Saturday, March 24, 2012

ആശുപത്രി വിട്ട യുവജനനേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കല്‍പ്പറ്റ: പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ നേതാക്കളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ചെയ്ത ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം മധു, പ്രസിഡന്റ് കെ ഷമീര്‍ , ട്രഷറര്‍ പി എം സന്തോഷ്കുമാര്‍ , ജില്ലാ കമ്മറ്റി അംഗം വി ഹാരീസ് എന്നിവരെയാണ് കല്‍പ്പറ്റ പൊലിസ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇവരെ കല്‍പ്പറ്റ ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് വൈത്തിരി ജയിലിലടച്ചു.

പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നതിനിടെയാണ് പൊലീസ് യുവനേതാക്കളെ മര്‍ദിച്ച് അവശരാക്കിയത്. എന്നിട്ടും കലിയൊടുങ്ങാതെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ചെയ്തശേഷം ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് നഗരത്തിലെ ഒരു ഹോട്ടലിന് മുമ്പില്‍നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ ഇവര്‍ക്കെതിരെ പത്തോളം വകുപ്പുകളിലാണ് കേസെടുത്തത്. പരിക്ക് പൂര്‍ണമായും ഭേദമാകാത്തത് അവഗണിച്ചാണ് തീവ്രവാദികള്‍ക്ക് നല്‍കുന്ന പരിഗണന പോലും നല്‍കാതെ പൊലീസ് നടപടി. പൊലീസ് മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന ഹാരിസിന്റെ ആരോഗ്യനില ഇനിയും മെച്ചപ്പെട്ടിട്ടില്ല. ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരെ ഉപദ്രവിച്ച് പരിക്കേല്‍പ്പിച്ചുവെന്നതുള്‍പ്പെടെയുള്ള കള്ളക്കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്. എന്നാല്‍ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എം മധുവിന്റെ മുഖത്ത് ഡിവൈഎസ്പിയാണ് ലാത്തികൊണ്ട് അടിച്ചത്. നിലത്തുവീണ മധുവിനെ പൊലീസ് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. അവശനായ മധുവിനെ പ്രവര്‍ത്തകര്‍ പിന്നീട് എടുത്താണ് വണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ചത്.

deshabhimani 240312

1 comment:

  1. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ നേതാക്കളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ചെയ്ത ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം മധു, പ്രസിഡന്റ് കെ ഷമീര്‍ , ട്രഷറര്‍ പി എം സന്തോഷ്കുമാര്‍ , ജില്ലാ കമ്മറ്റി അംഗം വി ഹാരീസ് എന്നിവരെയാണ് കല്‍പ്പറ്റ പൊലിസ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇവരെ കല്‍പ്പറ്റ ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് വൈത്തിരി ജയിലിലടച്ചു.

    ReplyDelete