Saturday, March 24, 2012

സ്വാശ്രയ മേഖലയില്‍ മെറിറ്റ് സീറ്റില്ലാതാകും

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും കാത്തലിക് മാനേജ്മെന്റ് അസോസിയേഷനുമായി ഒത്തുകളിച്ച് സ്വാശ്രയമേഖലയില്‍ ഏകീകൃത ഫീസ് ഘടന ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ 50 ശതമാനം മെറിറ്റ് സീറ്റ് എന്ന ആശയം സര്‍ക്കാര്‍തന്നെ ഇല്ലാതാക്കി. സര്‍ക്കാര്‍ സീറ്റിലും മാനേജ്മെന്റ് സീറ്റിലും ഒരേ ഫീസ് ആണെങ്കില്‍ പിന്നെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനപരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്ന് സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടേണ്ട ആവശ്യം വരുന്നില്ല. മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശനപരീക്ഷാ പ്രഹസനത്തിന്റെ ഭാഗമായാല്‍ മതി. ഇതോടെ പ്രവേശനത്തിനുള്ള മാനദണ്ഡം മെറിറ്റ് അല്ലാതാകുകയും ചെയ്യും.

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെ ഏകീകൃത ഫീസ് 3.75 ലക്ഷം രൂപയാക്കാന്‍ ധാരണയായ സാഹചര്യത്തില്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും നിലപാട് കര്‍ക്കശമാക്കും. ഇപ്പോള്‍ പകുതിസീറ്റില്‍ 1.38 ലക്ഷം, 25,000 രൂപ എന്നിങ്ങനെയുള്ള ഫീസ് സ്ലാബ് മാറ്റാനും ഏകീകൃത ഫീസ് ആക്കാനും അവരും സമ്മര്‍ദംചെലുത്തും. അതല്ലെങ്കില്‍ മെറിറ്റ് സീറ്റിലും ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തേണ്ടി വരും. ഇതോടെ സാധാരണക്കാരും ഇടത്തരക്കാരുമായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്ടമാകും. സാമൂഹ്യനീതിയും മെറിറ്റും ഇതോടൊപ്പം അട്ടിമറിക്കപ്പെടും.

എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലെ കോളേജുകളില്‍ ഈ വര്‍ഷം 5,000 രൂപവീതം വര്‍ധിപ്പിക്കാനും രഹസ്യധാരണയായിട്ടുണ്ട്. എന്നാല്‍ , കരാര്‍ ഒപ്പിട്ടിട്ടില്ല. കാത്തലിക് മാനേജ്മെന്റുകള്‍ക്ക് ഏകീകൃത ഫീസ് ആയി 75,000 രൂപയായി സര്‍ക്കാര്‍ അംഗീകരിച്ചതോടെ മറ്റ് മാനേജ്മെന്റുകള്‍ വീണ്ടും വില പേശും. ഇത് ആ കോളേജുകളിലെ 50 ശതമാനം മെറിറ്റും ഇല്ലാതാക്കും.

കഴിഞ്ഞ ആറ് വര്‍ഷമായി ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനും കാത്തലിക്ക് മാനേജ്മെന്റ് അസോസിയേഷനും കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകളും 11 എന്‍ജിനിയറിങ് കോളേജും ഒഴികെയുള്ള 11 മെഡിക്കല്‍ കോളേജുകളിലും 116 എന്‍ജിനിയറിങ് കോളേജുകളിലും 50 ശതമാനം മെറിറ്റ് സീറ്റീല്‍ കുറഞ്ഞ ഫീസ് നിരക്കിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 11 മെഡിക്കല്‍ കോളേജുകളിലെ പകുതി സീറ്റില്‍ കഴിഞ്ഞ വര്‍ഷം 25,000 രൂപ, 1,38,000 രൂപ എന്നിങ്ങനെ രണ്ട് സ്ലാബുകളിലായാണ് ഫീസിളവ് നല്‍കിയത്. പകുതിസീറ്റിന്റെ 70 ശതമാനത്തിന് 1,38,000വും 30 ശതമാനത്തിന് 25,000വുമായിരുന്നു ഫീസ്. എന്നാല്‍ , അതിന് തൊട്ട് മുന്‍വര്‍ഷം 60 ശതമാനം സീറ്റില്‍ മാത്രമായിരുന്നു 1,38,000 ഫീസ്. ഈ സര്‍ക്കാര്‍ പത്ത് ശതമാനത്തിന് കൂടി ഫീസ് വര്‍ധിപ്പിച്ച് നല്‍കിയ വകയില്‍ നടപ്പ് അധ്യയന വര്‍ഷം മാനേജ്മെന്റുകളുടെ അമിതലാഭം മൂന്ന് കോടിയിലേറെയായിരുന്നു. എന്‍ജിനിയറിങ് കോളേജുകളിലെ മെറിറ്റ് സീറ്റിലെ ഫീസ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 35,000 രൂപ മാത്രമായിരുന്നു. മാനേജ്മെന്റ് സീറ്റിലെ ഫീസ് 99,000 രൂപ. യുഡിഎഫ് സര്‍ക്കാര്‍ വന്ന ഉടനെ മെറിറ്റ് ഫീസ് ഒറ്റയടിക്ക് 60,000 രൂപയാക്കി. മാനേജ്മെന്റ് ഫീസ് 1,35,000 രൂപയും. കഴിഞ്ഞ വര്‍ഷത്തെ ഫീസ് വര്‍ധനയിലൂടെ മാത്രം 15 കോടിരൂപയാണ് മാനേജ്മെന്റുകള്‍ കൊള്ളയടിച്ചത്.
(എം രഘുനാഥ്)

ക്രിസ്ത്യന്‍ മാനേജ്മെന്റ് കൊള്ളയ്ക്ക് സര്‍ക്കാര്‍ ഒത്താശ: എം എ ബേബി

ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനും കാത്തലിക് മാനേജ്മെന്റ് അസോസിയേഷനും കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിങ് കോളേജുകളില്‍ ഏകീകൃതഫീസ് ഏര്‍പ്പെടുത്താന്‍ ധാരണയാകുന്നതിലൂടെ വിദ്യാര്‍ഥികളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് എം എ ബേബി നിയമസഭയില്‍ വ്യക്തമാക്കി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏവരും അംഗീകരിച്ചതാണ് 50 ശതമാനം മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസും മെറിറ്റും സാമൂഹ്യ നീതിയും എന്നത്. ഇതിന് വഴങ്ങാത്തതുകൊണ്ടാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ -കാത്തലിക് മാനേജ്മെന്റ് അസോസിയേഷന്‍ എന്നിവയുമായി മുന്‍ സര്‍ക്കാര്‍ ധാരണയിലെത്താതിരുന്നത്. ഇപ്പോള്‍ ഏകീകൃത ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ട് ധാരണയിലെത്തുന്നത് അപമാനകരവും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടുമുള്ള വഞ്ചനയുമാണ്. കഴിഞ്ഞ വര്‍ഷം എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണപ്രകാരം എന്‍ജിനിയറിങ് മാനേജ്മെന്റുകള്‍ക്ക് ഓരോ സീറ്റിനും 25,000 രൂപ വീതമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചുകൊടുത്തത്. ഇപ്പോള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുമായി ഒത്തുകളിച്ചതോടെ മറ്റ് മാനേജ്മെന്റുകളും പുതിയ ആവശ്യങ്ങളുമായി രംഗത്തുവരും. അതോടെ 50 ശതമാനം മെറിറ്റ് സീറ്റ്, കുറഞ്ഞ ഫീസ്, സാമൂഹ്യ നീതി തുടങ്ങിയവ പൂര്‍ണമായും അട്ടിമറിക്കപ്പെടുമെന്നും ബേബി പറഞ്ഞു.

deshabhimani 240312

1 comment:

  1. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും കാത്തലിക് മാനേജ്മെന്റ് അസോസിയേഷനുമായി ഒത്തുകളിച്ച് സ്വാശ്രയമേഖലയില്‍ ഏകീകൃത ഫീസ് ഘടന ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ 50 ശതമാനം മെറിറ്റ് സീറ്റ് എന്ന ആശയം സര്‍ക്കാര്‍തന്നെ ഇല്ലാതാക്കി. സര്‍ക്കാര്‍ സീറ്റിലും മാനേജ്മെന്റ് സീറ്റിലും ഒരേ ഫീസ് ആണെങ്കില്‍ പിന്നെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനപരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്ന് സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടേണ്ട ആവശ്യം വരുന്നില്ല. മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശനപരീക്ഷാ പ്രഹസനത്തിന്റെ ഭാഗമായാല്‍ മതി. ഇതോടെ പ്രവേശനത്തിനുള്ള മാനദണ്ഡം മെറിറ്റ് അല്ലാതാകുകയും ചെയ്യും.

    ReplyDelete