Thursday, March 8, 2012

ദേശീയപദ്ധതി ജനശ്രീവഴിയാക്കാനുള്ള നീക്കം അഴിമതിക്ക്: ഐസക്

പിറവം: ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ 1100 കോടി രൂപയുടെ പദ്ധതി കുടംബശ്രീയെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ നേതൃത്തിലുള്ള "ജനശ്രീ"വഴി നടപ്പാക്കാനുള്ള മന്ത്രി കെ സി ജോസഫിന്റെ നീക്കം കൊടിയ അഴിമതി ലക്ഷ്യംവച്ചാണെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം തെരഞ്ഞെടുത്തത് കുടുംബശ്രീയെയാണ്. കേന്ദ്ര ഗ്രാമവികസനമന്ത്രിതന്നെ ഇക്കാര്യം പലതവണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ , കെ സി ജോസഫ് പറയുന്നത് കുടുംബശ്രീക്ക് ഈ പദ്ധതി ഏറ്റെടുക്കാന്‍ കെല്‍പ്പില്ലെന്നാണ്. പകരം അദ്ദേഹം നിയോഗിക്കുന്നത് എം എം ഹസ്സന്റെ ജനശ്രീയെയാണ്. തുലോം ദുര്‍ബലമായ സംഘടനയാണ് ജനശ്രീ. അതുകൊണ്ടു തന്നെ കുടുംബശ്രീയെ ഒഴിവാക്കി ജനശ്രീയെ പദ്ധതി ഏല്‍പ്പിക്കാനുള്ള മന്ത്രിയുടെ നീക്കം വെട്ടിപ്പു നടത്താനാണെന്നു വ്യക്തമാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ മാറ്റിവച്ച 100 കോടി രൂപ നല്‍കാതെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്തംഭിപ്പിച്ചു. കുടുംബശ്രീക്ക് അനുവദിച്ചതില്‍ 50 കോടി ജനശ്രീക്കു കൈമാറാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പലിശ സബ്സിഡി ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഇതുകാരണം തടസ്സപ്പെട്ടു. ബാങ്കുകള്‍ക്ക് സബ്സിഡി നല്‍കി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി നാലു ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ അംഗങ്ങള്‍ക്കു നല്‍കിയിരുന്ന വായ്പകളുടെ പരമാവധി പലിശ 12 ശതമാനമായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ , ഇപ്പോള്‍ ബാങ്കുകള്‍ 12 മുതല്‍ 15 ശതമാനംവരെ പലിശയാണ് ആവശ്യപ്പെടുന്നത്. തൊഴിലുറപ്പുപദ്ധതിയില്‍നിന്ന് കുടുംബശ്രീയെ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കുടുംബശ്രീ എഡിഎസ് എക്സിക്യൂടീവ്കമ്മിറ്റി അംഗങ്ങളെ തൊഴിലുറപ്പുപദ്ധതികളില്‍നിന്ന് ഒഴിവാക്കി ജനശ്രീ അംഗങ്ങളെയും കരാറുകാരെയും കൊണ്ടുവരാനാണു ശ്രമം. കുടുംബശ്രീ സംസ്ഥാന മിഷനിലും ജില്ലാ മിഷനുകളിലും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ മാര്‍ച്ച് 31നകം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പകരം ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടി പൂര്‍ത്തിയായിട്ടില്ല. കുടുംബശ്രീയെ സ്വാഭാവിക മരണത്തിലേക്കു തള്ളിയിടാനുള്ള സര്‍ക്കാര്‍ശ്രമത്തിന് കുടുംബശ്രീ പദ്ധതിയുടെ ഗുണഭോക്താക്കളായ വോട്ടര്‍മാര്‍ പിറവത്ത് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 080312

1 comment:

  1. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ 1100 കോടി രൂപയുടെ പദ്ധതി കുടംബശ്രീയെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ നേതൃത്തിലുള്ള "ജനശ്രീ"വഴി നടപ്പാക്കാനുള്ള മന്ത്രി കെ സി ജോസഫിന്റെ നീക്കം കൊടിയ അഴിമതി ലക്ഷ്യംവച്ചാണെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം തെരഞ്ഞെടുത്തത് കുടുംബശ്രീയെയാണ്. കേന്ദ്ര ഗ്രാമവികസനമന്ത്രിതന്നെ ഇക്കാര്യം പലതവണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ , കെ സി ജോസഫ് പറയുന്നത് കുടുംബശ്രീക്ക് ഈ പദ്ധതി ഏറ്റെടുക്കാന്‍ കെല്‍പ്പില്ലെന്നാണ്. പകരം അദ്ദേഹം നിയോഗിക്കുന്നത് എം എം ഹസ്സന്റെ ജനശ്രീയെയാണ്. തുലോം ദുര്‍ബലമായ സംഘടനയാണ് ജനശ്രീ. അതുകൊണ്ടു തന്നെ കുടുംബശ്രീയെ ഒഴിവാക്കി ജനശ്രീയെ പദ്ധതി ഏല്‍പ്പിക്കാനുള്ള മന്ത്രിയുടെ നീക്കം വെട്ടിപ്പു നടത്താനാണെന്നു വ്യക്തമാണ്.

    ReplyDelete