ഒന്നാം യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് അതിജീവിച്ചത് കോടികള്‍ കോഴപ്പണമായി ഒഴുക്കിയാണെന്ന വിക്കിലീക്സ് വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചു. വിക്കിലീക്സ് വെളിപ്പെടുത്തല്‍ വിശ്വാസത്തിലെടുക്കാനാകില്ലെന്ന നിലപാടില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയില്‍ വിശദീകരണം തേടാന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അവസരം നിഷേധിച്ചു. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞതോടെ സഭ അടുത്ത ദിവസം ചേരുന്നതിനായി പിരിഞ്ഞെന്ന്സഭാധ്യക്ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.
വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇരുസഭകളിലും നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സംശുദ്ധി തെളിയിക്കണമെന്നും സിപിഐ എം ലോക്സഭാനേതാവ് ബസുദേവ് ആചാര്യ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഉചിത ഏജന്‍സിയെവച്ച് ആരോപണങ്ങള്‍ അന്വേഷിക്കണം. ഇന്തോ- അമേരിക്ക ആണവകരാറിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി വാക്കുമാറ്റിയതുകൊണ്ടാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. കരാറുമായി മുന്നോട്ടുപോകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പിന്നീട് അമേരിക്കന്‍ സമ്മര്‍ദത്തെതുടര്‍ന്ന് നിലപാട് മാറ്റി. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായി. പിന്നീട് കൃത്രിമമായി ഭൂരിപക്ഷം സൃഷ്ടിച്ചു. വിശ്വാസവോട്ടെടുപ്പില്‍നിന്ന് എന്‍ഡിഎ സഖ്യത്തിലുള്ള 19 എംപിമാര്‍ വിട്ടുനിന്നു. സംശയകരമായ സാഹചര്യത്തില്‍ അന്ന് വിട്ടുനിന്ന എംപിമാരിലൊരാളാണ് ഇന്നത്തെ കേന്ദ്രറെയില്‍മന്ത്രി. വോട്ടുകോഴ അന്വേഷിച്ച ലോക്സഭാ സമിതി കൂടുതല്‍ അന്വേഷണം വേണമെന്ന് ശുപാര്‍ശചെയ്തിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാകണം- ബസുദേവ് ആചാര്യ പറഞ്ഞു.
കുറ്റങ്ങളെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്ന രീതിയാണ് പ്രധാനമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് സുഷമസ്വരാജ് പറഞ്ഞു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ കൃഷിമന്ത്രി ശരത്പവാറിനെ കുറ്റപ്പെടുത്തുന്നു. 2ജി അഴിമതിയില്‍ എ രാജയാണ് ഉത്തരവാദിയെന്നു പറയുന്നു. കോമണ്‍വെല്‍ത്ത് അഴിമതിയില്‍ കല്‍മാഡിയെ കുറ്റപ്പെടുത്തുന്നു. ഇത്തരം വിശദീകരണം കേട്ട് ജനം മടുത്തു- സുഷമ പറഞ്ഞു. കപില്‍സിബല്‍ , പി കെ ബന്‍സല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വിവാദം ബിജെപി സൃഷ്ടിയാണെന്നു സ്ഥാപിക്കാന്‍ വിഫലശ്രമം നടത്തി. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി പഴയ നിലപാടുകള്‍ ആവര്‍ത്തിച്ചു. വിക്കിലീക്സ് വെളിപ്പെടുത്തല്‍ ആധികാരികമല്ലെന്നും വോട്ടുകോഴ അന്വേഷിച്ച ലോക്സഭാ സമിതിതന്നെ ആക്ഷേപങ്ങള്‍ തള്ളിയിട്ടുള്ളതാണെന്നും മന്‍മോഹന്‍സിങ് അവകാശപ്പെട്ടു.
deshabhimani 240312
എന്തോന്നാണ് ഇനി അന്വേഷിക്കാന്‍ ഉള്ളത് എല്ലാവരും കണ്ടതല്ലേ.....
ReplyDeleteജനാതിപത്യം എന്നാല്‍ അഴിമതി എന്ന് തെളിയിച്ചല്ലോ...
പാവപെട്ട ജനങ്ങളല്ലേ അനുഫവിക്കുന്നത്....