന്നത്. ഖനന മേഖലയില്‍ മാത്രം 10,000 മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് പൊലീസിന്റെ കണക്ക്. ഈ മാഫിയകളുടെ ബന്ധം ഇന്ത്യയില്‍ ഒതുങ്ങുന്നില്ല. 2011ല്‍ മാത്രം 60 ലക്ഷം ടണ്‍ കല്‍ക്കരി ഈ മാഫിയകള്‍ അനധികൃതമായി കടത്തി. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ഇരുമ്പയിര് ഖനി മാഫിയയാണ്. ഇതേ തുടര്‍ന്നുള്ള വിവാദത്തില്‍ ബിജെപി നേതാവ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം തന്നെ നഷ്ടപ്പെട്ടു. ഗോവയിലും ഭരണാധികാരികളുടെ സഹായത്തോടെ അനധികൃത ഖനനം വ്യാപിച്ചത് വിവാദമായിരുന്നു. മധ്യപ്രദേശില്‍ ഖനിമാഫിയക്കെതിരെ പൊലീസ് കേസ് എടുക്കുന്നുണ്ട്. ഒരു കേസില്‍പ്പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നത് ഖനന മാഫിയകളുടെ സ്വാധീനം വ്യക്തമാക്കുന്നു.

ഏറ്റവുമൊടുവില്‍ മൊറേനയിലെ ബാന്‍മോര്‍ പട്ടണത്തില്‍ അനധികൃത ഖനനം തടയാനിറങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ സിങ്ങിനെ ഖനി മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ഫെബ്രുവരി 18നു ഭോപാലില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രികറായിയെയും കുടുംബത്തെയും മാഫിയാ സംഘം കൊലപ്പെടുത്തിയിരുന്നു. ഖനി മാഫിയക്കെതിരെ ചന്ദ്രികറായി നിരന്തരം വാര്‍ത്ത നല്‍കിയതിനുള്ള പ്രതികാരമായിരുന്നു കൂട്ടക്കൊല. ചന്ദ്രികറായിയുടെ ഉമറിയയിലെ വീട്ടില്‍ വച്ചാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നാലുപേരെയും കൊലപ്പെടുത്തിയത്. "സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ്" എന്ന സ്ഥാപനത്തിനു കീഴിലാണ് മധ്യപ്രദേശിലെ കല്‍ക്കരിഖനികള്‍ . ഇന്ത്യയിലെ കല്‍ക്കരിഖനികളുടെ കേന്ദ്രമായാണ് ഭോപാല്‍ അറിയപ്പെടുന്നത്. ഒന്നരക്കോടി ടണ്‍ കല്‍ക്കരിശേഖരമാണ് ഇനിയും ഈ പ്രദേശത്തുള്ളത്. ശരിയാംവിധം ടെന്‍ഡറില്‍ പങ്കെടുത്ത് അനുവദിച്ച സ്ഥലത്ത് ഖനനം നടത്തുകയെന്ന നിയമപരമായ രീതി കാറ്റില്‍പ്പറത്തി അനധികൃത ഖനനത്തിലൂടെ കൊള്ള നടത്തുകയാണ് കല്‍ക്കരി മാഫിയ.

deshabhimani 090312

1 comment:

  1. രാജ്യഹൃദയം ഖനി മാഫിയയുടെ പിടിയിലമരുകയാണ്. പ്രകൃതി സമ്പത്ത് കൊള്ളയടിച്ച് കോടികള്‍ കൊയ്യുന്ന സംഘങ്ങള്‍ ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും വിലയ്ക്കെടുക്കുന്നു. പലയിടത്തും സംസ്ഥാന ഭരണത്തിന്റെ ചുക്കാന്‍ പോലും ഇവരുടെ കൈകളിലാണ്. തങ്ങള്‍ക്കെതിരെ അപൂര്‍വമായെങ്കിലും ഉയരുന്ന കൈകള്‍ ഇവര്‍ വെട്ടിമാറ്റുന്നു. ഇതിനായി ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നു. ഭരണസംവിധാനത്തിന്റെ തണലിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്.

    ReplyDelete