സിപിഐ എം പാര്‍ടികോണ്‍ഗ്രസിന് അനുബന്ധമായി സാംസ്കാരിക വിഭാഗം നാടിന്റെ നായകരായിരുന്ന കലാസാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് നടത്തിയ "ആദരായണം" അനുസ്മരണ ചടങ്ങുകളിലെ വേറിട്ടതായി. ഓര്‍മകളെ തിരിച്ചു പിടിക്കേണ്ടത് ജീവിതം സാര്‍ഥകമാക്കാന്‍ അനിവാര്യമാണെന്നും ചരിത്രം മറന്നുള്ള പ്രയാണം സാധ്യമല്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്ത എം മുകുന്ദന്‍ പറഞ്ഞു. എല്ലാം മറക്കുന്ന തലമുറയായി നാം മാറി. പിന്നിട്ട വഴികള്‍ ഓര്‍മ്മയില്ല. പഴയ തലമുറയിലെ മഹാന്മാരെ അനുസ്മരിക്കുന്നത് പുതു തലമുറയ്ക്ക് അറിവും ആവേശവും നല്‍കും. എസ് കെ പൊറ്റെക്കാടാണ് തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത്. ഇന്നത്തെ എഴുത്തുകാര്‍ വലിയ വാക്കുകളില്‍ ചെറിയ ജീവിതം പകര്‍ത്തുന്നു. എഴുത്തുകാര്‍ ജനങ്ങളില്‍ നിന്നകലുന്നു. ഭാഷ പോലും കൃത്രിമമാകുന്നു. മുന്‍ തലമുറ ആശാന്റെയും വൈലോപ്പിള്ളിയുടെയും വരികള്‍ പാടിയപ്പോള്‍ ഇന്നത്തെ ചുണ്ടുകളില്‍ "വൈ ദിസ് കൊലവെറി" മാത്രമാണ്. യുവ മനസ്സുകളിലേക്ക് ആശാനേയും വെലോപ്പിള്ളിയേയും കൊണ്ടുവരാന്‍ കഴിയണം- അദ്ദേഹം പറഞ്ഞു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ അധ്യക്ഷനായി. പി വി ഗംഗാധരന്‍ മുഖ്യാതിഥിയായി. നിരൂപക എ ജി ഒലീന പ്രഭാഷണം നടത്തി. കൈരളി എക്സി. ഡയറക്ടര്‍ ടി ആര്‍ അജയന്‍ , കവി രാവുണ്ണി, പുരുഷന്‍ കടലുണ്ടി, രാഘവന്‍ അത്തോളി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. കവിതകള്‍ അവതരിപ്പിച്ചു. കെ പി കേശവമേനോന്‍ , ഇ മൊയ്തുമൗലവി, എസ് കെ പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീര്‍ , തെരുവത്ത് രാമന്‍ , തിക്കോടിയന്‍ , എന്‍ വി കൃഷ്ണവാര്യര്‍ , എം എന്‍ സത്യാര്‍ഥി, കെ ടി മുഹമ്മദ്, ആഹ്വാന്‍ സെബാസ്റ്റ്യന്‍ , എന്‍ പി മുഹമ്മദ്, എം എസ് മേനോന്‍ , ശാന്താദേവി, എം എസ് ബാബുരാജ്, വാസു പ്രദീപ്, പി എം താജ്, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരന്‍ , ബാലന്‍ കെ നായര്‍ , ഭാസ്ക്കരക്കുറുപ്പ്, എ കെ പുതിയങ്ങാടി തുടങ്ങിയവരെ ഡോ. എ അച്ചുതന്‍ , പ്രൊഫ. കെ ശ്രീധരന്‍ , ടി ശിവദാസ്, കെ പി കുഞ്ഞിമൂസ്സ, കെ ടി സി അബ്ദുള്ള, പി എം വി പണിക്കര്‍ , എ രത്നാകരന്‍ , വെങ്കടാചലം, ഇബ്രാഹിം വെങ്ങര, വിത്സന്‍ സാമുവല്‍ എന്നിവര്‍ അനുസ്മരിച്ചു. ഉറ്റവരുടെ ഓര്‍മകള്‍ക്ക് അഞ്ജലിയര്‍പ്പിക്കാന്‍ സാഹിത്യ നായകരുടെ കുടുംബാംഗങ്ങളും എത്തി. വി ടി സുരേഷ് സ്വാഗതവും മാവൂര്‍ വിജയന്‍ നന്ദിയും പറഞ്ഞു.
നഗരം നടക്കുന്നു, പ്രദര്‍ശന നഗരിയിലേക്ക്
പോരാട്ട ഗാഥകളും വിജ്ഞാനവും കണ്ണും മനവും നിറയ്ക്കുന്ന "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശനം വീക്ഷിക്കാന്‍ നാടിന്റെ നാനാവഴികളും ടൗണ്‍ഹാളിനടുത്ത ഇ എംഎസ് നഗരിയില്‍ ഒന്നായിച്ചേരുന്നു. മൂന്നാം ദിവസം പ്രദര്‍ശനത്തിന് കൂടുതല്‍ വിഭവങ്ങളുമെത്തി. ലോകത്തെ മാറ്റിമറിച്ച നേതാക്കളുടെ കൈപ്പടകളും ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നണിയില്‍ നേതൃത്വം നല്‍കിയ നേതാക്കളുടെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍ ചിത്രീകരിച്ച പോസ്റ്ററുകളും ഇഎംഎസിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങളടങ്ങിയ കോര്‍ണറുമാണ് ബുധനാഴ്ച പ്രദര്‍ശനത്തിന് കൂടുതല്‍ ശോഭ പകര്‍ന്നത്. സാഹിത്യകാരന്മാരായ എം മുകുന്ദന്‍ , കവി രാവുണ്ണി എന്നിവരുള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് പ്രദര്‍ശനം വീക്ഷിക്കാനെത്തിയത്. പല സമയങ്ങളിലും നിന്നിടത്തുനിന്ന് അധികം സമയം ചിത്രങ്ങള്‍ വീക്ഷിക്കാന്‍ കഴിയാത്തവിധം തിരക്കായിരുന്നു. ആയ്യായിരത്തിലേറെ ആളുകള്‍ ബുധനാഴ്ച എത്തി. ആയിരത്തിലേറെപ്പേരാണ് സുപ്രധാന ജീവിതാനുഭവമായി പ്രദര്‍ശനത്തെ വിലയിരുത്തി രജിസ്റ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബസമേതമാണ് വൈകുന്നേരങ്ങളില്‍ ആളുകള്‍ എത്തുന്നത്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ പ്രദര്‍ശനം കണ്ടുകഴിഞ്ഞ ശേഷമേ മറ്റുകാര്യങ്ങളിലേക്ക് തിരിയുന്നുള്ളൂ.
അഞ്ചു ഭാഗങ്ങളിലുള്ള പ്രദര്‍ശനം വീക്ഷിച്ചശേഷം സംഘാടകര്‍ ഒരുക്കിയിട്ടുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് ചോദ്യാവലിക്ക് ഉത്തരം നല്‍കാനും വന്‍ തിരക്കായിരുന്നു. കൂടുതല്‍ ശരിയുത്തരങ്ങള്‍ ലഭിക്കുന്നതിനാല്‍ നറുക്കിട്ടെടുത്ത് മൂന്നു വിജയികളെ കണ്ടെത്തുകയാണ്. പ്രദര്‍ശന നഗരിയിലെ വിവിധ സ്റ്റാളുകളിലും തിരക്കാണ്. ബുധനാഴ്ചത്തെ വിജയികള്‍ : വി വി ആസിഫ് (വലിയാറമ്പത്ത് വയലില്‍ , ഉള്ള്യേരി), കെ ബീനീഷ് (കരിപാല്‍ ,ഒളവണ്ണ), എം ടി റഷീദ്(എംടി വീട്, മാളികപറമ്പ്, കുണ്ടുങ്ങല്‍) എന്നിവര്‍ വിജയികളായി. വ്യാഴാഴ്ച ടണ്‍ഹാളില്‍ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കും.
സഹകാരികളുടെ കുടുംബസംഗമം പിണറായി ഉദ്ഘാടനം ചെയ്യും
പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭഭാഗമായി 23-ന് രാവിലെ 10 ന് സഹകാരികളുടെ കുടുംബ സംഗമം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.എം മെഹബൂബ് (ചെയര്‍മാന്‍), ഇ രമേശ് ബാബു (കണ്‍വീനര്‍), സഹദേവന്‍ (ട്രഷറര്‍) എന്നിവര്‍ ഭഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു. എം മെഹബൂബ് അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണന്‍ , ഇ രമേശ് ബാബു, ടി സി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
പഴയകാല ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കും
പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭഭാഗമായി പഴയകാല ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കുന്നു. 12-ന് പകല്‍ 3 ന് ടൗണ്‍ഹാളില്‍ കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ കെ ചന്ദ്രന്‍ അധ്യക്ഷനാകും. ഗ്രന്ഥാലോകം മുന്‍ പത്രാധിപര്‍ പിരപ്പന്‍കോട് മുരളി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 1977ല്‍ പിരിച്ചുവിടപ്പെട്ട കേരള ഗ്രന്ഥശാലാ സംഘത്തിന് 1994-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിയമനിര്‍മ്മാണം വഴി കേരള ലൈബ്രറി കൗണ്‍സില്‍ എന്ന പേരില്‍ ജനകീയ സ്വഭാവം തിരിച്ചുനല്‍കിയതുവഴിയുള്ള വളര്‍ച്ചയും കൂട്ടായ്മ ചര്‍ച്ച ചെയ്യും. വൈകീട്ട് 6.30ന് "ക്ലാരകുഞ്ഞമ്മ ഓര്‍ക്കുന്നു" എന്ന കരിവെള്ളൂര്‍ മുരളിയുടെ നാടകം ഉണ്ടാവും
deshabhimani 080312
No comments:
Post a Comment