Thursday, March 8, 2012

ആത്മവിശ്വാസത്തോടെ അമരക്കാരന്‍

പിറവം ഉപതെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. ഇനി പ്രചാരണം എട്ടു ദിവസം മാത്രം. ഇരുമുന്നണികളുടെയും ഉന്നത നേതാക്കള്‍വരെ പ്രചാരണത്തില്‍ സജീവമാണ്. വരുംദിവസങ്ങളില്‍ പോരാട്ടത്തിന്റെ ശക്തിയേറും. ചിട്ടയായ പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫ് മുന്നിലാണ്. ഈ പ്രചാരണ കാലയളവില്‍ ജീവിതം ഇതുമാത്രമാക്കിയ മൂവായിരത്തില്‍പ്പരം പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനുണ്ട്. അര്‍പ്പണബോധമുള്ള പ്രവര്‍ത്തകര്‍ നിറഞ്ഞ എല്‍ഡിഎഫ് സംവിധാനത്തെ പണക്കൊഴുപ്പുകൊണ്ടാണ് യുഡിഎഫ് നേരിടുന്നത്. ബിജെപിയും പ്രചാരണത്തില്‍ സജീവമാണ്. എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ അമരക്കാരന്‍ സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്‍ വര്‍ധിത ആത്മവിശ്വാസത്തിലാണ്.

"ഒരോ പ്രഭാതവും എല്‍ഡിഎഫിന് ശുഭവാര്‍ത്തയുടേതാണ്"-ദേശാഭിമാനിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. "കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികവാര്‍ന്ന പ്രവര്‍ത്തനം, അക്കാലത്തെ എംഎല്‍എ എന്ന നിലയില്‍ എം ജെ ജേക്കബ് വികസന പ്രവര്‍ത്തനരംഗത്തു നടത്തിയ മുന്നേറ്റം എന്നിവ പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. യുഡിഎഫ് ഇതിനെതിരെ വളരെയധികം പ്രചാരണം നടത്തിയിട്ടും ഏശുന്നില്ല. ജനങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങളുണ്ട്. പിറവം കാര്‍ഷിക മേഖലയാണ്. ഈ തെരഞ്ഞെടുപ്പുവേളയില്‍പോലും വളത്തിന്റെ വില എത്രയോ വര്‍ധിച്ചു. കര്‍ഷകന്‍ എങ്ങനെ കൃഷിയില്‍ പിടിച്ചുനില്‍ക്കും? കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 46 കൃഷിക്കാര്‍ ആത്മഹത്യചെയ്തു. ഉല്‍പ്പന്നവില ഇടിയുന്നു; ഉല്‍പ്പാദനച്ചെലവ് പെരുകുന്നു. വലിയ പ്രതിസന്ധിയിലേക്കാണ് കൃഷിക്കാര്‍ പോകുന്നത്. ഇത് നേരിട്ട് അനുഭവിക്കുന്നവര്‍ ഇതിന് ഉത്തരവാദികളായവരെ അനുകൂലിക്കുമൊ?"

? അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം ഇവിടെ പ്രതിഫലിക്കുമൊ.

= എ കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇനി ഇവിടെ വന്ന് എന്തുപറയും? അവരുടെ പ്രചാരണത്തിന്റെ പ്രസക്തിതന്നെ ഇല്ലാതായില്ലേ. കോണ്‍ഗ്രസ് തകര്‍ന്നു. ഭരണത്തില്‍ കോണ്‍ഗ്രസ് വേണ്ട എന്നാണ് ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ സന്ദേശം. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ അവര്‍ക്ക് കേരളത്തിലെ പിള്ളഗ്രൂപ്പിന്റെയത്ര സ്വാധീനമേ ഉള്ളൂ എന്നാണ് തെളിഞ്ഞിരിക്കുന്നത്.

? സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരിനെ പൊതുവെ എങ്ങനെ വിലയിരുത്തുന്നു.

= കര്‍ഷകര്‍ അനുഭവിക്കുന്നത് പറഞ്ഞല്ലൊ. കേരളജനത വലിയ ഗതികേടിലായിരിക്കുന്നു. ഒമ്പതുമാസംകൊണ്ട് വൈദ്യുതിരംഗം താറുമാറാക്കി. പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലേക്കു പോകുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതിന്റെ അറ്റത്തു പിടിച്ച് വികസനം... വികസനം... എന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് അനക്കമൊന്നുമില്ല. കൊച്ചി മെട്രോയ്ക്ക് ഇതുവരെ അനുമതി നേടാന്‍ കഴിഞ്ഞിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറി എല്‍ഡിഎഫ് 5000 കോടി രൂപയുടേതാക്കി നിശ്ചയിപ്പിച്ചതാണ്. അതിപ്പോള്‍ 550 കോടിയുടേതാക്കി കുറച്ചു. ഉമ്മന്‍ചാണ്ടി പറയുന്നത് തുക പിന്നീട് വര്‍ധിപ്പിക്കുമെന്നാണ്. എന്തിനാണ് പിന്നീടാക്കിയത്? തുടക്കംതന്നെ 5000 കോടിയുടേതാണെന്നു തീരുമാനിക്കുകയും ബജറ്റ്വിഹിതം അനുവദിക്കുകയും ചെയ്തതാണ്. പിന്നെന്തിന് 550 കോടിയുടേതായി കുറച്ചു. ജനങ്ങളെ പറ്റിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്.

? എല്‍ഡിഎഫ് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു എന്ന് രമേശ് ചെന്നിത്തല ആക്ഷേപിക്കുന്നു.

= വെള്ളം കലക്കിക്കൊണ്ടിരിക്കുന്നത് യുഡിഎഫ് ആണ്. സഭാ തര്‍ക്കം മൂര്‍ച്ഛിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. പ്രശ്നം വഷളാക്കുകയാണ് അവര്‍ ചെയ്യുന്നത്. വൈദികരെ മര്‍ദിക്കല്‍ , അവരുടെ ആസ്ഥാനമന്ദിരം ആക്രമിക്കല്‍ ... ഇതെല്ലാം യുഡിഎഫ് ഭരിക്കുന്ന കാലത്തെ അനിഷ്ടസംഭവങ്ങളാണ്. യുഡിഎഫ് അധികാരത്തില്‍വന്നപ്പോഴെല്ലാം വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച ചരിത്രമേയുള്ളു.

? സഭകളുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായം.

= വോട്ടവകാശം പൗരാവകാശമാണെന്ന നിലപാട് അവര്‍ പ്രഖ്യാപിച്ചിരിക്കയാണ്. സ്വാഗതാര്‍ഹമാണിത്. യുഡിഎഫ് വലിയ അങ്കലാപ്പിലായിട്ടുണ്ട്.

? എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കളുടെ നിലപാടുകളെ ക്കുറിച്ച്.

= എന്‍എസ്എസ് നേതൃത്വം കഴിഞ്ഞപ്രാവശ്യം രഹസ്യമായി സ്വീകരിച്ച നിലപാട് ഇക്കുറി പരസ്യമാക്കിയെന്നേയുള്ളു. പുതിയതായി ഒന്നുമില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവന ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖാനംചെയ്തു എന്നേയുള്ളു.

? യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ മന്ത്രിയാക്കുമെന്നാണ് വാഗ്ദാനം.

= ഉണ്ടായ മന്ത്രിസഭ എന്തുചെയ്തു? അവര്‍ ചെയ്തതാണ് നേരത്തെ വിവരിച്ചത്.

? എല്‍ഡിഎഫിന്റെ കൂടുതലായ അനുകൂല ഘടകങ്ങള്‍ എങ്ങനെ വിലയിരുത്തും.

= നേരത്തെ പറഞ്ഞതില്‍ ഇതും ഉണ്ട്. യുഡിഎഫ് നിരായുധരാണ്. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് അവര്‍ തുടങ്ങിയത്. പക്ഷേ, എം ജെ നേട്ടങ്ങള്‍ നിരത്തിയപ്പോള്‍ യുഡിഎഫിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏതാനും ബൂത്തുകള്‍ എല്‍ഡിഎഫിനോട് പുറം തിരിഞ്ഞുനിന്നിരുന്നു. ഇക്കുറി അവിടങ്ങളില്‍ വിസ്മയകരമായ മുന്നേറ്റമാണ് കാണുന്നത്.

? അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് എല്‍ഡിഎഫ് നിരന്തരമായി പരാതി ഉന്നയിച്ചിട്ടുണ്ടല്ലോ. ഇപ്പോഴും അതു തുടരുന്നുണ്ടോ.

= അധികാര ദുര്‍വിനിയോഗം ഇത്രയധികം നടന്ന തെരഞ്ഞെടുപ്പ് കേരള ചരിത്രത്തില്‍ വേറെയുണ്ടാകില്ല. കള്ളവോട്ട് ചേര്‍ത്താണ് യുഡിഎഫ് തുടക്കമിട്ടത്. അവരുടെ നാലായിരത്തോളം കള്ളവോട്ട് അപേക്ഷ എല്‍ഡിഎഫിന്റെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് തള്ളേണ്ടിവന്നു. ഇപ്പോള്‍ മന്ത്രിമാര്‍ വീടുവീടാന്തരം കയറിയിറങ്ങി വാഗ്ദാനങ്ങള്‍ ചൊരിയുകയാണ്. കോടിക്കണക്കിനു രൂപയാണ് യുഡിഎഫ് ഇറക്കുന്നത്. മന്ത്രിമാരുടെ വാഹനവ്യൂഹത്തിന്റെ ചെലവുതന്നെ വിസ്മയകരമാണ്. ഇതിന്റെ ചെറിയൊരു ഭാഗം പാവങ്ങള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ അവര്‍ പുരകെട്ടി കിടന്നേനെ.

? സിപിഐ പ്രചാരണത്തിന് വേണ്ടവിധമില്ലെന്ന് മാതൃഭൂമിപത്രം കഴിഞ്ഞദിവസം വാര്‍ത്ത കൊടുത്തിരുന്നു.

= അതു മാത്രമല്ലല്ലൊ, യുഡിഎഫ് ജയിച്ചുവെന്ന് അവര്‍ ഇപ്പോഴേ പ്രഖ്യാപിച്ചല്ലൊ. ഇത്തരം നുണകള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ല. സിപിഐയുടെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലത്തില്‍ അഹോരാത്രം പണിയെടുക്കുകയാണ്. സത്യസന്ധതയുടെ ലവലേശം ഉണ്ടെങ്കില്‍ ആ പത്രം അങ്ങനെ എഴുതില്ലായിരുന്നു.

പി ജയനാഥ് deshabhimani 080312

1 comment:

  1. പിറവം ഉപതെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. ഇനി പ്രചാരണം എട്ടു ദിവസം മാത്രം. ഇരുമുന്നണികളുടെയും ഉന്നത നേതാക്കള്‍വരെ പ്രചാരണത്തില്‍ സജീവമാണ്. വരുംദിവസങ്ങളില്‍ പോരാട്ടത്തിന്റെ ശക്തിയേറും. ചിട്ടയായ പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫ് മുന്നിലാണ്. ഈ പ്രചാരണ കാലയളവില്‍ ജീവിതം ഇതുമാത്രമാക്കിയ മൂവായിരത്തില്‍പ്പരം പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനുണ്ട്. അര്‍പ്പണബോധമുള്ള പ്രവര്‍ത്തകര്‍ നിറഞ്ഞ എല്‍ഡിഎഫ് സംവിധാനത്തെ പണക്കൊഴുപ്പുകൊണ്ടാണ് യുഡിഎഫ് നേരിടുന്നത്. ബിജെപിയും പ്രചാരണത്തില്‍ സജീവമാണ്. എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ അമരക്കാരന്‍ സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജന്‍ വര്‍ധിത ആത്മവിശ്വാസത്തിലാണ്.

    ReplyDelete